തിരുവനന്തപുരം: യുപിയില്‍ പോലീസ് തടലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് വേണ്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്. കാപ്പന്റെ ചികിത്സ നല്കാന് യോഗി നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാപ്പന് ഹൃദ്രോഗവും പ്രമേഹവുമുണ്ട്, മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നു.
സമൂഹത്തിനും മാധ്യമ ലോകത്തിനും വിഷയത്തില്‍ ആശങ്കയുണ്ട്. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും പിണറായി കത്തില്‍ പറയുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാപ്പന്റെ ഭാര്യ രംഗത്തുവന്നിരുന്നു. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കേരളത്തില്‍ നിന്നുള്ള 11 യുഡിഎഫ് എംപിമാരും കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: