ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അദാനി ഗ്രൂപ്പും. ഇന്ത്യയിലെ അടിയന്തിര സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൗദി വാഗ്ദാനം ചെയ്തിരുന്നു. ഇത് എത്തിച്ചു നല്‍കുന്നതിനാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. എം.എസ്. ലിന്‍ഡെ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിരോധങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ടാറ്റാ ഗ്രൂപ്പ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നീ കോര്‍പ്പറേറ്റ് കമ്പനികളും മുന്നോട്ട് വന്നിരുന്നു അതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പും എത്തിയിരിക്കുന്നത്. രാജ്യത്തെ ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് നല്‍കാനാണ് ഇപ്പോള്‍ തീരുമാനം.
5000 ഓക്സിജന്‍ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളുമാണ് അടുത്ത ദിവസങ്ങളിലായി രാജ്യത്തെത്തിക്കുക. ഇതിന്റെ ഭാഗമായി 80 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ നിറച്ച നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളുടെ ആദ്യ ഷിപ്പ്മെന്റ് സൗദി അറേബ്യയിലെ ദമാമില്‍ നിന്നും പുറപ്പെട്ടുകഴിഞ്ഞു. ഉടന്‍ തന്നെ അവ ഗുജറാത്തിലെത്തും.
സൗദിയിലെ ലിന്‍ഡെയില്‍ നിന്നും 5000 മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കാനാണ് അടുത്ത തീരുമാനം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു . കൂടാതെ എല്ലാ ദിവസവും മെഡിക്കല്‍ ഓക്സിജന്‍ നിറച്ച 1500 ഓക്സിജന്‍ സിലിണ്ടറുകള്‍ ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതായും ഗൗതം അദാനി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: