ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ കര്‍ണാടക സംഗീത വിഭാഗം പുരസ്ക്കാരം കലാഗ്രാമമായ ആനയടിയിലേക്ക് എത്തിച്ചത് പ്രശസ്ത സംഗീത വിദ്വാന് ആനയടി പ്രസാദ്. ശാസ്ത്രീയ സംഗീത രംഗത്തെ കഴിഞ്ഞ നാലു പതിറ്റാണ്ടിലെ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്കാരം.
ഹരിശ്രീ കുറിച്ചത് സ്വന്തം ജ്യേഷ്ഠനില്‍ നിന്ന്
1964ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച പ്രസാദ് സംഗീതത്തെ ജീവിതത്തോട് ചേര്‍ത്തുപിടിച്ചു. ആദ്യഷരങ്ങള് പകര്‍ന്നത് ജ്യേഷ്ഠനായ ആനയടി പങ്കജാക്ഷന്. തുടര്‍ന്ന് സ്വാതിതിരുനാള്‍ കോളജില്‍ എഴു വര്‍ഷത്തെ പഠനം, എംജി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം, തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ അഡ്വാന്‍സ് സ്റ്റഡി ഒപ്പം വെച്ചൂര്‍ ഹരിഹര സുബ്രഹ്മണ്യയ്യര്‍, കുമാര കേരളവര്‍മ, ബി. ശശികുമാര്‍, ട്രിച്ചി ഗണേഷ് തുടങ്ങിയവരില്‍ നിന്ന് തുടര്‍ പരിശീലനം.
പഠന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കലാപഠന സാദ്ധ്യതകള്‍ എപ്രകാരം പ്രയോജനപ്പെടുത്താം, പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ച് സ്കൂള്‍ കലാവിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്താം എന്നിങ്ങനെയുള്ള ഗവേഷണങ്ങളും പ്രസാദ് നടത്തുകയുണ്ടായി. പെരിനാട് ഗ്രാമ പഞ്ചായത്ത് കലാഗ്രാമം, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കലാഗ്രാമം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയുണ്ടായി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനായി ‘പൂത്തിരി’ ഓഡിയോ സിഡി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കവിതകള്‍ കോര്‍ത്തിണക്കി ‘സമന്വയം’ ഓഡിയോ സിഡി, ‘ധ്യാനമേ ഗതി’ എന്ന ക്ലാസിക്കല്‍ കൃതികളുടെ സിഡി ഇവയെല്ലാം കലയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തങ്ങളാണ്.
അംഗീകാരങ്ങളും നേട്ടങ്ങളും
അദ്ധ്യാപക കലാസാഹിതി അവാര്‍ഡ് (2016), തുളസീവന അവാര്‍ഡ്, മധുരഗാനസുധ അവാര്‍ഡ്, സംഗീത ശിരോമണി പുരസ്കാരം, പഞ്ചരത്ന പുരസ്കാരം, കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്, ഭാരതീയ സംസ്കൃതി സംഗീത മഞ്ച്, മലേഷ്യയില്‍ നിന്നും നാദാശ്രീ വിജയം അവാര്‍ഡ് തുടങ്ങി അദ്ദേഹത്തിലെ സംഗീത പ്രതിഭയ്ക്ക് അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ മുന്‍വര്‍ഷങ്ങളിലും ലഭിച്ചിട്ടുണ്ട്.
തന്റെ സംഗീതയാത്രയില്‍ വ്യത്യസ്തമായ തരത്തില്‍. ലളിത, സിനിമ, ശാസ്ത്രീയ ഗാനങ്ങളെ കോര്‍ത്തിണക്കി ‘നാദോപാസന’, കഥകളി സംഗീതം, ശാസ്ത്രീയസംഗീതം എന്നിവ സമ്മേളിപ്പിച്ച് ‘ഫ്യൂഷന്‍’, തീം ബേസ്ഡ് പ്രോഗ്രാം, ആകാശവാണിക്കായി നവഗ്രഹകൃതികള്‍, പഞ്ചരത്ന കൃതികള്‍, സംഗീത പാഠങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടികള്‍ എന്നിവ എടുത്തു പറയേണ്ട മറ്റൊരു മേഖലയാണ്. കോളജുകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സംഗീത സോദോഹരണ ക്ലാസുകളിലും പ്രസാദ് സജീവമാണ്.
നാടും നഗരവും താണ്ടിയുള്ള സംഗീത യാത്ര
കഴിഞ്ഞ 35 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി ധാരാളം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു വരുന്നതോടൊപ്പം കലാസാംസ്കാരിക രംഗത്ത് ധാരാളം ഇടപെടലുകളും നടത്തിവരുന്നു. കൂടാതെ കഥകളിയുടെ കേളികൊട്ടുയര്‍ന്ന കൊട്ടാരക്കരയുടെ പുണ്യഭൂമിയില്‍ കലാപഠനത്തിനായി കഴിഞ്ഞ 12 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്നു. ‘ഭാമിനി കള്‍ച്ചറല്‍ സൊസൈറ്റിയുടെ’ സ്ഥാപകനും രക്ഷാധികാരിയായും പ്രവര്‍ത്തിക്കുകയാണ്.
സംഗീത നാടക അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് വിവിധ കേന്ദ്രങ്ങളില്‍ സംഗീത പരിപാടികള്‍, ഇന്‍വയ്റ്റഡ് ഓഡിന്‍സ് പ്രോഗ്രാം, സഭ പ്രോഗ്രാമുകള്‍, മലേഷ്യ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ ആയിരക്കണക്കിന് പബ്ലിക് പെര്‍ഫോമന്‍സ്. ദൂരദര്ശന്, ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ദൃശ്യമാധ്യമങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷമായി സംഗീത പരിപാടികള്‍. കഴിഞ്ഞ നാലു പതിറ്റാണ്ടായി കര്‍ണാടക സംഗീതലോകത്തെ സജീവ പ്രതിഭ. ആയിരക്കണക്കിന് വേദികളില്‍ ഇന്ത്യയിലും വിദേശത്തുമായി തനത് ശൈലിയില്‍ നാദാധാര പൊഴിച്ച വ്യക്തി.
അധ്യാപനത്തോടൊപ്പം കലാരംഗത്തും
കലാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ അദ്ധ്യാപനരംഗത്തും സജീവമാണ് ആനയടി പ്രസാദ്. പത്തുവര്‍ഷം ഹൈസ്കൂള്‍ വിഭാഗം സംഗീത അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷം ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് (ഡയറ്റ്) കലാവിഭാഗം മേധാവിയായും അദ്ധ്യാപക പരിശീലകനായും പ്രവര്‍ത്തിച്ചു.
ആകാശവാണി, ദൂരദര്ശന് തുടങ്ങിയ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ 28 വര്‍ഷമായി ഹയര്‍ഗ്രേഡ് ആര്‍ട്ടിസ്റ്റായി പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു. സംസ്ഥാന സ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, സ്പെഷ്യല്‍ സ്കൂള്‍ കലോത്സവങ്ങള്‍ യൂണിവേഴ്സിറ്റി കലോത്സവം, മെഡിക്കോസ് കലോത്സവം ഇവയിലെ ജഡ്ജിങ് പാനല്‍ മെമ്പറായും പ്രവര്‍ത്തിക്കുന്നു.
സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സ് ആന്റ് ട്രെയിനിങ്, ന്യൂദല്‍ഹി പരിശീലകനാണ്. കേരള സ്കൂള്‍ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെ ഫോക്കസ് ഗ്രൂപ്പ് മെമ്പര്‍, ടിടിസി, ഡിഎഡ് എക്സാമിനേഷന് ചീഫ്, സെന്റര്‍ ബോര്‍ഡ് അംഗം, പ്രീ സര്‍വീസ് ഫാക്കല്‍റ്റി ഹെഡ്, വിദ്യാഭ്യാസ സബ്ജില്ലാ അക്കാദമിക കോ-ഓര്‍ഡിനേറ്റര്‍, ഹൈസ്കൂള്‍ വിഭാഗം സ്റ്റേറ്റ് കോര്‍ ടീം മെമ്പര്‍, സംസ്ഥാനതല അദ്ധ്യാപക പരിശീലന മൊഡ്യൂള്‍ നിര്‍മാതാവ്, കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളില്‍ പ്രബന്ധ അവതാരകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പൊതു വിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ധാരാളം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ആനയടി പ്രസാദ് കലാപഠനത്തിന്റെ സൈദ്ധാന്തിക അടിത്തറ സംബന്ധിച്ച ലോകത്തിന്റെ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയുള്ള ഒരു പുസ്തക രചനയിലാണ് ഈ കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ച ഈ അദ്ധ്യാപകന്. ആകാശവാണി ഹയര്‍ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായ ഇദ്ദേഹത്തിന്റെ ഭാര്യ: പദ്മജ കെ. മക്കള്‍: വിനു, കൃഷ്ണ, ഹരിറാം. മരുമകള്‍: അപൂര്‍വ കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: