കണ്ണൂര്‍: ബാലിക സദനത്തിന്റെ തണലില്‍ അനാഥത്വത്തിന്റെ ബാല്യത്തെ അതിജീവിച്ച അന്തേവാസികളുടെ സ്വന്തം സീത ടീച്ചര്‍ മാംഗല്യ നിറവില്‍. അമ്മ വിട്ടു പിരിഞ്ഞ നടുക്കം മായാതെയാണ് സീത എന്ന ആറാം വയസ്സുകാരി 2009ല്‍ ചാലാടുളള ശ്രീ മൂകാംബിക ബാലികാ സദനത്തില്‍ എത്തുന്നത്.
ഏറെ വേദന അനുഭവിക്കുന്ന ഭൂതകാലത്തിന്റെ തീക്ഷ്ണതയില്‍ നിന്നും ബാലികാ സദനത്തിന്റെ സ്നേഹമസൃണമായ അന്തരീക്ഷം ആ കൊച്ചു കുട്ടിയില്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അലകള്‍ ഉയര്‍ത്തി. ബാലികാ സദനത്തിലെ അമ്മമാരുടേയും ജീവനക്കാരുടേയും പരിചരണവും സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളുടെയും രക്ഷാകര്‍ത്തൃത്വവും ആ കുട്ടിയില്‍ സുരക്ഷിതബോധത്തിന്റെയും സ്നേഹത്തിന്റെയും സുഖദമായ അന്തരീക്ഷം സൃഷ്ടിച്ചു. പഠനം തുടര്‍ന്നു കൊണ്ടു പോകുവാനും പത്താംതരവും പ്ളസ്ടുവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കാനും ബാദികസദനത്തിലെ അന്തരീക്ഷം സീതയ്‌ക്ക് ഒരുക്കി കൊടുത്തു.
ആത്മവിശ്വാസത്തിന്റെ ചിറകിലേറി അധ്യാപക പരീശിലന കോഴ്സായ ടിടിസിയും പാസായി. തുടര്‍ന്ന് ഒരു വര്‍ഷക്കാലത്തോളം അധ്യാപക ജോലി ചെയ്തു. ബാലിക സദനത്തിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി മാറിയ അന്തേവാസികളുടെ സ്വന്തം സീത ടീച്ചര്‍ നിലവില്‍ പളളിക്കുളം ജേബീസ് കോളേജില്‍ ബിരുദ പഠനം നടത്തുകയാണ്.
ബാലികാ സദനത്തിലെ ജീവിതത്തിനിടയില്‍ കലാ-കായിക രംഗത്തോട് അതീവ താല്‍പ്പര്യം കാട്ടിയ സീത പഠന കാര്യങ്ങളിലെന്നപോലെ പാഠ്യേതര കാര്യങ്ങളിലും മികവ് പുലര്‍ത്തുകയുണ്ടായി. ബാലിക സദനത്തിലെ എഴുപതോളം കൂട്ടുകാരികളുടെ ചേച്ചിയായ ഇവര്‍ ഡാന്‍സ്, മിമിക്രി,ലളിതഗാനം,നാടകം തുടങ്ങിയവ പരിശീലിപ്പിക്കുകയും സ്വന്തം അനുജത്തിമാരെ മത്സരങ്ങള്‍ക്ക് സജ്ജരാക്കുകയും ചെയ്തു വരികയായിരുന്നു. മികച്ച പ്രഭാഷക കൂടിയായ ടീച്ചര്‍ ബാലഗോകുലത്തിന്റെ പരിപാടികളില്‍ ക്ലാസെടുത്തും മറ്റും നേതൃപരമായ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
പളളിക്കുന്ന് അറീന പോപ്പുലര്‍ വെഹിക്കിള്‍സ് എന്ന സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്ന ചാലാട് മണലിലെ കെ. വിജേഷെന്ന യുവാവാണ് സീതയുടെ കഴുത്തില്‍ നാളെ രാവിലെ ശുഭ മുഹൂര്‍ത്തത്തില്‍ നടക്കുന്ന ചടങ്ങില്‍ താലി ചാര്‍ത്തുന്നത്. ബാലഗോകുലത്തിന്റെ കണ്ണൂര്‍ താലൂക്ക് കാര്യദര്‍ശിയും മണല്‍ സേവാഭാരതി സെക്രട്ടറിയും കൂടിയാണ് വിജേഷ്.
ചാലാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശ്രീമൂകാംബിക ബാലികാ സദനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പതിനഞ്ചോളം വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് സേവന രംഗത്ത് കണ്ണൂരില്‍ ശ്രദ്ധ നേടിയ ട്രസ്റ്റാണ് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ്. അറുപതിലേറെ ബാലികമാര്‍ അധിവസിക്കുന്ന ബാലികാ സദനത്തിന് മാത്രമായി ട്രസ്റ്റിന് കീഴില്‍ കമ്മിറ്റിയും മാതൃസമിതിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഇന്ന് രാവിലെ 11 മണിക്കാണ് വിവാഹം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക