വടകര: മാഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് വര്‍ധിച്ചു. മദ്യത്തിന്റെ അധിക വില്‍പ്പന നികുതി ഒഴിവാക്കിയതോടെയാണ് മദ്യക്കടത്തില്‍ വര്‍ധനവുണ്ടായത്. അതിര്‍ത്തി ജില്ലകള്‍ കേന്ദ്രീകരിച്ച സംഘമാണ് വന്‍തോതില്‍ മദ്യം കേരളത്തിലെത്തിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് കേരളത്തിലും മാഹിയിലും മദ്യത്തിന് ഒരേ വിലയായിരുന്നു. അതിനാല്‍, മദ്യക്കടത്ത് കുറവായിരുന്നു. കഴിഞ്ഞ ദിവസം നികുതി പിന്‍വലിച്ചതോടെയാണ് വീണ്ടും മദ്യക്കടത്ത് വ്യാപകമായത്.
മാഹിയിലെ വിലയേക്കാള്‍ ഇരട്ടിയിലധികം വിലയ്ക്ക് വില്ക്കാന് കഴിയുമെന്നതുകൊണ്ട് അതിര്‍ത്തി ജില്ലകളിലേക്ക് കടത്തി വലിയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാഹിയിലെ വിലയുടെ ഇരട്ടിയായാലും കേരളത്തിലെ മദ്യത്തിന്റെ വിലയേക്കാള്‍ കുറവാണെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന മദ്യം മാഹിയില്‍ 400 രൂപയ്ക്ക് ലഭ്യമാകും. അതിനാല്‍ കേരളത്തിലെത്തിച്ചാല്‍ ഇരട്ടിയിലധികം ലാഭം.
ജില്ലാ അതിര്‍ത്തിയായ അഴിയൂരിലും വടകരയിലും നടക്കുന്ന എക്സൈസ് പരിശോധന കടന്നു കിട്ടിയാല്‍ തെക്കന്‍ ജില്ലകളിലേക്ക് മദ്യം എളുപ്പത്തില്‍ കടത്താന്‍ കഴിയുമെന്നതാണ് സംഘങ്ങളുടെ ധൈര്യം. അഴിയൂരില്‍ എക്സൈസിന്റെ സ്ഥിരം ചെക്ക്പോസ്റ്റുണ്ട്. ഇതിനു പുറമേ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സ് കേന്ദ്രീകരിക്കുന്നതും ഈ ഭാഗത്താണ്. ചെക്ക് പോസ്റ്റിനും വടകര റേഞ്ച്, സര്‍ക്കിള്‍ ഓഫീസുകള്‍ക്കുമെല്ലാം പഴയ ഓരോ വാഹനം മാത്രമാണുള്ളത്. ഇതില്‍ കടത്തു വാഹനങ്ങളെ പിന്തുടര്ന്ന് പിടിക്കാന്‍ ബുദ്ധിമുട്ടാണ്.
മദ്യം കടത്തുന്നവര് എക്സൈസിന്റെയും പോലീസിന്റെയും പിടിയില്‍പ്പെടാതിരിക്കാന്‍ പുതിയ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. മാഹിയില്‍ നിന്ന് കടല്‍ വഴിയും പുഴയിലൂടെയും തോണിയില്‍ മദ്യക്കടത്ത് നടത്തുന്നതായും രഹസ്യ വിവരമുണ്ട്. ഇത് തടയാന്‍ നേരത്തെ തീരദേശ പോലീസിന്റെ ബോട്ട് ഉപയോഗിച്ച് കടലില്‍ പട്രോളിങ് നടത്തിയിരുന്നെങ്കിലും രാത്രി കാലങ്ങളില്‍ മോട്ടോര്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളില്‍ ഇപ്പോഴും മോന്താല്‍ കരിയാട് ഭാഗങ്ങളില്‍ മദ്യക്കടത്തു തുടരുന്നുണ്ട്. റോഡു മാര്‍ഗം മദ്യം കടത്തുന്നതിന് പലപ്പോഴും സൂപ്പര്‍ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. വളരെ വേഗത്തില്‍ പോലീസിനെ വെട്ടിച്ചു കടക്കാമെന്നതിനാലാണ് ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നത്.
എന്നാല്‍, മദ്യം കടത്തുന്നവരെ പിടികൂടാന്‍ എക്സൈസ് എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ മുഹമ്മദ് ന്യൂമാന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മദ്യം കടത്തിയ കേസില്‍ വടകരയില്‍ മാത്രം രണ്ടു പേര് പിടിയിലായി. 484 കുപ്പി മദ്യവുമായി കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷും 402 കുപ്പി മദ്യവുമായി ആലപ്പുഴ സ്വദേശി ജനിലുമാണ് പിടിയിലായത്. തീരമേഖലയിലെ ജാഗ്രത ഒന്നുകൂടെ വര്‍ധിപ്പിച്ചാല്‍ തെക്കന്‍ ജില്ലകളിലേക്ക് മദ്യം വിതരണം നടത്തുന്ന കണ്ണികള്‍ അധികൃതരുടെ വലയിലാവുമെന്നു ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: