ശ്ലോകം 323
വിഷയാഭിമുഖം ദൃഷ്ട്വാ
വിദ്വാംസമപി വിസ്മൃതിഃ
വിക്ഷേപയതി ധീദോഷൈഃ
യോഷാ ജാരമിവ പ്രിയം
വിദ്വാനായാലും വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവനാണെങ്കില്‍ ആത്മവിസ്മൃതിയുണ്ടാകും. സ്ത്രീ തനിക്ക് പ്രിയപ്പെട്ട ജാരനെയെന്ന പോലെ ബുദ്ധി ദോഷങ്ങളിലകപ്പെട്ട് വലയും.
സ്ത്രീ മനോദോഷം കൊണ്ട് ജാര ചിന്തയില്‍ മുഴുകി കഷ്ടപ്പെടും പോലെ വിദ്വാനായാലും കരുതലില്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ ആത്മവിസ്മൃതിയിലേക്ക് കൊണ്ടുപോയി പാടുപെടുത്തും.
അറിവില്ലാത്തവനും വ്യാമോഹിതനുമായ ആളെ സംബന്ധിച്ചിടത്തോളം ആത്മവിസ്മൃതി സാധാരണയുണ്ടാകും. എന്നാല്‍ വിദ്വാന് തന്റെ യഥാര്‍ത്ഥ രൂപത്തെ മറക്കാന്‍ ഇടയാകരുത്.
നാം ഈശ്വരനെയൊഴിച്ച് മറ്റെല്ലാ വിഷയങ്ങളും ഒരു തടസ്സവുമില്ലാതെ നന്നായി ഓര്‍ക്കാറുണ്ട് നമ്മുടെ സ്വരൂപത്തെ നാം മറക്കുന്നതിന് ഈശ്വരന് കുറ്റക്കാരനല്ല. മനസ്സ് വിഷയമയമായിത്തീരുമ്പോള് നാം നമ്മുടെ ദിവ്യ ഭാവത്തെ മറന്ന് വ്യാമോഹിതനും അല്പനുമായ ഒരു ജീവനായിത്തീരുന്നു.
ഈശ്വരന് ഇന്ദ്രിയങ്ങളെ സൃഷ്ടിച്ചത് തന്നെ ബഹിര്മുഖമായിട്ടാണ് എന്ന് ശ്രുതി പറയുന്നു. ‘പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ…’ (കഠം).
അതിനാല്‍ ഇന്ദ്രിയങ്ങള്‍ക്ക് പിന്നില്‍ വിളങ്ങുന്ന പ്രത്യഗാത്മാവിനെ മനുഷ്യന് കാണുന്നില്ല. എന്നാല്‍ വിവേകികള്‍ അമൃതത്വത്തെ നേടാനായി ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് തിരിച്ച് പരമാത്മാവിനെ സാക്ഷാത്കരിക്കും.
ശാസ്ത്ര ഗ്രന്ഥങ്ങള്‍ വേണ്ടുവോളം പഠിച്ചാലും വിഷയങ്ങളില്‍ താല്പ്പര്യത്തോടെയിരുന്നാല് അവനവന്റെ യഥാര്‍ത്ഥ സ്വരൂപം മറക്കും. അപ്പോള്‍ മനസ്സ് കലങ്ങും, ബുദ്ധി അസ്വസ്ഥമാകും. വാസനകള്‍, കാമം, രാഗം, ലോഭം, അസൂയ തുടങ്ങിയ ഉള്ളിലെ വ്രണങ്ങളില്‍ നിന്ന് ദുഃഖ രൂപങ്ങളായ ചലവും ചോരയും പുറത്ത് വരും. കാമുകി കാരണം ജാരന് എന്ന പോലെ ബുദ്ധിദോഷം കാരണം ഓരോ ആളും കഷ്ടപ്പെട്ട് പോകും.
മറ്റൊരാളുടെ ഭാര്യയെ തന്റെ കാമനയ്ക്ക് ഉപയോഗിക്കുന്നയാളാണ് ജാരന്. അവളെക്കുറിച്ചുള്ള ചിന്ത അയാള്‍ക്ക് വലിയ ശല്യമാകും. പ്രത്യേകിച്ചും തമ്മില്‍ സന്ധിക്കാന്‍ പറ്റാത്തപ്പോള്‍. തിരിച്ച് അവള്‍ക്കും അതുപോലെ തന്നെ വല്ലാത്ത ദുരിതമായിരിക്കും.
പരമാത്മാവിന്റെ ഭാര്യയായ നമുക്ക് ഇന്ദ്രിയ വിഷയങ്ങളാകുന്ന രഹസ്യ കാമുകന്മാരുണ്ട്. ഇന്ദ്രിയവിഷങ്ങളാല് ആകര്ഷിക്കപ്പെടുമ്പോള് അവ ഓരോന്നും കൂടുതല്‍ രൂക്ഷമായ ദുഃഖങ്ങള്‍ ഉണ്ടാക്കും. ഇവയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ആരോടും പറയാനും പറ്റില്ല. ജാരനുള്ള സ്ത്രീയുടെ അവസ്ഥ പോലെയാണ്.
അതുകൊണ്ട് സാധകനും ജ്ഞാനിയുമൊക്കെ നിരന്തരം നല്ല കരുതലോടെ തന്നെയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: