റോമ സാമ്രാജ്യം ഒരു ദിവസംകൊണ്ട് കെട്ടിപ്പടുത്തതല്ല എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. തളര്‍ച്ചയിലും വളര്‍ച്ചയിലും സ്ഥാപനങ്ങളെ ശരിയായി നയിക്കാന്‍ ഒരാളുവേണം. അങ്ങനെയുള്ള സ്ഥാപനങ്ങളേ പുരോഗതി കൈവരിക്കൂ. പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് മുന്നേറൂ. വിജയിക്കുന്ന ഓരോ സ്ഥാപനത്തിനു പിന്നിലും ജീവിതംതന്നെ അതിനായി സമര്‍പ്പിച്ച ഒരാളുണ്ടാവും. കേരളത്തിന്റെ മാധ്യമരംഗത്ത് ദേശീയതയുടെ ജിഹ്വയായി എഴുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന കേസരിയെ സംബന്ധിച്ചിടത്തോളം അത് എം. രാഘവന് എന്ന കര്‍മയോഗിയാണ്.
പ്രതികൂലാവസ്ഥയിലും പ്രതിസന്ധികളിലും ‘കേസരി’യെ മുന്നോട്ടു നയിച്ച എം.രാഘവന്റെ ജീവചരിത്രമാണ് മൗനതപസ്വി. പൊതുപ്രവര്‍ത്തകരായ പലരുടെയും ജീവചരിത്രം തയ്യാറാക്കുമ്പോള്‍ വിവരങ്ങളുടെ ധാരാളിത്തം പ്രശ്നമാകാറുണ്ട്. ഏത് തള്ളണം ഏത് കൊള്ളണം എന്നതില്‍ എഴുത്തുകാരന് വലിയ വെല്ലുവിളി നേരിടും. എന്നാല്‍ എം. രാഘവന്റെ കാര്യത്തില്‍ നേരെ മറിച്ചാണ്. ആത്മത്യാഗ നിര്‍ഭരമായ ജീവിതം നയിച്ച ഈ മനുഷ്യനെക്കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍പോലും ലഭ്യമല്ലാതിരിക്കെ ഒരു ജീവചരിത്രം തയ്യാറാക്കുകയെന്ന ഏറെ ശ്രമകരമായ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ടി. വിജയന്.
സൈനിക സേവനത്തില്‍നിന്ന് ആര്‍എസ്എസ് പ്രചാരകനായി മാറിയ എം. രാഘവന് കേസരിയുടെ പ്രസിദ്ധീകരണ ചുമതലയുള്ള ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റിന്റെ മാനേജരായി പതിറ്റാണ്ടുകളാണ് പ്രവര്‍ത്തിച്ചത്. ചുമതലയേറ്റ കാലം മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കുകയായിരുന്നു. ഒരേസമയം നിലനില്‍പ്പും പുരോഗതിയും ഉറപ്പുവരുത്തി കേസരിയെ ഇന്നുകാണുന്ന ഗംഭീരമായ നിലയിലേക്ക് വളര്‍ത്തിയതില്‍ എം.രാഘവന് എന്ന മനുഷ്യന് വഹിച്ച പങ്കും, സഹിച്ച കഷ്ടപ്പാടുകളും അതിഭാവുകത്വമില്ലാതെ രേഖപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.
അടുത്തറിഞ്ഞവര്‍ക്കുപോലും ‘കേസരി രാഘവേട്ടന്’ എന്നുമാത്രമേ അറിയുമായിരുന്നുള്ളൂ. നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നുവെങ്കിലും തന്റെ ഒരു ചിത്രം എടുത്തുവയ്ക്കണമെന്ന് ഒരിക്കലും രാഘവേട്ടന് തോന്നിയില്ല. അത്രയ്ക്കായിരുന്നു നിസ്വാര്‍ത്ഥത. ബുദ്ധിശക്തിയും കര്‍മശേഷിയുമൊക്കെ താന്‍ ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ സമ്പൂര്‍ണമായും വിനിയോഗിച്ച പ്രാഗ്മാറ്റീഷ്യന്റെ ജീവിതത്തെ കൃത്യമായി ടി. വിജയന് അടയാളപ്പെടുത്തുന്നുണ്ട്. കേസരിയുടെ പത്രാധിപ സമിതി അംഗമെന്ന നിലയില്‍ രാഘവേട്ടനുമായുണ്ടായിരുന്ന ബന്ധം ഗ്രന്ഥരചനയ്ക്ക് സഹായകമായിട്ടുണ്ടാവണം.
കേസരിയുടെ കണിശക്കാരനായ നടത്തിപ്പുകാരന് എന്നതിനു പുറമെ എം. രാഘവന് എന്ന സ്വയംസേവകന്റെയും സംഘാടകന്റെയും പൊതു പ്രവര്‍ത്തകന്റെയും ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഉള്ളടക്കം. വളരെ കുറഞ്ഞ വാക്കുകളില്‍ സ്മര്യ പുരുഷന്റെ മഹത്വവും മൂല്യവും അടയാളപ്പെടുത്തുന്ന ആര്. ഹരിയേട്ടന്റെ അവതാരിക, കേസരിയും രാഘവേട്ടനും തമ്മിലെ ബന്ധത്തിന്റെ ഇഴയടുപ്പം അടയാളപ്പെടുത്തുന്ന മുഖ്യ പത്രാധിപര്‍ ഡോ. എന്‍. ആര്. മധുവിന്റെ ആമുഖം, അനുബന്ധമായി ചേര്‍ത്തിരിക്കുന്ന കുറിപ്പുകളും മുഖപ്രസംഗങ്ങളുമൊക്കെ പുസ്തകത്തിന് സമഗ്ര സ്വഭാവം നല്കുന്നു.
പ്രസിദ്ധിപരാങ്മുഖതയായിരുന്നു എം.രാഘവന്റെ മുഖമുദ്രയെന്നത് ‘മൗനതപസ്വി’ അടിവരയിട്ടു പറയുന്നുണ്ട്. സ്വന്തം പ്രവൃത്തിയുടെ പേരില്‍ മഹത്വാകാംക്ഷ കൊണ്ടുനടക്കരുതെന്നേ ഈ വാക്കിനര്‍ത്ഥമുള്ളൂ. ഒരു ആദര്‍ശത്തിനുവേണ്ടിയും അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയും ജീവിതം മാറ്റിവയ്ക്കുന്നര്‍ യഥോചിതം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. അത് മറ്റുള്ളവര്‍ക്ക് വന്‍തോതില്‍ പ്രചോദനമാകും. എം. രാഘവന്റെ കാര്യത്തില്‍ മൗനതപസ്വി എന്ന പുസ്തകത്തിലൂടെ ഇത് സാധിക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: