പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരമാനന്ദം നല്കുന്ന മൂന്നു വാര്‍ത്തകള്‍. ആദ്യ രണ്ടും മണലാരണ്യങ്ങളുടെ നാടായ അറബി നാടുകളില്‍നിന്ന്. ചുട്ടുപഴുത്ത മണല്‍ നാടുകളില്‍ വെള്ളം കുടിക്കാതെ ജീവിക്കാന്‍ സസ്യങ്ങളെ ശാക്തീകരിക്കുന്നതാണ് ആദ്യത്തേത്. കൊടുംചൂടില്‍ തീപാറുന്ന മണല്‍ത്തരികളില്‍ താപോര്‍ജം സൂക്ഷിച്ചുവയ്ക്കാമെന്ന തിരിച്ചറിവാണ് രണ്ടാമത്തേത്. ആ താപോര്‍ജത്തെ രാത്രികാലത്തെ വൈദ്യതോര്‍ജമാക്കി മാറ്റാമത്രേ.
ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളെ ഹരിതവത്കരിക്കാമെന്നതാണ് മൂന്നാമത്തെ അറിവ്. അണക്കെട്ടിന്റെ അടിത്തട്ടില്‍ ഊറിക്കിടക്കുന്ന മീതേന്‍ വാതകത്തെ പിടിച്ചുകെട്ടി കത്തിച്ച് വൈദ്യുതിയുണ്ടാക്കാമെന്നാണ് ബ്രസീലിലെ ഗവേഷകര്‍ പറയുന്നത്.
ആദ്യ പരീക്ഷണം നടക്കുന്നത് സൗദി അറേബ്യയിലാണ്. വ്യാപകമാവുന്ന മരുവത്കരണം തടയുന്നതിന് വെള്ളം വേണ്ടാത്ത അക്കേഷ്യ സസ്യങ്ങളെ വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണം. ഒരു ലിറ്റര്‍ വെള്ളംകൊണ്ട് ഒരു മാസമെങ്കിലും ജീവിക്കാനുള്ള കഴിവാണ് ഈ ചെടികള്‍ക്ക് നല്‍കുന്നത്. റിയാദിനു സമീപമുള്ള തുമാരാ നേച്ചര്‍ പാര്‍ക്കില്‍ അര് റിയാദ് ഡവലപ്മെന്റ് അതോറിറ്റിയും, ആസ്ട്രേലിയയിലെ കിങ്സ് പാര്‍ക്കിലെ ഗവേഷകരും ചേര്‍ന്ന് നടത്തുന്ന ഈ പരീക്ഷണത്തിലെ മുഖ്യ ആയുധം സാലിസിലിക് ആസിഡ് ആണ്. പഴയ ആസ്പിരിന്റെ മുന്‍ഗാമി. ഈ ഹോര്‍മോണില്‍ മുക്കിയെടുത്ത ചെടികള്‍ ഒരു ലിറ്റര്‍ വെള്ളംകൊണ്ട് ഒരു മാസം വരെ ജീവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സാലിസിലിക് ആസിഡ് പ്രയോഗിച്ച ചെടികളില്‍ 40 ശതമാനവും ഒരു ലിറ്റര്‍ വെള്ളംകൊണ്ട് ഒരു മാസം പിടിച്ചുനിന്നപ്പോള്‍ ഇപ്രകാരം ചെയ്യാത്ത സാധാരണ അക്കേഷ്യ കുഞ്ഞുങ്ങളില്‍ കേവലം മൂന്ന് ശതമാനത്തിനു മാത്രമാണ് കൊടുംചൂടില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞത്. ഈ ഹോര്‍മോണ്‍ വിത്തുകളിലോ ചെടിയുടെ ഇലകളിലോ പ്രയോഗിക്കാമത്രേ. വെള്ളം കിട്ടാത്തപ്പോള്‍ ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഓക്സിജന്‍ രൂപത്തെ സാലിസിലിക് ആസിഡ് പിടിച്ചു നിര്‍ത്തുമെന്ന് സയന്‍സ് ഡവലപ്മെന്റ് നെറ്റ് ലേഖകന്‍ ഇയാന്‍ റാന്‍ഡല്‍ പറയുന്നു. ഓക്സിജന്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് കൈമാറ്റത്തിന് വഴിയൊരുക്കുന്ന ഇലകളിലെ സുഷിരങ്ങളുടെ(സ്റ്റൊമാറ്റ) വിസ്താരം ചുരുക്കാനും ഈ രാസവസ്തുവിന് കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
സൗദിയില്‍ അരലക്ഷത്തോളം ഇത്തരം അക്കേഷ്യ ചെടികള്‍ പിടിപ്പിച്ചുകഴിഞ്ഞുവെന്നാണ് വാര്‍ത്ത. മരുവത്കരണത്തിനെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസം പകരുന്നു.
സൗരോര്‍ജത്തെ മെരുക്കി മണല്‍ത്തരികളില്‍ സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് അബുദാബിയിലെ ശാസ്ത്രജ്ഞര്‍. ഗുരുത്വാകര്‍ഷണത്തിന്റെ സാധ്യത ഉപയോഗിച്ച് മേല്‍പ്പരപ്പില്‍ സൂക്ഷിക്കുന്ന മണല്‍ത്തരികളെ താഴേക്ക് ഒഴുക്കിക്കൊണ്ടുവന്ന് സൗരോര്‍ജത്തില്‍ ചൂടാക്കും. അതേ മണല്‍ത്തരികളില്‍ ആയിരം ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് വരെ സൂക്ഷിച്ച് രാത്രിയിലെ വൈദ്യുതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് പൈലറ്റ് പദ്ധതി വിഭാവന ചെയ്യുന്നത്. മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ പ്രായോഗികമാകുമ്പോള്‍ മണലാരണ്യങ്ങളുടെ നാടുകളില്‍ അതൊരു വരദാനമായി മാറും. കാര്‍ബണ്‍ അധിഷ്ഠിത ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നന്നെ കുറയും. ഭൂഗോളത്തെ തപിപ്പിക്കുന്ന മലിനവാതകങ്ങളായ ‘ഗ്രീന്‍ഹൗസ്’ വാതകങ്ങളുടെ കാര്യത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്യും.
പടുകൂറ്റന്‍ അണക്കെട്ടുകളുടെ അടിയില്‍ കുരുങ്ങിക്കിടക്കുന്ന മീതേന്‍ ഗ്രീന്‍ഹൗസ് വാതകത്തെ മെരുക്കാനുള്ള ശ്രമമാണ് ബ്രസീലിലെ നാഷണല്‍ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരെ ശ്രദ്ധേയരാക്കിയത്. അണക്കെട്ടിന്റെ ആഴങ്ങളില്‍ പ്രാണവായുവിന്റെ അഭാവത്തില്‍ ജൈവവസ്തുക്കളെ ബാക്ടീരിയകള്‍ വിഘടിപ്പിക്കുന്നു. അപ്പോള്‍ ജനിക്കുന്നത് മീതേന്‍. അണക്കെട്ടിന്റെ ആഴങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ടേക്ക് കുഴലുകളിലൂടെ വരുന്ന ജലം കൂറ്റന്‍ ടര്‍ബൈനുകളില്‍ ചിതറിത്തെറിക്കുമ്പോള്‍ ആ മീതേന്‍ സ്വതന്ത്രമാക്കപ്പെടുന്നു. അതിനാല്‍ അടിത്തട്ടിലെ ജലത്തെ ടര്‍ബൈനുകളില്‍ എത്തിക്കാതിരിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു. അടിത്തട്ടിലെ വെള്ളം മോട്ടറിന്റെ സഹായത്തോടെ മുകളിലെത്തിച്ച് ചിതറിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അപ്പോള്‍ സ്വതന്ത്രമാക്കപ്പെടുന്ന മീതെനെ മറ്റൊരു പ്ലാന്റിലെത്തിച്ച് കത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും.
പദ്ധതി നടത്തിപ്പില്‍ വരുന്നതോടെ അണക്കെട്ടുകളെ ‘ഗ്രീന്‍ഡാം’ ആക്കിമാറ്റാമെന്നാണ് ഗവേഷകരുടെ വിശ്വാസം. ലോകമെമ്പാടുമുള്ള ജലവൈദ്യുത അണക്കെട്ടുകളില്‍ മീതേന്‍ സംസ്കരണ പരിപാടി ആരംഭിക്കുന്നതോടെ പ്രതിവര്‍ഷം ഇംഗ്ലണ്ട് (യുകെ)പുറത്തുവിടുന്നത്ര അളവ് ഗ്രീന്‍ഹൗസ് വാതകം അന്തരീക്ഷത്തിലേക്ക് വരുന്നത് ഒഴിവാക്കാമത്രേ.
വാല്‍ക്കഷണം: മൂന്നാംകിട രാഷ്ട്രീയ വേഷക്കാരെ കാണുമ്പോള്‍ കവാത്തു മറക്കാന്‍ വിധിക്കപ്പെട്ട പോലീസുദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ നോര്‍വെയിലെ പോലീസ് അങ്ങനെയല്ല. അവര്‍ കൊവിഡ് രോഗത്തിനെതിരെ കടുത്ത പോരാട്ടത്തിലാണ്. ആ പോ
രാട്ടത്തിന് ആര് എതിരെ വന്നാലും അവര്‍ വിട്ടുകൊടുക്കാറില്ല. ആ നീതി നിഷ്ഠയ്ക്കും ധൈര്യത്തിനുമുന്നില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി എര്ണസോള്ബെര്ഗിന് നഷ്ടപ്പെട്ടത് 20000 നോര്‍വീജിയന്‍ ക്രൗണ്‍. അതായത് 1.76 ലക്ഷം രൂപ. ചട്ടംലംഘിച്ച് അവര്‍ 13 അതിഥികളെ ആഘോഷത്തിന് ക്ഷണിച്ചു. അനുവദനീയമായ അതിഥികളുടെ എണ്ണം 10 പേര് മാത്രം. മൂന്നുപേര്‍ കൂടുതല്‍. പ്രധാനമന്ത്രി ചട്ടം ലംഘിച്ചത് പോലീസ് കണ്ടുപിടിച്ചു. വിഷയം വിവാദമായി. കൊവിഡ് പ്രതിരോധത്തില്‍ തനിക്കുവന്ന വീഴ്ചയില്‍ പ്രധാനമന്ത്രി പരസ്യമായി ക്ഷമായാചനം നടത്തി. പക്ഷേ പോലീസ് പിഴ ഈടാക്കുക തന്നെ ചെയ്തു. കൃത്യം 1.76 ലക്ഷം രൂപ. നോര്‍വീജിയന്‍ പോലീസിന് സ്വസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: