ഗുരുവായൂര്‍ ഭാഗത്തെ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ അവിസ്മരണീയയാണ് ഡോക്ടര്‍ വി. വിമല. അവര്‍ ഒരാഴ്ച മുന്‍പ് അന്തരിച്ച വിവരം മുന്‍ പ്രചാരകന് തൃശ്ശിവപേരൂരിലെ അനന്തന് വിളിച്ചറിയിച്ചു. അഭിഭാഷകരായ മക്കള്‍ക്കൊപ്പം അവരുടെ ഫഌറ്റുകളിലായിട്ടാണത്രേ അവര്‍ താമസിച്ചിരുന്നത്. ഞാന്‍ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന അടിയന്തരാവസ്ഥയ്ക്കു മുന്‍പ് അവരെയും അച്ഛന് നീലകണ്ഠന് നായരെയും പരിചയമായത്. സത്രീത്വത്തിന്റെ മൃദുലതയും, നിശ്ചയദാര്‍ഢ്യത്തിന്റെ കാഠിന്യവും അവരില്‍ സമ്മേളിച്ചിരുന്നു. ചങ്ങനാശ്ശേരിക്കടുത്തു സചിവോത്തമപുരത്തെ പ്രസിദ്ധമായ ആതുരാശ്രമം ഹോമിയോ കോളജില്‍നിന്ന് ഡിപ്ലോമയെടുത്ത് മടങ്ങി സ്വന്തം സ്ഥലമായ തളിക്കുളത്തെത്തിയ കാലത്താണ് അവര്‍ ജനസംഘത്താല്‍ ആകൃഷ്ടയായത്.
1971 ല്‍ കേരളത്തിലെ സപ്തകക്ഷി മുന്നണി ഭരണം തകരുകയും നിയമസഭയിലേക്കു തെരഞ്ഞെടുപ്പു വേണ്ടി വരികയുമുണ്ടായി. അതില്‍ ജനസംഘം ആസൂത്രിതമായി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു. ഏതാനും മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ദീപം ചിഹ്നത്തിലും, മറ്റു ചിലയിടങ്ങളില്‍ സ്വതന്ത്ര ചിഹ്നത്തിലും മത്സരിക്കാനായിരുന്നു തീരുമാനം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു നാട്ടിക. അവിടെ ചിട്ടയോടെ പ്രവര്‍ത്തനം നടത്തി കരുത്തു തെളിയിക്കാനുള്ള തീരുമാനമെടുത്തു. അഡ്വക്കേറ്റ് ചക്രപാണിക്കായിരുന്നു നേതൃത്വം. അതിന്റെ പ്രചാരണത്തിനിടെ നടന്ന മന്ഥനത്തില്‍ ആകൃഷ്ടനായ ആളായിരുന്നു നീലകണ്ഠന് നായര്‍. ക്രമേണ മകള്‍ ഡോ. വിമലയും രംഗത്തുവന്നു.
തുടര്‍ന്ന് നാട്ടിക മണ്ഡലത്തിന് ഒരു മുഴുസമയ പ്രവര്ത്തകന് വന്നു. പാലക്കാട്ടുകാരന് അറുമുഖന് എന്ന ആത്മാര്‍ത്ഥയും ആവേശവും മൂര്‍ത്തീകരിച്ചയാള്‍. വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ അതീവ സാമര്‍ത്ഥ്യമുണ്ടായിരുന്ന അദ്ദേഹം അച്ഛനെയും മകളെയും പ്രവര്ത്തനരംഗത്തിറക്കുന്നതില് വിജയിച്ചു. ഗുരുവായൂര്‍ സംഘടിപ്പിക്കപ്പെട്ട മഹിളാശിബിരത്തില് പങ്കെടുത്ത അവര്‍ക്ക് വിനോദിനിയമ്മ, ദേവകിയമ്മ, രാധാ ബാലകൃഷ്ണന്, വാക്കയില്‍ ദേവകിയമ്മ, ആലുവയിലെ സീതചേച്ചി മുതലായ പ്രമുഖരുമായി ബന്ധം പുലര്‍ത്താനായി. മഹിളാ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ അവര്‍ക്ക് സവിശേഷ സാമര്‍ത്ഥ്യം ഉണ്ടായിരുന്നു. അന്നു തൃശ്ശിവപേരൂര്‍ ജില്ലയുടെ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് പിലാശ്ശേരിക്കാരന്‍ കെ.എം. ശ്രീനിവാസന് ഡോക്ടര്‍ വിമലയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യപ്പെട്ടു. വിനോദിനിയമ്മയും ഭര്‍ത്താവും പുന്നയൂര്‍ക്കുളത്തെ സംഘചാലകനുമായിരുന്ന കരുണാകരന് നായരും മുന്‍കയ്യെടുത്ത് വിവാഹം ഗുരുവായൂരമ്പലത്തില്‍ വച്ച് നടത്തുകയുമുണ്ടായി. പരമേശ്വര്‍ജിക്ക് ദക്ഷിണ കൊടുത്തായിരുന്നു അവര്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് അവര്‍ക്ക് വലിയ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നു. പിലിശ്ശേരിയില് ഒരു ക്ലിനിക് ആരംഭിച്ചു ചികിത്സ തുടങ്ങിയിരുന്നു. കേരള ജനസംഘത്തിന് മുംബൈയില്‍നിന്ന് ലഭിച്ചിരുന്ന ഒരു ജീപ്പ് ഉപയോഗിച്ചാല്‍ ശ്രീനിവാസനും സ്വന്തമായി കഴിയാമെന്ന അവസ്ഥ സൃഷ്ടിച്ചു. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ നരകസമാനമായിട്ടാണ് കഴിഞ്ഞത്.
പിന്നീട് ജനതാ ഭരണകാലത്ത് സ്ഥിതിയില്‍ ആശ്വാസമുണ്ടായി. ഡോക്ടര്‍ ഗുരുവായൂരില്‍ ക്ലിനിക് ആരംഭിച്ചു. ശ്രീനിവാസനും ഒരു ബസ് കമ്പനിയില്‍ ജോലിയായി. അദ്ദേഹം ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തില്‍ സജീവമായി. ഗുരുവായൂര്‍ ക്ഷേത്രഭരണത്തിലെ അഴിമതിക്കും തോന്ന്യാസങ്ങള്‍ക്കും എതിരെ നടന്ന സമരങ്ങളിലൊക്കെ അവര്‍ സജീവമായി മുന്നില്‍ നിന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബ്രാഹ്മണര്‍ക്കു മാത്രമായി നടത്തപ്പെട്ടുവന്ന ഊട്ടുപുര ഭോജനം മുഴുവന്‍ ഹിന്ദുക്കള്ക്കുമാക്കാനായി കല്ലറ സുകുമാരന്‍ നടത്തിയ യാത്രക്കു സ്വീകരണം നല്‍കുന്നതിന് വിനോദിനിയമ്മയുടെ നേതൃത്വത്തില്‍ സംഘത്തിന്റെ ഉത്സാഹത്തില്‍ നടന്ന പരിപാടികളില്‍ അവര്‍ മുന്നിലുണ്ടായിരുന്നു. പരമേശ്വര്‍ജിയും മാധവജിയും ഭാസ്കര്‍റാവുജിയും മുഴുവന്‍ സംഘ പ്രസ്ഥാനങ്ങളും അതിന് പിന്നിലുണ്ടായിരുന്നല്ലോ.
ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും വിനിയോഗിച്ച് ശ്രീനിവാസന് രംഗത്തുണ്ടായതുപോലെ മറ്റൊരു മുന്‍ ജനസംഘ മുഴുസമയ പ്രവര്‍ത്തകനും ഉണ്ടായിരുന്നു. ഇരിട്ടി പേരാവൂര്‍ റോഡില്‍ വിളക്കോട് എന്ന സ്ഥലത്തെ സമിതി എല്ലാവര്‍ഷവും മഴക്കാലത്ത് നടത്തിവന്നിരുന്ന പഠനശിബിരങ്ങളില്‍ നിര്‍ദിഷ്ട വിഷയങ്ങളെപ്പറ്റി സംസാരിക്കാന്‍ എനിക്ക് ക്ഷണം കിട്ടാറുണ്ടായിരുന്നു. ആ അവസരങ്ങളില്‍ അവരുമൊത്ത് ചെലവഴിക്കാന്‍ കിട്ടിയിരുന്ന ഇടവേളകള്‍ വളരെ ആനന്ദകരമായി അനുഭവപ്പെട്ടു. ഞാന്‍ സംഘപ്രചാരകനായി കണ്ണൂരില്‍ പ്രവര്‍ത്തിച്ചുവന്ന ആറുവര്‍ഷങ്ങളില്‍ ബാലകൃഷ്ണന് വിദ്യാര്‍ത്ഥിയായിരുന്ന അന്ന് ഇരിട്ടിക്കടുത്ത് കീഴൂര്‍ ശാഖയില്‍ പലപ്പോഴും വരാറുണ്ടായിരുന്നതിനാല്‍ പ്രത്യേക അടുപ്പമുണ്ടായി. ജനസംഘപ്രവര്‍ത്തനത്തിന്റെ കാലത്താണ് ശ്രീനിവാസനേയും പരിചയപ്പെട്ടത്. ജനസംഘത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയ്യാറായവരില്‍ അവരിരുവരും പെട്ടു.
ഇക്കാലത്ത് ഏറെ ഭക്തജനത്തിരക്കനുഭപ്പെടുന്ന അവസരമാണല്ലൊ നാലമ്പല ദര്‍ശനം. അതിന്റെ തുടക്കത്തിന് അധികം പഴക്കമില്ല. ശ്രീരാമ, ഭരത, ലക്ഷ്മണ ശത്രുഘ്നന്മാരുടെ ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസം നടത്തുന്ന ഒരു സംരംഭമാണത്. തൃശ്ശിവപേരൂര്‍ ജില്ലയിലും എറണാകുളം ജില്ലയിലുമായി അത്തരം നാലു ക്ഷേത്രങ്ങളുണ്ട്. തൃപ്രയാര്‍ ശ്രീരാമന്, ഇരിങ്ങാലക്കുട ഭരതന്, മൂഴിക്കുളം ലക്ഷ്മണന്, പായമ്മല്‍ ശത്രുഘ്നന്‍ എന്നിങ്ങനെയാണ് ക്ഷേത്രങ്ങള്‍. ഉച്ചപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് നാലു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് പുണ്യകര്‍മമാണെന്നു വിശ്വസിക്കപ്പെട്ടുവെങ്കിലും, ആ പതിവ് മുടങ്ങിക്കിടക്കുകയായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ തീരുമാനമനുസരിച്ചു ഗുരുവായൂരിലെ സമിതി പ്രവര്‍ത്തകരുടെ സംരംഭമായി ഒരു സംഘം ഭക്തരെ പ്രത്യേക വാഹനത്തില്‍ പുറപ്പെടുവിക്കാന്‍ ഉത്സാഹിപ്പിച്ചതിന്റെ പിന്നില്‍ ശ്രീനിവാസനുമുണ്ടായിരുന്നു. വിശ്വംപാപ്പ എന്ന വി.കെ. വിശ്വനാഥനും അതില്‍ നിര്‍ണായക പ്രേരണയായിരുന്നുവെന്നു പറയേണ്ടതില്ല. ആ പ്രസ്ഥാനം വലിയ ഭക്തജനപ്രവാഹമായി വികസിച്ചുവന്നത് നാം കാണുന്നു. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലും, മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണത്താലൂക്കിലും ഉള്ള രാമ ഭരത ലക്ഷ്മണ ശത്രുഘ്ന ക്ഷേത്രങ്ങളിലും നാലമ്പല ദര്‍ശനം നടന്നുവരുന്നു.
ഗുരുവായൂര്‍ ക്ഷേത്ര വിമോചന പ്രക്ഷോഭം 1980 കളിലെ ഹിന്ദു ജാഗരണിന് പ്രചോദനം നല്‍കിയിരുന്നു. ആ മഹാക്ഷേത്രത്തിന്റെ സമ്പത്തും നിയന്ത്രണവും കയ്യടക്കാന്‍ അതതുകാലത്തെ ഭരണ മുന്നണികള്‍ നടത്തിവന്ന, ഇന്നും നടത്തിവരുന്ന പരിശ്രമങ്ങള്‍ കണ്ടില്ലെന്നുവക്കാനാവില്ലല്ലോ. മാര്‍പാപ്പാ സന്ദര്‍ശനത്തിന്റെ സ്മരണികയില്‍ പരസ്യം നല്കിയതും, പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ ദേവസ്വം ഫണ്ടില്‍നിന്ന് സംഭാവന ചെയ്തത് നീതിന്യായ കോടതിയുടെ നിരാകരണം സമ്പാദിച്ചതുമൊക്കെ ആ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ക്ഷേത്ര വിമോചനത്തിനായി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വിനോദിനിയമ്മയുടെയും രാധാബാലകൃഷ്ണന്റെയും ഒപ്പം ഡോ. വിമല മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
നിലയ്ക്കല്‍ ക്ഷേത്രം കയ്യേറി കുരിശു സ്ഥാപിച്ചതിനെതിരായി നടന്ന പ്രക്ഷോഭത്തിനിടെ, മിഥുനമാസം ഒന്നിന് പതിവു ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി കെ. കരുണാകരനെ തടഞ്ഞ മഹിളാ പ്രവര്‍ത്തകരുടെ മുന്നിലും ടി.പി. വിനോദിനിയമ്മയ്ക്കും, രാധാ ബാലകൃഷ്ണനുമൊപ്പം ഡോ. വിമലയുമുണ്ടായിരുന്നു.
ഗുരുവായൂരിലെ സംഘപ്രചാരകനായിരുന്ന വിജയകുമാര്‍ പിന്നീട് മര്‍മ്മ ചികിത്സകനായി അവിടെ കുടുംബസഹിതം താമസമാക്കിയതു ആരും മറന്നിട്ടുണ്ടാവില്ല. അദ്ദേഹത്തിന് ഹോമിയോ, ആയുര്‍വേദ ചികിത്സയുമുണ്ടായിരുന്നു. മലബാറിലെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച അദ്ദേഹം അന്തരിച്ചശേഷം, സ്മാരകമായി ആരംഭിച്ച ചികിത്സാലയത്തിലെ ഹോമിയോ വിഭാഗം ഡോ. വിമല കൈകാര്യം ചെയ്തു.
അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമിയുടെ ചുമതലയേറ്റെടുക്കേണ്ടി വന്നതിനാല്‍ പഴയ സഹപ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കം സജീവമായി നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. ഗുരുവായൂര്‍ യാത്രയും വിരളമായി. അതിനാല്‍ ശ്രീനിവാസനെയും വിമലയെയും ഓര്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ധര്‍മപത്നിയുടെ വിയോഗത്തില്‍, അദ്ദേഹവുമായി സംസാരിച്ച് സംവേദന അറിയിക്കാന്‍ എന്തുവഴിയെന്ന് ആലോചിച്ചിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഒരു ബന്ധുവും പ്രചാരകനുമായ ശിവദാസ് വിളിച്ച് എന്റെ നമ്പര്‍ ശ്രീനിവാസനു നല്കിയിട്ടുണ്ടെന്നറിയിച്ചു. പ്രതീക്ഷിച്ചതുപോലെ അദ്ദേഹം വിളിക്കുകയും, അരനൂറ്റാണ്ടിലേറെ മുന്‍പ് ഞങ്ങളുടെ സഹയാത്രയിലെ വിവരങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.
ധര്‍മസമര വീഥിയിലെ പെണ്‍സാന്നിദ്ധ്യമായിരുന്ന ഡോ. വിമലയെ അനുസ്മരിക്കാന്‍ ഞാന്‍ വൈകിപ്പോയി. കഴിഞ്ഞ രണ്ടാഴ്ചയായി അതിനു സാവകാശം ലഭിച്ചില്ല എന്നു പ്രിയ വായനക്കാരെ അറിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: