ന്യൂദല്‍ഹി: കോവിഷീല്‍ഡ് വാക്സിന് ഡോസിന് നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അമിത വില ഈടാക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ തള്ളി സിഇഒ അദാര്‍ പൂനാവാല.
വിശദമായ വിശദീകരണക്കുറിപ്പുള്പ്പെടെ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിലാണ് സ്വതന്ത്രവിപണിയിലെ വിലയേക്കാള്‍ മൂന്നിലൊന്ന് വിലയ്ക്കാണ് കോവിഷീല്‍ഡ് നല്‍കുന്നതെന്ന് പൂനാവാല വാദിക്കുന്നത്. കോവിഷീല്‍ഡിന്റെ ആരംഭനാളുകളിലെ വില ഏറ്റവും കുറഞ്ഞത് ഇന്ത്യയിലേതായിരുന്നു. വളരെ കുറഞ്ഞ ഒരു ശതമാനം ഡോസുകള്‍ മാത്രമാണ് 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുക. പരമാവധി ഡോസുകള്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്ക്കാരുകള്ക്കുമാണ് നല്‍കുകയെന്നും അദാര്‍ പൂനാവാല പറഞ്ഞു.
അദാര്‍ പൂനാവാല പങ്കുവെച്ച കുറിപ്പ് ഇതാണ്:
“കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ കൂടുതല്‍ അളവില്‍ വാങ്ങുന്നു എന്നതിനാല്‍ കോവിഷീല്‍ഡ് വാക്സിന് നല്‍കിയത് വളരെ കുറഞ്ഞ വിലയ്ക്കാണ്. വിപണിയുടെ സ്ഥിതിവിശേഷമനുസരിച്ച് സ്വകാര്യവിപണിയിലെ നിരവധി വാക്സിനുകള്‍ ഉയര്‍ന്ന സ്വതന്ത്ര വിപണി വിലയ്ക്കാണ് വില്ക്കുന്നതെങ്കില്, ഞങ്ങള്‍ സര്‍ക്കാരിന് കോവിഷീല്‍ഡ് ന്ല്കുന്നത് സ്വതന്ത്ര വിപണിവിലയേക്കാള്‍ മൂന്നിലൊന്ന് വിലയ്ക്കാണ്.
-മറ്റ് രാജ്യങ്ങളിലെ ആഗോളവിലയുമായി ഇന്ത്യയിലെ വിലയെ താരതമ്യം ചെയ്തുകൊണ്ടുള്ള ചില തെറ്റായ താരതമ്യങ്ങള്‍ നടക്കുന്നുണ്ട്. വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ വാക്സിനാണ് കോവിഷീല്‍ഡ്. റിസ്കെടുത്തുകൊണ്ട് വാക്സിന് നിര്‍മ്മിക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ ഫണ്ട് തന്നിരുന്നതിനാല്‍ കോവിഷീല്‍ഡിന്റെ തുടക്കത്തിലെ വില ഏറ്റവും താഴ്ത്തി നിലനിര്‍ത്തിയിരുന്നു. കോവിഷീല്ഡിനുള്ള ആദ്യകാല വിതരണവില ഇന്ത്യയുള്‍പ്പെടെ എല്ലായിടത്തും ഏറ്റവും കുറഞ്ഞ വിലയായിരുന്നു.
-എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അങ്ങേയറ്റം അപകടകരമാണ്. വൈറസ് നിരന്തരമായി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുന്നു. പൊതുജനങ്ങള്‍ അപകടത്തിലാണ്. ഈ അനിശ്ചിതാവസ്ഥ തിരിച്ചറിഞ്ഞ് നമുക്ക് ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ഉല്പാദനം വര്‍ധിപ്പിക്കുകയും ഉല്പാദനശേഷി വിപുലപ്പെടുത്തുകയും വേണം.
-600 രൂപയ്ക്ക് സ്വകാര്യ ആശുപത്രിക്ക് കോവിഷീല്‍ഡ് വില്‍ക്കുക കുറഞ്ഞ അളവില്‍ മാത്രമാണ്. ഈ വില പോലും കോവിഡ് 19നെ നേരിടാനുള്ള മറ്റ് ചികിത്സകളുടെയും ഉപകരണങ്ങളുടെയും ചെലവ് വെച്ച് നോക്കിയാല്‍ എത്രയോ കുറവാണ്.
-ഇതിനപ്പുറം, പൊതുജനാരോഗ്യം കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള മറ്റ് വാക്സിനുകളും എത്തിച്ച് വിപണി തുറന്നിടേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ പ്രതിരോധശേഷിക്ക് ആക്കംകൂട്ടുകയും അത് കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും.
ഈ കുറിപ്പ് വാക്സിന് വില സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു”- അദാര്‍ പൂനാവലെ, സിഇഒ, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: