ന്യൂദല്‍ഹി: ഓക്സിജന്‍ വിതരണത്തിനായി ക്രയോജനിക് ടാങ്കുകള്‍ ലഭ്യമാകാന്‍ ചിട്ടയായ നടപടികള്‍ സ്വീകരിക്കാന്‍ ദല്‍ഹി സര്‍ക്കാരിനോട് നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി. കോവിഡ് ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ നീക്കത്തിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി പറഞ്ഞു. ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി മഹാരാജ അഗ്രസെന്‍ ആശുപത്രി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖ പള്ളി എന്നിവരുടെ ബഞ്ചിന്റെ നിര്‍ദേശം. ദല്‍ഹി സര്‍ക്കാര്‍ ക്രയോജനിക് ടാങ്കുകള്‍ ഏര്പ്പാടാക്കാത്തതാണ് പ്രാഥമികമായി ഓക്സിജന്‍ വിതരത്തെ ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനസര്‍ക്കാരിന് ആവശ്യമായ സഹായം നല്കാന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആളുകളെ ഇതുപോലെ മരിക്കാന്‍ അനുവദിക്കാനാകില്ല. വിതരണത്തില്‍ ക്രയോജനിക് ടാങ്കുകള്‍ കുറവെങ്കില്‍ ജിഎന്സിടിഡിയുമായി സഹകരിച്ച് കേന്ദ്രം ഇതു ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബഞ്ച് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ദല്‍ഹിയും ടാങ്കുകള്‍ ഏര്‍പ്പാട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ദല്‍ഹി വ്യാവസായിക സംസ്ഥാനമല്ലെന്നും അതിനാല്‍ ക്രയോജനിക് ടാങ്കുകള്‍ കൈവശമില്ലെന്നും സംസ്ഥാനം അറിയിച്ചു.
ടാങ്കറുകള്‍ ഇല്ലെങ്കില്‍ വിതരണക്കാരുമായി നേരിട്ട് സംസാരിക്കണം. അതാണ് എല്ലാ സംസ്ഥാനങ്ങളും ചെയ്യുന്നതെന്ന് സോളിസിറ്റര്‍ ജനറര്‍ തുഷാര്‍ മേത്ത വാദിച്ചു. തുടര്‍ന്ന് ക്രയോജനിക് ടാങ്കറുകള്‍ക്കുള്ള ക്രമീകരണം ചെയ്യാത്തതിന് ദല്‍ഹി സര്‍ക്കാരിനെ ഡിവിഷന് ബഞ്ച് കുറ്റപ്പെടുത്തി. ഓക്സിജന്‍ അനുവദിച്ചാല്‍ പടിവതിലില്‍ എത്തിക്കുമെന്ന് നിങ്ങള്‍ കരുതുന്നതാണ് പ്രശ്നം. അത് എങ്ങനെ ലഭിക്കുമെന്നല്ല. അനുവദിച്ചശേഷം ഓക്സിജന്‍ ശേഖരിക്കാന്‍ ടാങ്കറുകള്‍ക്കായി എന്തെങ്കിലും ശ്രമം നടത്തിയിരുന്നുവോയെന്നും കോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: