മോസ്കോ:ജയിലില്‍ കഴിയുന്ന റഷ്യയുടെ വിമതനേതാവ് അലക്സി നവല്‍നി നിരാഹാരം നിര്‍ത്തി. ഇനിയും നിരാഹാരം തുടര്‍ന്നാല്‍ മരിച്ചുപോയേക്കാമെന്ന പ്രധാന അഞ്ച് ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് അദ്ദേഹം നിരാഹാരം നിര്‍ത്തിയത്.
നിരാഹാരം നിര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് റഷ്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലില്‍ നിന്നും ജയില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ച് കൊല്ലാനല്ല, ഇഞ്ചിഞ്ചായി പീഢിപ്പിക്കാനാണ് പുടിന് ശ്രമിക്കുന്നതെന്ന് നവല്‍നിയുടെ ജീവനക്കാരുടെ മേധാവി ലിയോനിഡ് വോല്കോവ് പറഞ്ഞു.
മാര്‍ച്ച് 31മുതല്‍ അദ്ദേഹം മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുകയായിരുന്നു. നേരത്തെ വിമാനയാത്രക്കിടയില്‍ വിഷബാധയേറ്റ അദ്ദേഹം ജര്‍മ്മനിയില്‍ ചികിത്സയിലായിരുന്നു. തന്റെ ശരീരത്തില്‍ വിഷബാധയേല്പിച്ചതിന് പിന്നില്‍ റഷ്യയിലെ സുരക്ഷാഉദ്യോഗസ്ഥരാണെന്ന് നവല്‍നി ആരോപിച്ചിരുന്നു. യുഎസും യൂറോപ്യന്‍ യൂണിയനും നവല്‍നിയുടെ ഈ ആരോപണം ഏറെക്കുറെ ശരിവെച്ചിരുന്നു. എന്നാല്‍ റഷ്യ ഇത് നിഷേധിച്ചു. പിന്നീട് റഷ്യയിലെത്തിയ അദ്ദേഹത്തെ പുടിന് സര്‍ക്കാര്‍ ജയിലിലടക്കുകയായിരുന്നു.
ഇതിനിടെ, നവല്‍നിയുടെ ആരോഗ്യനില മോശമാകുന്നുവെന്നും അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര് റഷ്യയിലുടനീളം വിലക്ക് ലംഘിച്ച് പ്രതിഷേധസമരത്തിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. റഷ്യയിലെ പല നഗരങ്ങളിലും നവല്‍നിക്ക് ചികിത്സ നിഷേധിക്കരുതെന്ന ആവശ്യമുന്നയിച്ച് ഏകദേശം അഞ്ച് ലക്ഷം പേര് പ്രതിഷേധിച്ചു. നേരത്തെ നവല്‍നിയുടെ പ്രധാന സഹായികളായ ല്യൂബോവ് സോബോള്‍, വക്താവ് കിര യര്‍മിഷ് എന്നിവരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം രണ്ടായിരം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: