കളമശേരി: കൊവിഡിന്റെ വ്യാപനം ദിനംപ്രതി കൂടുമ്പോള്‍ പോലീസ് വിശ്രമമില്ലാതെ ഓടി നടന്ന് തന്റെ കര്‍ത്തവ്യം നിറവേറ്റുമ്പോഴും പൊതുജനത്തിന് ഇപ്പോഴും എല്ലാം നിസാരം. കളമശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ മാസ്ക് വെക്കാത്തവരെയും കൂട്ടം കൂടുന്നവരെയും കര്‍ശനമായി പിഴയടപ്പിച്ചിട്ടും താക്കീത് നല്‍കിയിട്ടും പൊതുജനം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. കളമശേരി നഗരസഭയില്‍ കണ്ടെന്‍മെന്റ് സോണുകള്‍ കൂടി വരുമ്പോഴും അകലം പാലിക്കാതെയും മാസ്ക് വയ്ക്കാതെയും ഇപ്പോഴും പല സ്ഥലങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്നതായി പോലീസ് പറയുന്നു.
കളമശേരി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനു സമീപം ബിവറേജസിന് മുന്നില്‍ ഇന്നലെ മൂന്നു വട്ടമാണ് പോലീസ് എത്തി താക്കീത് നല്‍കിയത്. രണ്ടു ദിവസം കര്‍ഫ്യു ഏര്‍പ്പെടുത്തിയതിനാല്‍ മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യാനായി നിരവധി ആളുകളാണ് ഇവിടെ എത്തിയത്. കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കാനും ഈ അവസരം മുതലാക്കുന്ന ആളുകള്‍ വേറെയും ഉണ്ട്. അകലം പാലിക്കാതെ കൂട്ടം കൂടി നിന്നവരെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. വ്യാപാര സ്ഥാപനങ്ങളിലും കളമശേരി വ്യവസായ മേഖലയിലും പരിശോധന കര്‍ശനമാക്കി.
സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികിലെ പൂജാരിപ്പടിക്കു സമീപമുള്ള ബിവറേജ് ഔട്ട് ലെറ്റില്‍ മദ്യം വാങ്ങാന്‍ വന്‍ തിരക്ക്. ഇന്നും നാളെയും അവധി യായതിനാല്‍ കൈവശം സൂക്ഷിക്കാവുന്ന അനുവദനീയമായ അളവില്‍ കൂടുതല്‍ വാങ്ങാന്‍ മത്സരമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള തിക്കും തിരക്കും കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പല തവണ പോലീസെത്തി നിയന്ത്രിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: