മുംബൈ: ബെംഗളൂരുവിനെതിരായ തോല്‍വിയില്‍ പ്രതികരിച്ച് രാജസ്ഥാന് പരിശീലകന് കുമാര്‍ സംഗക്കാര. ബാറ്റിങ്ങിലടക്കം മുന്നേറാനുണ്ട്. ആദ്യ നാല് താരങ്ങളില്‍ ഒരാള്‍ വലിയ ഇന്നിങ്സ് കാഴ്ചവയ്ക്കാത്തതാണ് പോരായ്മ. ഇംഗ്ലീഷ് താരം ജോസ് ബട്ലര്, നായകന് സഞ്ജു സാംസണ്, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, മനന്‍ വോറ എന്നിവരാണ് ആദ്യ നാലില്‍ ബാറ്റ് ചെയ്യുന്നത്. സ്ഥിരതയില്ലാതെ ബാറ്റ് ചെയ്യുന്നത് ടീമിന് തിരിച്ചടിയാകുമെന്നും സംഗക്കാര പറഞ്ഞു.
പവര്‍പ്ലേയില്‍ തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ പവര്‍പ്ലേയില്‍ നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രം. മധ്യ ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നതാണ് ടീമിന് സ്കോര്‍ നല്‍കുന്നത്. തെവാതിയയും ദുബെയും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തി. എല്ലാവരും സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും സ്ഥിരതയില്ലെങ്കില്‍ മുന്നേറാനാകില്ലെന്നും സംഗക്കാര പറഞ്ഞു. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമായി അവസാന സ്ഥാനത്താണ് രാജസ്ഥാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: