ലോകത്തിന്റെ ഭാഗമാണ് ഇന്ത്യയും. ലോകമാകെ മഹാമാരിയുടെ മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്നു. ലോകത്തിന്റെ ഫാര്‍മസിയായി തീരാന്‍ ഇന്ത്യക്കായത് സുകൃതമാണ്. നൂറ്റമ്പതോളം രാജ്യങ്ങള്‍ ഇന്ത്യാ നിര്‍മ്മിത വാക്‌സിന് കാത്തിരിക്കുന്നു. പരമാവധി വാക്‌സിന്‍ എത്തിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുമുണ്ട്. ലോകാ സമസ്താ സുഖിനോഭവന്തു എന്നതാണല്ലോ നമ്മുടെ ആപ്തവാക്യം. ഇന്ത്യ മാത്രമല്ല ലോകത്താകെയുള്ള ജനസമൂഹത്തിന് ശാന്തിയും സമാധാനവും നേരുന്ന ഒരു രാജ്യത്തിന് മരുന്ന് തരാന്‍ പറ്റില്ലെന്ന് എങ്ങിനെ പറയാനാകും?
മരുന്നുനല്‍കിയതിന് പഴികേള്‍ക്കുകയാണ് നരേന്ദ്രമോദി. ഇവിടെ നല്‍കേണ്ട മരുന്ന് മറുരാജ്യങ്ങള്‍ക്ക് നല്‍കിയതെന്തിന് എന്ന് ചോദിക്കുകയാണ് ചിലര്‍. അമ്മയും മകനും മകളും ഇതിന്റെ പേരില്‍ തൊള്ളതുറന്നുകൊണ്ടേയിരിക്കുന്നു. സര്‍വരാജ്യത്തൊഴിലാളികളുടെ ക്ഷേമവും ഐശ്വര്യവും സര്‍വനേരവും ഉരുവിടുന്ന കമ്മ്യൂണിസ്റ്റുകാരും നരേന്ദ്രമോദിയുടെ ചോരയ്‌ക്കുവേണ്ടി നാവുംനീട്ടി പായുകയാണ്.
വാക്‌സിന്‍ നിഷേധിക്കേണ്ടത് ആര്‍ക്കൊക്കെയാണ്. ഇറ്റലിക്ക് കൊടുക്കാമോ വാക്‌സിന്‍? ചെറുതും വലുതുമായ കമ്യൂണിസ്റ്റ് രാജ്യങ്ങളും ഇന്ത്യയുടെ വാക്‌സിന്റെ അളവു കൂട്ടാന്‍ കൊതിക്കുന്നു. അവര്‍ക്കും നിഷേധിക്കണോ വാക്‌സിന്‍. വാക്‌സിന്‍ മാത്രമല്ല ഓക്‌സിജനും ലഭ്യമല്ലാത്ത സാഹചര്യം. പ്രതിസന്ധിനേരിടാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കഠിന പ്രയത്‌നങ്ങള്‍ തന്നെ നടത്തുകയാണ്. അതിനിടയില്‍ ചിലവിരുതന്മാര്‍ രാഷ്‌ട്രീയ വിരോധം പ്രകടിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. താടി കത്തുമ്പോള്‍ ബീഡി കത്തിക്കാന്‍ ശ്രമിക്കും പോലെ. അതില്‍ മുഖ്യ പങ്കുവഹിക്കുകയാണ് കേരളം. പ്രത്യേകിച്ചും ധനമന്ത്രി ടി.എം. തോമസ് ഐസക്ക്.
മഹാവ്യാധിയുടെ ആധിയില്‍ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്നാണ് ഐസക്ക് പറയുന്നത്. ‘ചെകുത്താനും കടലിനും ഇടയില്‍ ‘എന്ന പഴഞ്ചൊല്ല്, ‘കോവിഡിനും മോദിയ്‌ക്കും ഇടയില്‍’ എന്ന് പുതുക്കുകയാണ് രാജ്യമെന്നും ധനമന്ത്രി വിമര്‍ശിക്കുന്നു. കോവിഡ് പടര്‍ന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയാധികാരം മുഴുവന്‍ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറാന്‍ മോദിയ്‌ക്കും കൂട്ടര്‍ക്കുമല്ലാതെ ആര്‍ക്കു കഴിയും? പാവപ്പെട്ടവന്റെ ജീവന്‍ വൈറസ് എടുത്തോട്ടെ, പണമുള്ളവന്‍ മാത്രം അതിജീവിച്ചാല്‍ മതിയെന്നാണ് മോദിയും സംഘവും നിര്‍ലജ്ജം പ്രഖ്യാപിക്കുന്നത്. ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാന്‍ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാള്‍ ലജ്ജാകരം തോമസ് ഐസക് ഫേസ് ബുക്കില്‍ കുറച്ചിട്ടിരിക്കുന്നു. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ച കേരള ധനമന്ത്രി ആര്‍ക്കുവേണ്ടിയാണാവോ ഇങ്ങിനെ പറയുന്നത്. എത്ര മ്ലേഛമായ വിമര്‍ശനമാണിത്. ആരോടും ഉത്തരവാദിത്തമില്ലാത്തവന്റെ ജല്പനങ്ങള്‍ എന്നല്ലാതെന്തുപറയും?
അമ്മക്കൊരു ന്യായം മകള്‍ക്കൊരു ന്യായം എന്ന് കേള്‍ക്കാറുണ്ടല്ലോ. അതുപോലുള്ള അനുഭവം വിവരിച്ചത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യാണ്.
”കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. സമ്മേളനത്തിനിടയില്‍ നേരിയ രോഗലക്ഷണങ്ങളെത്തുടര്‍ന്നു ഞാനും ഒപ്പമുണ്ടായിരുന്ന ഭാര്യ ഡോ. ഗീതയും പാര്‍ലമെന്റ് അനക്‌സിലെ ഐസിഎംആര്‍ ലാബില്‍ കോവിഡ് പരിശോധനയ്‌ക്കു വിധേയരായി. ആദ്യത്തെ ആന്റിജന്‍ പരിശോധനയില്‍ തന്നെ എനിക്കു കോവിഡ് പോസിറ്റീവ്. ഗീതയ്‌ക്കു നെഗറ്റീവ്.
നിമിഷങ്ങള്‍ക്കുളളില്‍ ഞങ്ങളെ രണ്ടു പേരെയും പ്രത്യേക സ്ഥലങ്ങളിലേക്കു മാറ്റി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) ആംബുലന്‍സെത്തി എന്നെ സ്ട്രക്ചറില്‍ കിടത്തി കോവിഡ് സെന്ററിലാക്കി. ആംബുലന്‍സില്‍ എന്നോടൊപ്പം വരണമെന്നു ആവശ്യപ്പെട്ട ഗീതയെ അവര്‍ തടഞ്ഞു. ആശുപത്രിയിലെത്തിച്ചു സ്ട്രക്ചറില്‍ എന്നെ ലിഫ്റ്റിലേക്കു കയറ്റുമ്പോഴേക്കും ആംബുലന്‍സിനെ പിന്തുടര്‍ന്നു കാറില്‍ ഗീത അവിടെ എത്തി. എന്റെ എല്ലാ സുഖദുഃഖങ്ങളിലും കൂടെ ഉണ്ടാകുന്ന ഭാര്യ, ആശുപത്രിയില്‍ എന്നെ പരിചരിക്കാനായി ഒപ്പം നില്‍ക്കണം എന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെ പരിചാരകയായി നിന്നുകൊള്ളാമെന്നു അഭ്യര്‍ഥിച്ചിട്ടും അവര്‍ അനുവദിച്ചില്ല. അതു മറ്റൊന്നും കൊണ്ടല്ല, നിയമവും ചട്ടവും പ്രോട്ടോക്കോളും അനുവദിക്കാത്തതുകൊണ്ടു മാത്രം.”
പക്ഷേ കേരളത്തില്‍ നിയമം പോകാന്‍പറ എന്ന നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്. പോലീസാണ്. ആരോഗ്യവിദഗ്ധരാണ്. കുടുംബകാര്യം മുഖ്യമന്ത്രിയുടെ മാത്രം സ്വകാര്യ ഇടപാടാണോ?
ഇവിടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം പ്രസക്തമാകുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിഗമനം അവഗണിക്കേണ്ടതാണോ? സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ആവശ്യപ്പെട്ടു.
ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്കുപട്ടികയിലുള്ളവരിലും നിജപ്പെടുത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിങ് കിറ്റ് ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനത്തിലെ ലാബ് ടെക്‌നീഷ്യന്മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം എന്നൊക്കെയാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെയ്യേണ്ടതും നരേന്ദ്രമോദി സര്‍ക്കാറാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: