കുണ്ടറ: ലക്ഷങ്ങള്‍ പാഴാക്കിയിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത സംവിധാനമായി കിഴക്കേകല്ലടയിലെ കൊവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍. 22,62,000 രൂപ ചെലവാക്കി നിര്‍മ്മിച്ച സെന്ററില്‍ ഒരു രോഗിയെ പോലും ചികിത്സിച്ചില്ലെന്ന് വിവരാവകാശ രേഖ.
കിഴക്കേകല്ലട ഗ്രാമപഞ്ചായത്താണ് വന്‍തുക ചെലവാക്കി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചത്. എന്നാല്‍ ഇതിനുശേഷം ഒരു രോഗിയെ പോലും ചികിത്സിക്കാന്‍ കഴിഞ്ഞില്ല. 2020 ജൂലൈ 31ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയാണ് കിഴക്കേ കല്ലടയിലെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഇരുന്നൂറോളം രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന ട്രീറ്റ്മെന്റ് സെന്ററായാണ് കിഴക്കേ കല്ലടയിലെ ഒരു സ്വകാര്യ സ്കൂളില്‍ ഇതാരംഭിച്ചത്. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ട്രീറ്റ്മെന്റ് സെന്ററിലെ രണ്ട് ക്ലാസ്സ് റൂമുകളും ഓഫീസും സ്കൂള്‍ അധികൃതര്‍ക്ക് തുറന്നു നല്കി. ബാക്കിയുള്ള ക്ലാസ്സ് മുറികള്‍ പൂട്ടി താക്കോല്‍ ഇപ്പോഴും സൂക്ഷിക്കുന്നത് പഞ്ചായത്താണ്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന സാധനസാമഗ്രികള്‍ വാങ്ങാന്‍മാത്രം 10,19,058 രൂപ ചെലവായെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകട്ടെ സ്കൂള്‍ കോവിഡ് സെന്റര്‍ ആക്കി മാറ്റാനുള്ള ഇലക്ട്രിക്കല്‍ വര്‍ക്ക് ഡോക്ടേഴ്സ് ക്യാബിന് നഴ്സസ് ക്യാബിന്, ഡോണിംഗ് ആന്‍ഡ് ഡോഫിഗ് റൂം, രണ്ട് ടോയ്ലറ്റുകള്, രോഗികള്‍ പുറത്ത് കടക്കാതിരിക്കാനുള്ള ഗ്രില്‍ വര്‍ക്ക് എന്നിവയാണ്. രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് 1017812 രൂപയുമായി. എഫ്എല്സിടിസിയുടെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: