കൊച്ചി: ജില്ലയിലെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി. 48 പഞ്ചായത്തുകളില്‍ 25% ത്തില്‍ അധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്, 45%. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ താത്കാലികമായി നീട്ടിവെക്കും. കൂടാതെ പിഎച്ച്സികളിലെ ഉച്ചയ്ക്ക് ശേഷമുള്ള ഒപി സേവനവും താത്കാലികമായി നിര്‍ത്തി. ഈ ഡോക്ടര്‍മാരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുനര്‍ വിന്യസിക്കും. കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടയ്ന്മെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കണ്ടയ്ന്മെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടയ്ന്മെന്റ് സോണ്‍ ആക്കി നിലനിര്‍ത്തും. കര്‍ശന പരിശോധന ഈ പ്രദേശങ്ങളിലുണ്ടാകും. കണ്ടയ്ന്മെന്റ് സോണുകളില്‍ ജിംനേഷ്യം പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പാര്‍ക്കുകളില്‍ പ്രഭാത സവാരി നടത്താമെങ്കിലും പാര്‍ക്കില്‍ വന്നിരിക്കാനോ കൂട്ടം ചേരാനോ പാടില്ല. സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകളില്‍ 75% വും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്ന് ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളേജില്‍ 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയും. ജില്ലയിലെ വാക്സിന് വിതരണത്തിന് കൃത്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു, ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: