കൊച്ചി: പതിമൂന്നുകാരി വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സനു മോഹനെതിരെ തെളിവുകള്‍ ശക്തമാകുന്നു. സനു മോഹന്‍ കോയമ്പത്തൂരില്‍ വിറ്റ കാറും മകളുടെ ദേഹത്ത് നിന്ന് അഴിച്ചെടുത്ത സ്വര്‍ണവും അന്വേഷണ സംഘം കണ്ടെത്തി. സനുവുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. കൂടാതെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ വൈഗയുടേതാണെന്ന് പരിശോധന റിപ്പോര്‍ട്ട്.
പോലീസിന് ലഭിച്ച ഡിഎന്‍എ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ല. എന്നാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നിതിനിടെ മൂക്കില്‍ നിന്ന് പൊടിഞ്ഞ രക്തമാണിതെന്നാണ് പോലീസ് നിഗമനം. ഇതു സ്ഥിരീകരിക്കുന്ന മൊഴി സനുവും പോലീസിന് നല്‍കിയിരുന്നു. വൈഗയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. തൃക്കാക്കര സിഐ ധനപാലന്റെ നേതൃത്വത്തിലാണ് കാര്‍ വിറ്റ സ്ഥാപനത്തിലും സ്വര്‍ണം വിറ്റ സ്ഥാപനത്തില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തിയത്.
സനുവിന്റെ കാര്‍ മൂന്ന് ലക്ഷം രൂപയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചിരുന്നത്. എന്നാല്‍ അഡ്വാന്‍സായി 50,000 രൂപ മാത്രമാണ് നല്‍കിയത്. മറ്റ് രേഖകള്‍ നല്കിയ ശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍. വൈഗയുടെ ആഭരണങ്ങള്‍ വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. സനു വിറ്റ കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി ഇന്ന് കൊച്ചിയിലെത്തിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തമിഴ്നാട്ടിലെ തെളിവെടുപ്പിന് ശേഷം ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സനു മോഹനെ എത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശേഷം നാല് ദിവസത്തിനുശേഷം അന്വേഷണ സംഘം മടങ്ങിയെത്തും. മാര്‍ച്ച് 22ന് ഉച്ചയോടെയാണ് വൈഗയുടെ മൃതദേഹം പെരിയാറില്‍ പൊങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: