ചവറ: തെക്കുംഭാഗം പള്ളിക്കോടി-ദളവാപുരം പാലം നിര്‍മിക്കാനായി പള്ളിക്കോടി ഭാഗത്ത് സര്‍ക്കാര്‍ പൊന്നുംവില കൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ സെമിത്തേരി നിര്‍മാണം തകൃതി. റവന്യൂ വകുപ്പ് ഏറ്റെടുത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറിയ ഭൂമിയിലാണ് സമീപത്തെ പള്ളിയുടെ ഭാരവാഹികള്‍ കയ്യേറിയത്. പള്ളിക്കോടി ബോട്ട് ജെട്ടി, അഷ്ടമുടിക്കായല്‍ തീരങ്ങള്‍, പഴയ ജങ്കാര്‍ജെട്ടി, വള്ളക്കടവ്, ബോട്ട് ജെട്ടി റോഡ് എന്നിവയും കയ്യേറ്റത്തില്‍ പെടുന്നു. ഇവിടെയും നിയമവിരുദ്ധമായ നിരവധി നിര്‍മാണങ്ങള്‍ നടക്കുന്നതായാണ് ആക്ഷേപം.
അഷ്ടമുടിക്കായല്‍ ഡ്രഡ്ജിംഗ് നടത്തിയ ശേഷം ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് ലേലം ചെയ്ത മണ്ണും ചെളിയും കൈക്കലാക്കിയാണ് സെമിത്തേരിയുടെ വിസ്തൃതി കൂട്ടുന്നത്. 11 ലക്ഷം രൂപയാണ് ഡ്രഡ്ജിംഗിനായി പഞ്ചായത്ത് മുടക്കിയത്. പഞ്ചായത്തിന്റെ ഒത്താശയോടെ ജെസിബി ഉപയോഗിച്ച് കോരിയെടുത്താണ് സെമിത്തേരി പടിഞ്ഞാറ് ഭാഗം കായല്‍ തീരത്തേക്ക് നീട്ടുകയും പള്ളി വക ഭൂമി നാലുവശവും ഉയര്‍ത്തുക യും ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് റവന്യൂ-പഞ്ചായത്ത് അധികൃതരുടെ അനുമതി വാങ്ങാതെ പഴയ സെമിത്തേരി പൊളിച്ച് സര്‍ക്കാര്‍ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കയ്യേറിയ സ്ഥലത്ത് അതിവേഗത്തില്‍ നൂറോളം ശവക്കല്ലറകള്‍ നിര്‍മിക്കുകയും കല്ലറ ഒന്നിന് മൂന്നുലക്ഷം രൂപ വച്ച് വിശ്വാസികള്‍ക്ക് വില്പന നടത്തുകയും ചെയ്തതായാണ് പരാതി.
ഹരി ചേനങ്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: