തൃശൂര്‍: തൃശൂര്‍ പൂരത്തിന് നാന്ദി കുറിച്ചുള്ള പൂരം വിളംബരം ഇന്ന് നടന്നു. കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരവാതില്‍ തള്ളി തുറന്നു. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുര നടയിലൂടെയാണ് നാളെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തുക. പൂരം നാളില്‍ ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിന് തൊട്ടുപിറകേ മറ്റു 7 ഘടകപൂരങ്ങളും പാറമേക്കാവ്, തിരുമ്പാടി ഭഗവതിമാരും വടക്കുന്നാഥനെ പ്രണമിക്കാനെത്തും.
മേളക്കാരും ആനക്കാരും പൂരക്കമ്മിറ്റി ഭാരവാഹികളുമടക്കം 50 പേര് മാത്രമേ പൂര വിളംബരത്തില്‍ പങ്കെടുത്തുള്ളൂ. കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കിയായിരുന്നു വിളംബര ചടങ്ങ്. നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് തന്ത്രി പൂജകള്‍ക്ക് ശേഷം രാവിലെ നാഗസ്വരത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ആരംഭിച്ചു. വിയ്യൂര്‍, പെരിങ്ങാവ്, പാട്ടുരായ്ക്കല്‍, ഷൊര്‍ണൂര്‍ വഴി നായ്ക്കനാലിലൂടെ സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലൂടെ വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്ക് കടന്ന് മണികണ്ഠനാലിനടുത്ത് എത്തി. തുടര്‍ന്ന് ജിതിന് കല്ലാറ്റിന്റെ നേതൃത്വത്തില്‍ 17 അംഗ സംഘം നയിച്ച മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി
11.30ന് പടിഞ്ഞാറെ നടയിലൂടെ ഉള്ളില്‍ കയറി. വടക്കുന്നാഥനെ പ്രദക്ഷിണം വെച്ച് തെക്കേ ഗോപുര നടയ്ക്ക് സമീപം എഴുന്നെള്ളിപ്പെത്തിയപ്പോള് കേളി പറ്റ്, കൊമ്പ് പറ്റ് എന്നിവ നടന്നു. തുടര്‍ന്ന് 11.48ന് പൂര വിളംബരം അറിയിച്ച് എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തള്ളി തുറന്നു. പുറത്ത് നിറപറയും നിലവിളക്കും വെച്ച് വടക്കുന്നാഥ ക്ഷേത്രം ഉപദേശ സമിതി നെയ്തലക്കാവിലമ്മയെ വരവേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: