കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കോട്ടയത്ത് വാക്സിന് വിതരണ കേന്ദ്രത്തില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വന്‍തിരക്ക് അനുഭവപ്പെട്ട കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്കൂളിലാണ് ഇന്നും സംഘര്‍ഷമുണ്ടായത്. മെഗാ വാക്സിനേഷന് ക്യാമ്പാണ് സജ്ജീകരിച്ചിരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശമൊക്കെ പാഴ്വാക്കായി.
രാവിലെ ആറു മണി മുതല്ക്കേ വാക്സിനു വേണ്ടി ജനങ്ങള്‍ സ്കൂളില്‍ എത്തിയിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവരും എത്തി. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നല്‍കുകയും അല്ലാത്തവരോട് വരിയില്‍ നില്ക്കാന് ആവശ്യപ്പെടുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് ആദ്യം പ്രശ്നം തുടങ്ങിയത്. ക്യൂവില്‍ നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്കാന് തുടങ്ങിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും തള്ളിക്കയറി. ഇതോടെ ഉന്തും തള്ളും വാക്കേറ്റവുമായി. ആരോഗ്യവകുപ്പ് ജീവനക്കാരുമായി തര്‍ക്കമായതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ കൂടുതല്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കി ടോക്കണ്‍ വിതരണം ചെയ്തത്. പിന്നീട് പ്രവേശന ഗേറ്റിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലും ഈ കേന്ദ്രത്തില്‍ വലിയ തിരക്ക് അഭവപ്പെട്ടിരുന്നു. മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും വാക്സിന് ലഭിക്കാതെ നിരവധി പേര് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. വാക്സിന് വിതരണം ആരംഭിക്കുന്നതിന്റെ ആദ്യ മണിക്കൂറുകളിലാണ് ഈ തിക്കും തിരക്കും വാക്കുതര്‍ക്കവും അനുഭവപ്പെടുന്നത്. ഈ ഘട്ടങ്ങളില്‍ സാമൂഹ്യ അകലം പോലും പാലിക്കപ്പെടുന്നില്ല. കൂടുതല്‍ പോലീസിനെ നിയോഗിച്ച് രാവിലെ മുതല്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് വാക്സിനെടുക്കാന്‍ എത്തിയവരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: