മലപ്പുറം: മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത കരിപ്പൂരിലെ 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തത്. ജനുവരി 12ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് ഓഫീസില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ അനുമതി തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. സിബിഐ രണ്ട് തവണ റിമൈന്‍ഡര്‍ നല്‍കുകയും ആഭ്യന്തര സെക്രട്ടറിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് അനുമതി നല്‍കിയത്.
കരിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് മാഫിയയുമായി സിപിഎമ്മിനും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമുള്ള ബന്ധമാണ് അനുമതി നീളാന്‍ കാരണമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കരിപ്പൂരില്‍ നിന്ന് സ്വര്‍ണവുമായി പിടികൂടുന്നവരില്‍ ഭൂരിഭാഗം ആളുകളും മുസ്ലിംലീഗ് ബന്ധമുള്ളവരാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുമുണ്ട്. രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച് കള്ളക്കടത്ത് സംഘങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വരുതിയിലാക്കിയാണ് സ്വര്‍ണം കടത്തിയിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ മുസ്ലിംലീഗിന്റെ പോഷക സംഘടനകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നടത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണം കടത്തിയിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്ന വിമാനത്താവളമെന്ന ദുഷ്പ്പേരും കരിപ്പൂരിനാണ്. കള്ളക്കടത്തിന് ഒത്താശ ചെയ്യുന്നത് ചില കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വിവരത്തെ തുടര്‍ന്നാണ് ജനുവരി 12ന് സിബിഐ വിമാനത്താവളത്തില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന് മൂന്നരലക്ഷം രൂപയും 81 പവന് സ്വര്‍ണവും കണ്ടെടുത്തു. ഇമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍കോടി രൂപയുടെ സ്വര്‍ണവും വിദേശസിഗരറ്റ് പെട്ടികളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ സിബിഐ അനുമതി തേടിയത്. അനുമതി നല്കേണ്ടതിന് പകരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് സര്‍ക്കാരും മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളും ചെയ്തത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണം കൂടുതലും ഗുജറാത്തിലെ മാര്‍വാഡികള്‍ക്കാണ് എത്തുന്നത്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബിജെപി ബന്ധമുണ്ട്. അതിനാലാണ് അന്വേഷണം ആ വഴിക്ക് നീങ്ങാത്തത്. വിവാദമായ നയതന്ത്രബാഗേജു വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലും മുഖ്യകണ്ണികളെ കസ്റ്റംസ് തൊട്ടിട്ടില്ല തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സിബിഐയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ അവയെല്ലാം വിഫലമായി.
ഇത്രയേറെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇതാദ്യം
കൊച്ചി: സംസ്ഥാനത്ത് ഇത്രയേറെ കസ്റ്റസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്തിന് കൂട്ടു നിന്ന് കേസില്‍പ്പെടുന്നത് ഇതാദ്യം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 12 നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐയും ഡിആര്‍ഐയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വന്‍തോതില്‍ കള്ളക്കടത്ത് നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യവിമാനം എത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ കസ്റ്റംസ് ഏരിയയില്‍ നിന്ന് മൂന്നരലക്ഷം രൂപയും 81 പവന് സ്വര്‍ണവുമാണ് കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ട് അടക്കം ഉന്നത ഉദ്യോഗസ്ഥരുടം കള്ളക്കടത്ത് മാഫിയയും ചേര്‍ന്ന ലോബിയാണ് ഇതിന് പിന്നിലെന്ന് സിബിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞു.സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂര്‍ വിമാനത്താവളം മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കരിപ്പൂരില്‍നിന്ന് കസ്റ്റംസ് പിടികൂടിയത് 130 കോടിയിലധികം രൂപയുടെ 350 കിലോഗ്രാം സ്വര്‍ണമാണ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണിത്. ഒന്നോ രണ്ടോ കിലോവരെ അനധികൃത സ്വര്‍ണം പിടിച്ചാല്‍ കോടതിയില്‍ പോലും ഹാജരാക്കേണ്ട ആവശ്യമില്ലാതെ ഓഫീസര്‍മാര്‍ക്ക് തന്നെ ജാമ്യം നല്‍കാനുള്ള നിയമത്തിലെ പഴുതില്‍ പിടിച്ചാണ് സ്വര്‍ണം കടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: