ആനവ ദേശത്ത് ദീര്‍ഘതമസ്സിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. ഇതൊന്നും ആഗ്രഹിക്കാത്ത തപസ്വി എന്നറിഞ്ഞിട്ടും രാജകീയ സ്വീകരണം. അവര്‍ക്ക് താന്‍ വിശിഷ്ടനായ ഒരു അതിഥിയാണത്രേ.
കൊട്ടാരത്തില്‍ തന്റെ പരിചരണത്തിനായി രാജാവ് മഹാറാണി സുദേഷ്ണയെത്തന്നെ ചുമതലപ്പെടുത്തി. സുദേഷ്ണയും കുറേ തോഴിമാരും മിക്കവാറും കൂടെയുണ്ടാകും ഈ അന്ധനെ സേവിക്കാന്‍.
അന്ധതയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പണ്ട് തന്റെ പിതാമഹന് (അപ്പൂപ്പന്) പറഞ്ഞത് ദീര്‍ഘതമസ്സിന് ഓര്മ വന്നു. അന്ന് അദ്ദേഹം (അംഗിരസ് മഹര്‍ഷി) തന്നെ അനുഗ്രഹിച്ചിരുന്നു. നീ ദീര്ഘതമസ്സായിരിക്കാം. പക്ഷേ സ്ഥിര തമസ്സല്ല. നിന്റെ അന്ധത ദിവ്യജ്ഞാനം കൊണ്ട് നീക്കപ്പെടും. അദ്ദേഹം എന്താണാവോ അങ്ങനെ പറഞ്ഞത്. തന്റെ അകക്കണ്ണ് തുറക്കുന്ന കാര്യമാണോ അതോ പുറം കണ്ണ് തുറക്കുന്ന കാര്യമോ?
അംഗിരസ് മഹര്‍ഷി മഹാനാണ്. സമുദ്രത്തെപ്പോലും കുടിച്ചു വറ്റിച്ച മഹാന്. ആ മാമുനിയാണ് സാഗരമൊന്നായ് കുടിച്ചു വറ്റിക്കുന്ന വിദ്യ എന്റെ പിതാവായ ഉതഥ്യന് നല്‍കിയത്. ആ നിലയ്ക്ക് അംഗിരസിന്റെ വാക്കുകള്‍ തെറ്റാന്‍ സാധ്യതയില്ല. എന്റെ കാഴ്ച തിരിച്ചു കിട്ടുമായിരിക്കും. എന്തായിരിക്കും അതിനുള്ള മാര്‍ഗം തപോമാര്ഗം തന്നെ. കൊട്ടാരത്തിലെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചു കഴിയുന്നതിനിടയില്‍ പലപ്പോഴും മഹാരാജനോട് പറഞ്ഞതാണ് അതിഥികള്‍ അഞ്ചു ദിവസത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് താമസിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഋഷിമാര്‍.
എന്നാല്‍ തന്റെ വാക്കുകളെ മഹാരാജന് സ്നേഹപൂര്‍വം നിരസിച്ചു. കൂട്ടത്തില്‍ അദ്ദേഹം ഒരു വരം അഭ്യര്‍ഥിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ അത് പിന്നീടു പറയാം എന്നു പറഞ്ഞ് ഒഴിഞ്ഞു.
എന്തായിരിക്കും മഹാരാജന്റെ ആവശ്യം. ദീര്‍ഘ തമസ്സ് ചിന്തിച്ചു. കാര്യങ്ങളെല്ലാം വിലയിരുത്തിയപ്പോള്‍ ഒരു സംശയം. മഹാരാജാവിന് സന്താനങ്ങളില്ല. അപ്പോള്‍ സന്താന വിഷയവുമായി ബന്ധപ്പെട്ടാണോ അദ്ദേഹത്തിന്റെ ആവശ്യം.
ക്രമത്തില്‍ ദീര്‍ഘതമസ്സിന് കാര്യങ്ങള്‍ പ്രകടമായിത്തുടങ്ങി. മഹാരാജാവിന് സൗന്ദര്യമില്ലെന്നും മഹര്‍ഷി സുന്ദരനാണെന്നുമെല്ലാം പലപ്പോഴും രാജാവു തന്നെ പറഞ്ഞിട്ടുണ്ട്. തന്നില്‍ നിന്നും മഹാരാജാവിന് ഒരു സന്താനം വേണം. തപസ്വിയായ താന്‍ അതിനൊരു മാര്‍ഗമുണ്ടാക്കി കൊടുക്കണം.
തന്നെ സത്ക്കരിക്കാനായി പല സ്ത്രീകളും ഇവിടെ വരാറുണ്ടെങ്കിലും ആരെയും ഇതു വരെ നേരില്‍ കണ്ടിട്ടില്ല. അവരില്‍ മഹാറാണി ആരാണെന്നു പോലും തനിക്ക് തിരച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ഒരുനാള്‍ മഹാരാജാവ് തന്റെ ഭാര്യയായ സുദേഷ്ണയെ മഹര്‍ഷിയുടെ സന്നിധിയിലേക്ക് അയച്ചു. എന്നാല്‍ മഹാറാണിക്ക് ഇക്കാര്യത്തില്‍ ഭയമായിരുന്നു. അവള് ഇഷ്ട തോഴിയോട് വിവരം പറഞ്ഞു. റാണിക്കു വേണ്ടി, സുന്ദരനായ ആ മഹര്‍ഷിയുടെ മുന്നിലെത്തുന്നതിന് തോഴിക്ക് ഏറെ സന്തോഷമായിരുന്നു. അങ്ങനെ തോഴി ദീര്‍ഘ തമസ്സിനു മുമ്പിലെത്തി. മഹര്‍ഷി തപശ്ശക്തിയില്‍ അഭ്യസിച്ച പ്രകാശ മൈഥുന മാര്‍ഗം പ്രയോഗിക്കുവാന്‍ നിര്‍ബന്ധിതനായി. രാജ നിയോഗം എന്ന ചിന്തയോടെ അനുസരിച്ചു ദീര്‍ഘതമസ്സും തോഴിയും. തല്‍ഫലമായി വേദവിജ്ഞാനികളായ ചില സന്താനങ്ങള്‍ ആ തോഴിക്ക് ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: