ഇസ്ലാമബാദ്: ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഡച്ച് രാഷ്ട്രീയ നേതാവ് ഗീര്‍ട് വൈല്‍ഡേഴ്സ് പാകിസ്ഥാനിലെ തെഹ്റീക് ഇ ലബ്ബൈക് പാര്‍ട്ടിക്കും(ടിഎല്‍പി) അതിന്റെ നേതാവ് സാദ് ഹുസൈന് റിസ് വിക്കും എതിരെ ആഞ്ഞടിച്ചു.
സാദ് ഹുസൈന് റിസ് വിയെ ജീവിതകാലം മുഴുവന്‍ ജയിലിലടക്കാനും ഇസ്ലാമിക ഫാസിസ്റ്റ് പാര്‍ട്ടിയായ ടിഎല്‍പിയെ നിരോധിക്കണമെന്നുമാണ് ഗീര്‍ട് വൈല്‍ഡേഴ്സിന്റെ ആവശ്യം. ഇതോടെ ഗീര്‍ട് വൈല്‍ഡേഴ്സിനെ വെറും ചവറ് എന്ന് വിശേഷിപ്പിക്കുന്ന ഗാര്ബേജ്ഗീര്ട് വൈല്‍ഡര്‍ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പാക് സര്‍ക്കാര്‍ ടിഎല്‍പിയെ ഏപ്രില്‍ 14നാണ് തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചത്. ഇതിന് ശേഷമാണ് പാകിസ്ഥാനില്‍ വന്‍തോതിലുള്ള കലാപം തുടങ്ങിയത്.
വാര്‍ത്താമാധ്യമങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ഇവിടുത്തെ ദൃശ്യങ്ങളോ അക്രമപ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ചിത്രങ്ങളോ ലഭ്യമല്ല. എങ്കിലും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്ന വീഡിയോകളാണ് വാര്‍ത്ത അറിയാനുള്ള ഏക അവലംബം.
ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. 11 പൊലീസുകാരെ ടിഎല്‍പി ഒരു മസ്ജിദിനുള്ളില്‍ തടവുകാരായി പിടിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. നിരവധി ടിഎല്‍പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാനിലെ ഫ്രഞ്ച് എംബസിയിലെ സ്ഥാനപതിയെ പുറത്താക്കണമെന്നതാണ് ടിഎല്‍പിയുടെ ആവശ്യം. ആദ്യമൊക്കെ ടിഎല്‍പിയ്ക്ക് എതിരെ ശക്തമായ നിലപാട് എടുത്ത ഇമ്രാന് സര്‍ക്കാര്‍ മെല്ലെ ഈ ഇസ്ലാമിക ഫാസിസ്റ്റ് പാര്‍ട്ടിക്ക് കീഴ്പ്പെടുന്നു എന്നതാണ് ഒടുവിലായി ലഭിക്കുന്ന വാര്‍ത്തകള്‍. വൈകാതെ ടിഎല്‍പി വിജയം നേടുമെന്ന സാദ് ഹുസൈന് റിസ്വിയുടെ ട്വീറ്റ് ഇതിന്റെ സൂചനയാണ് നല്‍കുന്നത്. ടിഎല്‍പി പ്രവര്‍ത്തകരെ പൊലീസിനെയും പട്ടാളത്തെയും വിട്ട് അടിച്ചമര്‍ത്താനുള്ള ഇമ്രാന് സര്‍ക്കാരിന്റെ നീക്കം വിജയം കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രവാചകനെക്കുറിച്ച് ഫ്രാന്‍സിലെ ചില പത്രങ്ങളിലും മാസികകളിലും കാര്ട്ടൂണുകള് പ്രസിദ്ധീകരിച്ചു എന്നതാണ് ടിഎല്‍പിയുടെ പ്രകോപനത്തിന് പ്രധാന കാരണം. ഒപ്പം അടുത്തിടെ ഇസ്ലാമിക തീവ്രവാദ ആക്രമങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ക്കാര്‍ ശക്തമായ ഇസ്ലാമിക ഭീകരവിരുദ്ധ നിയമം പാസാക്കിയതും ടിഎല്‍പിയെ ചൊടിപ്പിച്ചിരുന്നു.
എല്ലാതരം ഭീകതകള്ക്കും ഫാസിസ്റ്റ് പ്രവണതകള്‍ക്കും എതിരെ നിലപാടെടുക്കുന്ന വ്യക്തിയാണ് ഡച്ച് രാഷ്ട്രീയനേതാവായ ഗീര്‍ട് വൈല്‍ഡേഴ്സ്. നെതര്‍ലാന്റ്സിലെ ഇസ്ലാംവല്ക്കരണത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന നേതാവ് കൂടിയാണ് ഇദ്ദേഹം. ഈയിടെ ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റായി അറിയപ്പെടുന്ന ഹിറ്റ്ലറുടെ ആത്മകഥയായ മെയിന്‍ കാഫ് (എന്റെ പോരാട്ടം) എന്ന പുസ്തകത്തെ ഖുറാനുമായി താരതമ്യം ചെയ്ത ഗീര്‍ട് വൈല്‍ഡേഴ്സിന്റെ നിലപാടിനെതിരെ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും നെതര്‍ലാന്റ്സിലെ ഇസ്ലാമിക സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും നെതര്‍ലാന്റ്സിലേക്ക് ആളുകള്‍ കുടിയേറുന്നതിനെയും ഗീര്‍ട് വൈല്‍ഡേഴ്സ് എതിര്‍ക്കുന്നു.
ഫ്രാന്‍സിലെ സര്‍ക്കാര്‍ അവരുടെ എല്ലാ പൗരന്മാരോടും പാകിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടിഎല്‍പി പ്രവര്‍ത്തകര്‍ നവന്കോട്ടില് ഒരു പൊലീസ് സ്റ്റേഷന് ആക്രമിക്കുകയും അവിടുത്തെ ഡിഎസ്പിയെ ഒരു മസ്ജിദില്‍ ബന്ദിയാക്കുകയും ചെയ്തിരുന്നു. നുണപ്രചരണങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്ഥാനില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും നിരോധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: