കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം ?
എന്റെ പ്രവര്‍ത്തനത്തില്‍ ഏറെ ശ്രദ്ധ ഊന്നിയത് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടാണ്. നമ്മുടെ കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പുതിയ കോഴ്സുകള്‍ ഉള്‍ക്കൊള്ളിച്ച് അവരെ ഭാവിയിലെ മികച്ച പ്രതിഭകളാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനായതാണ് മികച്ച അനുഭവം. അവയില്‍ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആയിട്ടുണ്ടെന്നാണ് വിശ്വാസം.
ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും എന്തൊക്കെയാണ് ?
ജനങ്ങള്‍ ആവശ്യപ്പെട്ടതില്‍ ഏറെയും അടിസ്ഥാന വികസനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. അവയില്‍ ഏറെക്കുറെ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ഉണ്ടായ റോഡുകളുടെ വികസനം വേറെ ഒരു കാലത്തുമില്ലാത്തതാണ്. കിഫ്ബി പദ്ധതികള്‍ വന്നതോടെ ബജറ്റ് വിഹിതത്തിനപ്പുറം അടിസ്ഥാന വികസനത്തിന് നിരവധി സാധ്യതകള്‍ ഇവിടെ ഉണ്ടായി. സ്കൂള്‍ കെട്ടിടങ്ങള്‍, കുടിവെള്ള വിതരണം, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ എന്നിവയെല്ലാം പരമാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 30 വര്‍ഷത്തോളമായിട്ടുള്ള ജനങ്ങളുടെ ആഗ്രഹമായിരുന്നു കോഴിപ്പാലം, നിരപ്പേല്‍ പാലം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം. അത്തരം ആഗ്രഹങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു.
എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി?
കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. 90 ശതമാനത്തോളം പരിഹാരം കാണുവാന്‍ സാധിച്ചു. പക്ഷേ പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ല. എഴുപത് വര്‍ഷമായി പട്ടയം ലഭിക്കാത്തവര്ക്കുള്പ്പെടെ പട്ടയം നല്കാന് കഴിഞ്ഞു. പട്ടയ പ്രശ്നങ്ങളില്‍ 90 ശതമാനത്തോളം കേസുകളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞതില്‍ അതിയായ സംതൃപ്തി ഉണ്ട്.
എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ ഒരു മോശം അനുഭവം?
മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല പക്ഷേ മനസില്‍ മുറിവ് ഉണ്ടായിട്ടുണ്ട്. 2016-ലെ കിഫ്ബി ബജറ്റില്‍ ആദ്യം അനുവദിച്ച റോഡാണ് ചടയമംഗലം പള്ളിമുക്ക് റോഡ്. പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ അതെ സമയത്ത് പള്ളിമുക്ക് റോഡില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനും വന്നു. അതുകൊണ്ട് റോഡ് നിര്‍മ്മാണം ഒരു ആറര കിലോമീറ്റര്‍ ഒഴിവാക്കിയാണ് കിഫ്ബി പദ്ധതി നടത്തേണ്ടി വന്നത്.
ചടയമംഗലത്തിന്റെ അതിര്‍ത്തി വരെ റോഡ് നിര്‍മ്മാണം നടത്തിയപ്പോള്‍ പ്രദേശവാസികള്‍ക്ക് അത് വളരെ വിഷമം ആയി. അതിര്‍ത്തി വരെ എത്തിയിട്ട് ബാക്കി വന്ന ആറര കിലോമീറ്റര്‍ റോഡ് പഴയ പോലെ തന്നെ ദുര്‍ഘടം നിറഞ്ഞതായിരുന്നു. എന്നാല്‍ എന്റെ ആസ്തി വികസനഫണ്ടില്‍ നിന്നും എടുത്ത് പുതിയ പ്രോജക്റ്റാക്കി ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. എന്നാലും സമയത്ത് പൂര്‍ത്തിയാകാതെ പോയതിന്റെ ഒരു വിഷമം ഉണ്ട്.
പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്
വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ വികസനങ്ങള്‍ ഉണ്ടാവണം. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ കുട്ടികളുടെ കഴിവിനെ വളര്‍ത്തിയെടുക്കുന്നതും. കോളേജ് തലമാകുമ്പോള്‍ പുതിയ കോഴ്സുകള്‍ ഉണ്ടാാക്കുന്നതിലും ശ്രദ്ധ ചെലുത്തണം. മലയോരമേഖലയില്‍ വിദേശികളെ വരെ ആകര്‍ഷിക്കുന്ന പലതരം വിനോദ സ്ഥലങ്ങള്‍ ഉണ്ട്. ഉദാഹരണമായി തെന്മല ഡാം പോലെ പ്രകൃതി രമണീയമായ അനവധി വിനോദ സഞ്ചാര മേഖലകള്‍ ഉണ്ട്. അവിടേക്ക് സഞ്ചാര സൗകര്യം ഇല്ല എന്നതായിരുന്നു വലിയ വെല്ലുവിളി. ഇപ്പോള്‍ മലയോര ഹൈവേ പൂര്‍ണമായിട്ടുണ്ട്. തീരദേശത്തെക്കാള് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സ്ഥലങ്ങള്‍ മലയോര മേഖലയില്‍ ഉണ്ട. അവയെല്ലാം വികസിപ്പിക്കുക എന്നതാണ് മറ്റൊരു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: