കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം?
കൊല്ലം ജില്ലയില്‍ റൂറല്‍ പോലീസ് സംവിധാനം നിലവില്‍ വന്ന ശേഷം ശാസ്താംകോട്ടയില്‍ ഒരു സബ് ഡിവിഷന് ആസ്ഥാനം ഉണ്ടാകണമെന്നുള്ളത് കുന്നത്തൂരുകാരുടെ ഏറെക്കാലമായുള്ള ഒരാവശ്യമായിരുന്നു. ശാസ്താംകോട്ടയിയില് ഡിവൈഎസ്പി ഓഫീസ് വന്നതോടെ ജനങ്ങളുടെയും ഒപ്പം എന്റെയും ഏറെക്കാലമായുള്ള ഒരു ആഗ്രഹമാണ് സഫലീകരിച്ചത്. ഇതോടെ ഡിവൈഎസ്പിയെ കാണാന്‍ കൊട്ടാരക്കര വരെ പോകേണ്ട സ്ഥിതി മാറി. ശൂരനാട്, ശാസ്താംകോട്ട, കിഴക്കേ കല്ലട, കുണ്ടറ പോലീസ് സ്റ്റേഷനുകള്‍ ചേരുന്ന പുതിയ പോലീസ് സബ്ഡിവിഷന്റെ ആസ്ഥാനമാണ് ഇപ്പോള്‍ ശാസ്താംകോട്ടയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. മുന്‍പ് ഒരു മൈക്ക് അനുമതിക്ക് പോലും കൊട്ടാരക്കര വരെ പോകേണ്ട സ്ഥിതിയായിരുന്നു. ക്രമസമാധാന പാലനത്തിലും ഇതോടെ കുന്നത്തൂരില്‍ ഒരു ഉണര്‍വ് കൈവന്നു.
ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും എന്തൊക്കെയാണ്?
പോരുവഴി കേന്ദ്രീകരിച്ച് ഗവ: ഐടിഐ തുടങ്ങാനായത് ടെക്നിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുത്തല്‍ ഉണര്വിന് കാരണമായി. ഐടിഐ വന്നതോടെ തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം കൂടുതല്‍ ആരോഗ്യകരമായി.
പോരുവഴി കൊച്ചുതെരുവ് ജംഗ്ഷനില്‍ ഐടിഐ തുടങ്ങാന്‍ മാര്‍ത്തോമാ സഭയുടെ കെട്ടിടം വിട്ടുതന്നത് ഗുണകരമായി. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് ഉന്നത നിലവാരത്തിലേക്ക് (നാക് അക്രഡിറ്റേഷന്) എത്തിയതും കുന്നത്തൂരെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഡിഗ്രിതലം മുതലുള്ള ഉന്നത വിദ്യാഭ്യാസത്തിന് നഗരങ്ങളേ ആശ്രയിക്കുന്ന സ്ഥിതി ഇതോടെ മാറി.
എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി ?
ശാസ്താംകോട്ട താലൂക്കാശുപത്രിയെ അത്യാധുനിക സംവിധാനത്തോടെയുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആക്കുക എന്നത് സ്വപ്നമായിരുന്നു. അതിനായി കഴിയുന്നത് എല്ലാം ചെയ്തു. പക്ഷേ സ്ഥലപരിമിതി എല്ലാ വികസനത്തിനും തടസ്സമായി. ആശുപത്രി നവീകരണത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ അന്‍പത് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിന് എന്നാല്‍ ആവുന്ന തരത്തില്‍ എല്ലാ ശ്രമവും നടത്തി.
പലതവണ ദൂരെയുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ഒരു വിധം ധാരണയായതുമാണ്. എന്നാല്‍ അവസാന നിമിഷം കച്ചവടം തെറ്റി. ഇതോടെ അന്‍പത് കോടിയുടെ പദ്ധതിയാണ് പാളിയത്. എംഎല്‍എ എന്ന നിലയില്‍ എനിക്ക് ഏറെ നിരാശയുണ്ടാക്കിയതാണ് ആശുപത്രി വികസന കാര്യത്തില്‍ ഉണ്ടായ പരാജയം.
എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ ഒരു മോശം അനുഭവം?
ഞാന്‍ നിയമസഭയില്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ രഹസ്യ ബന്ധം ഉണ്ടെന്നുള്ള ഒരു രാഷ്ട്രീയ ആരോപണം നടത്തിയതിന്റെ പേരില്‍ കുന്നത്തൂരെ കോണ്‍ഗ്രസുകാരുടെ ഭാഗത്തു നിന്നുമുണ്ടായ ഹീനമായ പ്രവര്‍ത്തി ഏറെ വേദനിപ്പിച്ചതാണ്. ഞാന്‍ എവിടെ പോയാലും കോണ്‍ഗ്രസുകാര്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചു. പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി. ഒടുവില്‍ വന്‍ പോലീസ് അകമ്പടിയിലാണ് എനിക്ക് മരണവീടുകളില്‍ പോലും പോകാനായത്.
പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്
പ്രധാനപ്പെട്ടത് ശുദ്ധജല തടാകത്തിന്റെ സംരക്ഷണമാണ്. 20 കോടി രൂപയുടെ ഭരണാനുമതി ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ഈ തുക പ്രയോജനപ്പെടുത്തി തടാകസംരക്ഷണം യാഥാര്‍ത്ഥ്യമാക്കണം. അതേ പോലെ മൈനാഗപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിനായി 47 കോടി രൂപയുടെ ഭരണാനുമതിയായി. കൂടാതെ മണ്ഡലത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഒരു വലിയ സംരംഭം തുടങ്ങാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പഴം, പച്ചക്കറി ശീതീകരണ ശാലയാണ് ആ പദ്ധതി. അതുവഴി സ്ത്രീകളടക്കം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇവ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: