ന്യൂദല്‍ഹി: സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്സീന് വില്‍ക്കുകയെന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാള്‍ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയില്‍ ചേര്‍ത്തിട്ടുണ്ട്. അമേരിക്കന്‍ വാക്സീനുകള്‍ക്ക് 1500 രൂപ, റഷ്യന്‍ വാക്സീനുകള്‍ക്ക് 750, ചൈനീസ് വാക്സീനുകള്‍ക്ക് 750 രൂപ വരെയാണ് ഈടാക്കുന്നതെന്നും പൂനാവാല ചൂണ്ടിക്കാട്ടി. മേയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്ക്കും വാക്സീന് നല്‍കാനും പൊതുവിപണിയില്‍ ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇനി മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്സിന് നല്‍കില്ല. കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: