പൂര്‍ണ്ണ ജാഗ്രതയും പ്രതിഫലനവും:
അടുത്ത 10 ശ്ലോകങ്ങളിലായി ജാഗ്രതയുടെ പൂര്‍ണ്ണതയും അതിന്റെ പ്രതിഫലനത്തേയും കുറിച്ച് വിചാരം ചെയ്യുന്നു.
ശ്ലോകം 320
ദൃശ്യം പ്രതീതം പ്രവിലാപയന് സ്വയം
സന്മാത്രമാനന്ദഘനം വിഭാവയന്‍
സമാഹിതഃ സന് ബഹിരന്തരം വാ
കാലം നയേഥാഃ സതി കര്മ്മബന്ധേ
ആന്തരികവും ബാഹ്യവുമായ ദൃശ്യപ്രപഞ്ചത്തെ വിലയിപ്പിച്ച് ആനന്ദഘനമായ പരമാര്‍ത്ഥ സത്തയെ ഭാവന ചെയ്യണം. അങ്ങനെയുള്ളയാള്‍ പ്രാരബ്ധവശാല്‍ വന്നുചേരുന്നതനുഭവിച്ച് സമാഹിത ചിത്തനായി കാലം കഴിക്കണം.
പ്രാരബ്ധം മൂലം ഈ ജഗത്ത്പ്രകാശിക്കുന്നത് തുടരുമെങ്കില്‍ നാനാ നാമരൂപങ്ങള്‍ നിറഞ്ഞ ജഗത്തിനെ വിലയിപ്പിക്കണം. എല്ലാറ്റിനും അധിഷ്ഠാനമായ ബ്രഹ്മത്തെ ഭാവന ചെയ്യണം. മനസ്സിനെ ഏകാഗ്രമാക്കി അകത്തും പുറത്തും ബ്രഹ്മ വസ്തുവെ ഭാവന ചെയ്യണം.
വാസനകളും ചിന്തകളും കര്‍മ്മങ്ങളും നിലയ്ക്കുക തന്നെ വേണം. വാസനകള്‍ മുഴുവനും നീങ്ങാതെ ബാക്കി നില്ക്കുന്നുണ്ടെങ്കില് അവയെ വിധിവിഹിതം അഥവാ പ്രാരബ്ധം എന്ന് പറയും.
പ്രാരബ്ധം വളരെ പ്രബലമാണ്. അത് എല്ലാവരും അനുഭവിച്ച് തന്നെ തീരണം. സ്വപ്രയത്നം കൊണ്ട് അതിനെ ഇല്ലാതാക്കാനാവില്ല. സാധനയ്ക്ക് കോട്ടം തട്ടാതെ പ്രാരബ്ധത്തെ എങ്ങനെ അഭിമുഖീകരിക്കാം എന്നതാണ് ചോദ്യം.
കാലങ്ങളോളം സാധന ചെയ്തിട്ടും ഒരാള്‍ക്ക് ദൃശ്യപ്രപഞ്ചത്തിന്റെ പ്രതീതി ഇല്ലാതായിട്ടില്ലെങ്കില്‍ അയാള്‍ ഇപ്പോഴും സാധകന് മാത്രമാണ്. സിദ്ധിയെ നേടാനായിട്ടില്ല.
പ്രാരബ്ധകര്‍മ്മങ്ങളെ നിരന്തരമായ ഈശ്വര സ്മരണയോടെ അനുഭവിച്ച് തീരണം. ഒരു കൈ കൊണ്ട് ഭഗവാന്റെ പാദങ്ങളെ മുറുകെ പിടിച്ച് മറ്റേ കൈ കൊണ്ട് വിഹിത കര്‍മ്മങ്ങളെ ചെയ്ത് ജീവിക്കണം. ഈശ്വരസ്മരണയാകുന്ന കവചം ധരിച്ച് എല്ലാ പ്രാരബ്ധപ്രശ്നങ്ങളേയും ധൈര്യത്തോടെ നന്നായി നേരിടണം. പ്രാരബ്ധത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാനാവില്ല. അനുഭവിച്ച് തീരേണ്ടതാണ്.
ഇക്കാണാകുന്നതിനെല്ലാം ആധാരമായത് ഞാനാണ്. ഞാന്‍ ദേഹം മുതലായ അനാത്മവസ്തുക്കളൊന്നുമല്ല. എല്ലാറ്റിനും ആധാരമായ സദ് വസ്തുവാണ് ഞാന്‍ എന്നുറപ്പിക്കണം. പ്രാരബ്ധം കൊണ്ടുണ്ടാകുന്ന വിക്ഷേപത്തെ സമാഹിതമായ മനസ്സിനാല്‍ കീഴടക്കി കാലം കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: