ന്യൂദല്‍ഹി: കൊറോണയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയുടെ രണ്ടാം തരംഗം കൊടുങ്കാറ്റു പോലെയാണ് തിരിച്ചുവന്നിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാ മുന്നണി പോരാളികളും കൊറോണയെ മുന്നില്‍ നിന്ന് നേരിടുകയാണ്. രാജ്യം ഇവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. രണ്ടാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളി ഒറ്റക്കെട്ടായി രാജ്യം നേരിടുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഓക്സിജന്‍ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. ആവശ്യമായ രീതിയില്‍ ഓക്സിജന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ആദ്യ തരംഗം പോലെയല്ല, രാജ്യത്ത് ഇന്ന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകമ്പനികള്‍ അധിക ഉത്പാദനം തുടങ്ങിയിട്ടുണ്ട്. ഭാരതത്തിന് മികച്ച മരുന്നു കമ്പനികളാണുള്ളത്. കൊറോണക്കെതിരെ ലോകത്ത് ഏറ്റവും വില കുറഞ്ഞ മരുന്നുകള്‍ ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.
കഴിഞ്ഞ വര്‍ഷം കുറച്ച് കൊവിഡ് കേസുകള്‍ വന്നപ്പോള്‍ തന്നെ രാജ്യത്തെ വാക്സീനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി വാക്സീന് വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്സീന് ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സീനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്സിനേഷന് പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്മാരെയും ഇതിനോടകം വാക്സീനേറ്റ് ചെയ്ത് കഴിഞ്ഞു. രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്സിന് നല്കാന് പോകുകയാണ്.
യുവാക്കള്‍ക്ക് കൂടി വാക്സീന് ലഭിക്കുന്നതോടെ തൊഴില്‍മേഖലയ്ക്കും അത് സഹായകമാകും. മരുന്നിന്നൊപ്പം പ്രതിരോധവും എന്നാണ് ഭാരതം ഉയര്‍ത്തുന്ന നയമെന്നും അദേഹം വ്യക്തമാക്കി. രണ്ടാം തരംഗം നിയന്ത്രിക്കാന്‍ കേന്ദ്രം നേരിട്ട് ഇടപെടുന്നതിന്റെ സൂചന നല്‍കിയാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: