തിരുവനന്തപുരം: ജില്ലയിലെ പ്രധാനപ്പെട്ട സിഎഫ്എല്‍ടിസി സെന്ററായ നെയ്യാര്‍ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന് അനുവദിച്ച ഫണ്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമിതിയുടെ നിരാഹാര സമരം. കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ ആര്‍ വിജയന്‍, കള്ളിക്കാട് ദിലീപ് കുമാര്‍, ശ്രീകല, ബിന്ദു, അനില എന്നിവരാണ് ചികിത്സാ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിച്ചത്.
ജില്ലയിലെ എല്ലാഭാഗത്തുനിന്നും കൊറോണ രോഗികളെ ചികിത്സയ്‌ക്കായി എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് നെയ്യാര്‍ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്. എന്നാല്‍ അനുവദിച്ച ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. 47 ലക്ഷം രൂപ സര്‍ക്കാര്‍ സെന്ററിനായി അനുവദിച്ചെങ്കിലും ലഭിച്ചത് 19 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം ഈ ലഭിച്ച തുകയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഫണ്ട് തീരുകയും സിഎഫ്എല്‍ടി സെന്ററിന്റെ പ്രവര്‍ത്തനം തന്നെ നിലയക്കുന്ന അവസ്ഥയാണ് ഇപ്പോള്‍.
നിരാഹാരം ഇരിക്കേണ്ടിവന്നത് ഗതികേട്‌കൊണ്ടാണ്. ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ജില്ലയിലെ പ്രധാന ചികിത്സാ കേന്ദ്രം അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നത് അധികാരികള്‍ ശ്രദ്ധിക്കാത്തതിനാലാണ് കൊറോണയുടെ സാഹചര്യമാണെങ്കില്‍പ്പോലും പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: