ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഇല്ല. അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല സ്റ്റേ നല്‍കിയത്. കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
എന്നാല്‍ അഞ്ചു നഗരങ്ങള്‍ അടച്ചുപൂട്ടാനുള്ള കോടതിയുത്തരവ് ശരിയായ സമീപനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അലഹബാദ്, ലക്നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പൂര്‍ എന്നീ നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച നിര്‍ദേശിച്ചത്. പിന്നാലെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു യുപി സര്‍ക്കാരിന്റെ വാദം. മാളുകളും വ്യാപാര സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും ഏപ്രില്‍ 26 വരെ അടച്ചിട്ട് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: