ഭൗതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ സി വി രാമനും മൃദംഗവും തമ്മില്‍ എന്ത് ബന്ധം. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസം കണ്ടെത്തിയ രാമന് മൃദംഗ വിദ്വാനായിരുന്നോ?. സി വി രാമന് കലാകാരനോ മൃദംഗ വാദനക്കാരനോ ആയിരുന്നില്ല. പക്ഷേ ലോക പ്രശസ്ത ശാത്രജ്ഞന്‍ മൃദംഗത്തെക്കുറിച്ച് ഗവേഷണം നടത്തി. അതും മൃദംഗ ചക്രവര്‍ത്തി പാലക്കാട് മണി അയ്യരുടെ മൃദംഗത്തില്‍.
മൃദംഗവിദ്വാന്‍ എരിക്കാവ് എന്‍ സുനില്‍( “ഇന്ദീവരം” സുനില്‍) എഴുതിയ ‘റിസൗണ്ടിങ് മൃദംഗം’ എന്ന പുസ്തകത്തിലാണ് ശാസ്ത്രീയ സംഗീതത്തിലെ അഭിവാജ്യ ഉപകരണമായ മൃദംഗവും ശാസ്ത്ര ലോകവും തമ്മിലുള്ള ബന്ധം വിവരിക്കുന്നത്. ഇന്ത്യന്‍ വാദ്യങ്ങള്‍ ശ്രൂതി മധുരം അല്ല എന്നതായിരുന്നു പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാട്. അതു തിരുത്താനാണ് സി വി രാമന് മൃദംഗത്തില്‍ ഗവേഷണം നടത്തിയത്. മൃദംഗത്തിന്റെ നാലു സ്ര്ടോക്കുകള് ശ്രൂതി മധുരമെന്ന് സ്ഥാപിച്ചെടുക്കാന്‍ രാമനു കഴിഞ്ഞതായി പുസ്തകത്തില്‍ വസ്തുതകള്‍ നിരത്തി വ്യക്തമാക്കുന്നു. പ്രകാശ തംരംഗങ്ങളെ ക്കുറിച്ചു മാത്രമല്ല ശബ്ധതരംഗങ്ങളെക്കുറിച്ചും ഇന്ത്യയുടെ എക്കാലത്തേയും പ്രമുഖനായ ശാസ്ത്രജ്ഞന് പഠനം നടത്തിയിരുന്നു എന്നത് സാക്ഷ്യപ്പെടുത്തുകയാണ് പുസ്തകം
കര്‍ണ്ണാടക സംഗീതത്തിന്റെ അവിഭാജ്യ ഘടകമായ മൃദംഗത്തിന്റെ സൂക്ഷ്മ വശങ്ങള് ആഴത്തില്‍ വിശകലനം ചെയ്യുന്ന അമൂല്യ ഗ്രന്ഥമാണ് ‘റീസൗണ്ടിങ് മൃദംഗം’.പ്രശസ്ത പിന്നണിഗായിക കെ.എസ്. ചിത്ര കഴിഞ്ഞ ദിവസം പുസ്തകം പ്രകാശനം ചെയ്തു.
ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകളിലെ ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അക്കാദമിക് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന തരത്തിലാണ് പുസ്തകത്തിന്റെ രൂപകല്പന.
ഇംഗ്ലീഷിലാണ് ഗ്രന്ഥം എന്നതിനാലും ഇന്‍ഡ്യന്‍ സംഗീതത്തിന്റെ പദാവലിക്ക് തത്തുല്യമായ പാശ്ചാത്യ സംഗീത പദങ്ങള്‍ കൂടി ഉള്പ്പെടുത്തിയിട്ടുള്ളതിനാലും, പാശ്ചാത്യ സംഗീത വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
എട്ട് അധ്യായങ്ങളായിട്ടാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ രണ്ട് അധ്യായങ്ങളില്‍ ഇന്‍ഡ്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ ഉത്ഭവം മുതലുള്ള വിവരണങ്ങളും വിവിധ സംഗീത ഉപകരണങ്ങളുടെ ശാസ്ത്രീയമായ തരം തിരിക്കലുകളും വിവരിച്ചിരിക്കുന്നു.
മൂന്നും നാലും അധ്യായങ്ങളില്‍ മൃദംഗത്തിന്റെ ഉത്ഭവം, ചരിത്രം, മൃദംഗ വാദന ശൈലികള്‍ തുടങ്ങിയവ ദീര്‍ഘമായി പ്രതിപാദിച്ചിരിക്കുന്നു.
മൃദംഗ ഘടനാ വിവരണങ്ങളാണ് അഞ്ചാം അധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മൃദംഗത്തിന്റെ ഭൗതികശാസ്ത്ര വശങ്ങള് ആറാം അധ്യായത്തില്‍ . കര്‍ണ്ണാടക സംഗീതത്തിലെ വിവിധ താള സമ്പ്രദായങ്ങള്‍ നൊട്ടേഷനോടുകൂടി ഏഴാം അധ്യായത്തില്‍ പറയുന്നു.സുദീര്‍ഘവും സവിശേഷവുമായ എട്ടാം അധ്യായത്തില്‍ ആധുനിക മൃദംഗ വാദനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തഞ്ചാവൂര്‍ നാരായണ സ്വാമി അപ്പ മുതല്‍ 1950 വരെ ജനിച്ച 217 മഹാവിദ്വാന്മാരുടെ വിവരണവും ജീവചരിത്രവും ഉള്്ക്കൊള്ളിച്ചിരിക്കുന്നു.
ലോക പ്രശസ്ത താലവാദ്യവിദ്വാനായ പ്രൊഫ: ട്രിച്ചി ശങ്കരനാണ് അവതാരിക എഴുതിയിരിക്കുന്നത്. കര്‍ണ്ണാടക സംഗീത രംഗത്തെ അതിപ്രശസ്തരായ 14 വിദഗ്ദ്ധര്‍ വിലയിരുത്തുകയും അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആകാശവാണിയുടെ എ ഗ്രേഡ് മൃദംഗവിദ്വാനായ എരിക്കാവ് സുനില്‍, കര്‍ണ്ണാടക സംഗീതരംഗത്തെ മഹാവിദ്വാന്മാരായ ടി വി ശങ്കരനാരായണന് , നെയ്യാറ്റിന്‍കര വാസുദേവന്‍, മാവേലിക്കര പ്രഭാകരവര്‍മ്മ , ഡോ. കെ ഓമനക്കുട്ടി , മധുരൈ ജി എസ് മണി തുടങ്ങിയ നിരവധി പ്രഗത്ഭരുടെ കച്ചേരികള്‍ക്ക് മൃദംഗവാദനം നടത്തിയിട്ടുള്ളയാളാണ്. മാവേലിക്കര വേലുക്കുട്ടി നായരുടെ ശിഷ്യനാണ്. ചെമ്പൈ ട്രസ്റ്റ് അവാര്‍ഡ്, ചൈതന്യ ശ്രീ പുരസ്കാരം, കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് , അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാലാ യുവജനോത്സവത്തില്‍ സ്വര്‍ണ്ണ മെഡല്‍, തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്ദീവരം കള്‍ച്ചറല്‍ ട്രസ്റ്റ്’, എന്ന സാംസ്കാരിക സംഘടനയുടെ അമരക്കാരനാണ് സുനില്‍. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിന് അടുത്ത് എരിക്കാവ് സ്വദേശിയായ സുനില്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ചെങ്കോട്ടുകോണത്താണ് സ്ഥിരതാമസം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എം സി എ ബിരുദം നേടിയിട്ടുള്ള സുനില്‍ ഐ ടി വിദഗ്ധന്‍ കൂടിയാണ്.
പ്രകാശന ചടങ്ങില്‍. ഡോ: അച്യുത് ശങ്കര്‍ എസ്. നായര്‍ പുസ്തകത്തെയും ഗ്രന്ഥകര്‍ത്താവിനെയും പരിചയപ്പെടുത്തി.
മൃദംഗവിദ്വാന്‍ പാലക്കാട് റ്റി.ആര്. രാജാമണി, നടന് നെടുമുടി വേണു, സംഗീതവിദുഷി ഡോ. ഓമനക്കുട്ടി, ചെണ്ടവിദ്വാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംഗീതസംവിധായകന് ശരത്, കര്ണാടകസംഗീതജ്ഞന് ശ്രീവത്സന്‍ ജെ. മേനോന്, നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമി, കര്ണാടകസംഗീതജ്ഞന് നെയവേലി സന്താനഗോപാലന്, മൃദംഗവിദ്വാന്‍ ബി. ഹരികുമാര്‍, കവയിത്രി ഡോ: ആര്യാബിക, വാഗ്ഗേയകാരനും സംഗീതജ്ഞനുമായ ഡോ: ബി.എം. സുന്ദരം, മൃദംഗവിദ്വാന്‍ എ.വി. ആനന്ദ്, മൃദംഗവിദ്വാന്‍ തൃശൂര്‍ സി. നരേന്ദ്രന്, ശാസ്ത്രജ്ഞന് ഡോ. വരദരംഗന് , മൃദംഗവിദ്വാന്വി.വി. രമണമൂര്‍ത്തി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
ലോകത്തെവിടെയും ആമസോണില്‍ പുസ്തകം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: