ന്യൂദല്‍ഹി: മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ള പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും കോവിഡ് വാക്സിന് നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഈ തീരുമാനം.
കോവിഡ് വാക്സിന് നല്‍കാനുള്ള സ്വതന്ത്രവും വേഗമേറിയതുമായ മൂന്നാം ഘട്ട വാക്സിന്വല്ക്കരണ പദ്ധതിയുടെ ഭാഗമായാണ് പ്രായപൂര്‍ത്തിയായ, 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്കാന് കേന്ദ്രം തീരുമാനിച്ചത്. ഇപ്പോള്‍ 45 വയസ്സിന് മുകളിള്ളവര്ക്ക് മാത്രമാണ് വാക്സിന് നല്കാന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവുള്ളത്.
ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉല്പാദകരില് നിന്നും നേരിട്ട് വാക്സിന് സംഭരിക്കാം. വാക്സിന് നിര്‍മ്മാതാക്കള്‍ക്കും തുറന്ന വിപണിയില്‍ സ്വതന്ത്രമായി വാക്സിന് വില്‍ക്കാനും അനുവദിക്കും.
‘മൂന്നാംഘട്ട കോവിഡ് വാക്സീന് പദ്ധതിയുടെ ഭാഗമായി വാക്സീന് നിര്‍മ്മാതാക്കള്‍ അവര്‍ നിര്‍മ്മിച്ച വാക്സിന്റെ 50 ശതമാനം മാത്രം കേന്ദ്ര സര്‍ക്കാരിന് നല്കിയാല് മതിയാകും. ബാക്കിയെല്ലാം അവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്കോ തുറന്ന വിപണിയിലോ നല്‍കാം.’- കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഏറ്റവും ചുരുങ്ങിയ സമയത്തില്‍ പരമാവധി ജനങ്ങള്‍ക്ക് വാക്സീന് ലഭിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ പരിശ്രമിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതുവരെ റെക്കോഡ് സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രാജ്യം വാക്സീന് നല്കി. ഈ പരിശ്രമം കൂടുതല്‍ കരുത്തോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: