തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ബിജുവിന്റെ ഭാര്യയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ നല്കിയ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി.
നിയമനം നേടാന്‍ ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയന് സമര്‍പ്പിച്ച ഗവേഷണപ്രബന്ധം ഡേറ്റാമോഷണത്തിലൂടെ തയ്യാറാക്കിയതെന്നാണ് പരാതി. ഈ പ്രബന്ധത്തിന് ലഭിച്ച ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍, യുജിസി ചെയര്മാന്, കേരള സര്‍വ്വകലാശാല വിസി എന്നിവര്‍ക്ക് പരാതി നല്കി.
2013ല്‍ 18 പേര് മാത്രം അപേക്ഷിച്ച സംവരണ തസ്തികയില്‍ അപേക്ഷിച്ച് ജോലി കിട്ടാത്ത പി.കെ. ബിജുവിന്റെ ഭാര്യ 2020ല്‍ 140 അപേക്ഷകരില്‍ ഒന്നാമതായാണ് ജനറല്‍ ലിസ്റ്റില്‍ ഇടംപിടിച്ച് കേരള സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയത്.
ഡോ. വിജി വിജയന് നിയമനം നല്‍കിയത് ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരെ തഴഞ്ഞാണെന്ന് ആരോപിക്കപ്പെടുന്നു. 2020ലാണ് ഡോ. വിജി വിജയന് ബയോകെമിസ്ട്രി പഠനവകുപ്പിലാണ് നിയമനം ലഭിച്ചത്.അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പ്രബന്ധത്തിന്റെ കൂടി മാര്‍ക്ക് ഉള്‍പ്പെടുത്തിയാണ് ഡോ. വിജി വിജയന് ഒന്നാം റാങ്ക് ലഭിച്ചത്.
ഡേറ്റ മോഷണം കണ്ടെത്താന്‍ സഹായിക്കുന്ന പബ് പീര്‍ എന്ന വെബ്സൈറ്റാണ് ഡോ. വിജി വിജയന് സമര്‍പ്പിച്ച പ്രബന്ധത്തിലെ ഡേറ്റ മറ്റുള്ളവര്‍ നേരത്തെ പഠനത്തിന് വേണ്ടി സമാഹരിച്ചതാണെന്ന് കണ്ടെത്തിയതായും പരാതിയില്‍ പറുന്നു. മറ്റൊരാളുടെ ഡേറ്റ അതേ പടി പകര്‍ത്തി ഗവേഷണപ്രബന്ധം സമര്‍പ്പിക്കുന്നത് ഗുരുതരമായ ക്രമക്കേടാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയില്‍ കമ്മിറ്റി പറയുന്നു.
ഇത് സര്‍വ്വകലാശാലയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതിനാല്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജന്ഖാനും ആവശ്യപ്പെട്ടു. ഉയര്‍ന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുള്ള നൂറോളം വിദ്യാര്‍ത്ഥികളെ തഴഞ്ഞ് പി.കെ. ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയന് രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരില്‍ നിയമനം നല്‍കിയെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി പറയുന്നു.
സിപിഎം യുവനേതാക്കളുടെ ഭാര്യമാരുടെ ജോലി സംബന്ധിച്ച ആരോപണവിവാദം വീണ്ടും കേരളത്തില്‍ ചൂടുള്ള ചര്‍ച്ചാവിഷയമാവുകയാണ്. ഏറ്റവുമൊടുവില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എ.എന്‍. ഷംസീറിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നീറിക്കത്തുകയാണ്. മുന്‍എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് സംസ്കൃത സര്‍വ്വകലാശാലയില്‍ ലഭിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച വിവാദം കത്തിതീര്ന്നിട്ടില്ല. അതിനിടെയാണ് പി.കെ. ബിജുവിന്റെ ഭാര്യയുടെ നിയമനത്തെച്ചൊല്ലി വിവാദം ഉയരുന്നത്.
എന്നാല്‍ അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിജി വിജയന് നിയമനം നല്‍കിയെന്നാണ് കേരള സര്‍വ്വകലാശാല വിസിയുടെ നിലപാട്.എട്ടുവര്‍ഷം മുമ്പ് താന്‍ എംപിയായിരുന്ന കാലത്ത് പോലും ഭാര്യയ്ക്ക് അസി. പ്രൊഫസര്‍ നിയമനം ലഭിച്ചിരുന്നില്ലെന്ന് പി.കെ. ബിജു പറയുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ വ്യക്തിഹത്യനടത്താനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലുള്ളത്. ഒരു വര്‍ഷം മുമ്പ് എല്ലാ വ്യവസ്ഥകളും പാലിച്ചാണ് നിയമനം നടന്നതെന്നും പി.കെ. ബിജു പറഞ്ഞു.
മുന്‍പ് ഈ നിയമനം വിവാദമായപ്പോള്‍ അഭിഭാഷകനും മാധ്യമചിന്തകനുമായ അഡ്വ. എ. ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങിനെ: സഖാക്കള്‍ക്ക് വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരളസര്‍വ്വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: