ന്യൂദല്‍ഹി: കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന ദല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്തുമുതല്‍ ഈ മാസം 26 പുലര്‍ച്ചെ അഞ്ചു മണിവരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. അവശ്യസര്‍വീസുകള്‍ക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ദല്‍ഹിയിലെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനും നിര്‍ദേശമുണ്ട്.
എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് തടസമുണ്ടായിരിക്കില്ലെന്ന് അറിയിച്ചു. കോവിഡ് സ്ഥിതി രൂക്ഷമായതോടെ നഗരത്തിലെ വിഭവങ്ങളും ആരോഗ്യസംവിധാനങ്ങളും പൂര്‍ണശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച ദല്‍ഹിയില്‍ 25,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇത് 23,500 ആയിരുന്നു.
‘പാരമ്യത്തിലാണ് ദല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തകര്‍ന്നുവെന്ന് ഞാന്‍ പറയില്ല. എന്നാല്‍ കോവിഡ് സാഹചര്യം സങ്കീര്‍ണമാണ്’.- ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ലോക്ഡൗണ്‍ വൈറസിനെ ഇല്ലാതിക്കില്ലെങ്കിലും വ്യാപനം കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയ കെജ്രിവാള് ലോക്ഡൗണിലുടെ കിട്ടന്ന സമയം ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
ആശുപത്രികളില്‍ കിടക്കകള്‍ക്കും ഓക്സിജനും അത്യാവശ്യം വേണ്ട മരുന്നായ റെംഡിസിവിറിനും ക്ഷാമം നേരിടുന്നുണ്ടെന്ന് ദല്‍ഹി സര്‍ക്കാര്‍ പറയുന്നു. ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബൈജാലുമായി കെജ്രിവാള് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ആറ് ദിവസത്തെ ലോക്ഡൗണ്‍ മാത്രമെന്നും ആരും ദല്‍ഹി വിടരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: