പെരിയ (കാസര്‍കോട്): സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ (stress experience) സന്തതികളിലെ ജനിതക ഘടനയിലെ തകരാര്‍ പരിഹരിക്കുന്ന ജീനിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല പ്ലാന്റ് സയന്‍സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജാസ്മിന് എം ഷാ, ഗവേഷക വിദ്യാര്‍ത്ഥി ഡോ.ജോയസ് ടി ജോസഫ് എന്നിവര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. സസ്യങ്ങള്‍ക്ക് തലച്ചോറില്ലെങ്കിലും ഓര്‍മ്മ ശക്തിയുണ്ട്. അവരുടെ അനുഭവങ്ങളുടെ പ്രസക്ത ഭാഗം ആദ്യത്തെയും രണ്ടാമത്തെയും തലമുറ സന്തതികളിലേക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കും.
കോഡ് ഭാഷയുടെ രൂപത്തിലാണ് അനുഭവങ്ങള്‍ കൈമാറുന്നതെന്നും പഠനത്തില്‍ വ്യക്തമായി. ഇത് മനുഷ്യരുമായും താരതമ്യപ്പെടുത്താവുന്നതാണ്. 2015ല്‍ ന്യൂയോര്‍ക്കിലെ മൗണ്ട് സിനായി ആശുപത്രിയിലെ ഗവേഷക സംഘം ഹോളോകോസ്റ്റ് ഇരകള്‍ക്ക് അവരുടെ അനുഭവം കുട്ടികളുടെ ഡിഎന്‍എയിലേക്ക് കൈമാറാന്‍ ശേഷിയുള്ളതായി കണ്ടെത്തിയിരുന്നു. എപ്പിജനിക് മെമ്മറീ എന്നാണ് ശാസ്ത്ര ലോകം ഇതിനെ വിളിക്കുന്നത്. സസ്യങ്ങളില്‍ ഇത്തരം എപിജനെറ്റിക് മെമ്മറി കൂടുതല്‍ രോഗപ്രതിരോധശേഷി ഉണ്ടാക്കുകയോ സമാനമായ സമ്മര്‍ദ്ദം നേരിടാന്‍ നന്നായി തയ്യാറാക്കുകയോ ചെയ്യും. ഡോ.ജാസ്മിന് പറഞ്ഞു.
ക്രൗണ്‍ ഗാള്‍ രോഗത്തിന് കാരണമാകുന്ന അഗ്രോബാക്ടീരിയം ട്യൂമിഫേഷിന്സ് സംക്രമിപ്പിച്ച് അറാബിഡോപ്സിസ് താലിയാന എന്ന സസ്യത്തിലാണ് പരീക്ഷണം നടത്തിയത്. ഇതിന്റെ മൂന്ന് തലമുറ സന്തതി സസ്യങ്ങളെ പഠനത്തിന് വിധേയമാക്കി. സസ്യങ്ങള്‍ ബാക്ടീരിയ അണുബാധയ്ക്ക് വിധേയരായതിന്റെ ഓര്‍മ്മ പ്രദര്‍ശിപ്പിച്ചതായും ഈ വിവരങ്ങള്‍ രണ്ടാം തലമുറ സന്തതികളിലും കണ്ടെത്താനും പഠനത്തില്‍ സാധിച്ചു. ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകള്‍ ഉല്പാദിപ്പിക്കുന്നതിനും അഗ്രോബാക്ടീരിയം ഉപയോഗിക്കുന്നുണ്ട്. സസ്യങ്ങളില്‍ അഗ്രോബാക്ടീരിയംഇന്ഡ്യൂസ്ഡ് മെമ്മറി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പഠനമാണ് തങ്ങളുടേതെന്നും ഡോ. ജാസ്മിന് പറഞ്ഞു.
സസ്യങ്ങളുടെ ഡിഫന്‍സ് ഡിഎന്‍എയില്‍ മറ്റ് ചില രോഗകാരികളായ ബാക്ടീരിയകള്‍ ഓര്‍മ്മ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇപ്പോഴത്തെ പഠനത്തില്‍ ബാക്ടീരിയ ബാധിച്ച മാതൃ സസ്യത്തിന്റെ അനുഭവം ജനിതക ഘടനയിലെ തകരാര്‍ പരിഹരിക്കുന്ന ഒന്നും രണ്ടും തലമുറയിലെ സസ്യങ്ങളിലെ ജീനിലാണ് കണ്ടെത്തിയത്. സമ്മര്‍ദ്ദാനുഭവങ്ങള്‍ മാതൃസസ്യത്തില്‍ ജനിതകമാറ്റങ്ങള്ക്ക് കാരണമാകുന്നുമില്ല. രോഗങ്ങള്‍, വരള്‍ച്ച, പട്ടിണി എന്നിവ കാരണമായുണ്ടാകുന്ന സമ്മര്‍ദ്ദാനുഭവങ്ങള്‍ ഡിഎന്‍എയില്‍ എപിജനെറ്റിക് അടയാളങ്ങള്‍ സൃഷ്ടിക്കും. സന്തതികളിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള നാന്ദിയായി ഇത് മാറുന്നു. പ്ലാന്റ് മോളിക്യുലാര്‍ ബയോളജി റിപ്പോര്‍ട്ടര്‍ എന്ന അന്തര്‍ദ്ദേശീയ ജേര്‍ണലില്‍ ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: