കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടറുടെ മുന്നറിയിപ്പ്. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണനൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പലയിടത്തും മാനദണ്ഡ ലംഘനം കണ്ടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെടുത്തത്. മുഖാവരണം വയ്ക്കുന്നതിലെ വിമുഖതയും ഉപയോഗ രീതിയിലെ പാകപ്പിഴയും അംഗീകരിക്കില്ല. സാമൂഹ്യ അകലം പാലിക്കുന്നതിലും കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. സാനിറ്റൈസര്‍ ഉപയോഗത്തിലും അലംഭാവം അരുത്.
കച്ചവട സ്ഥാപനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാത്ത സാഹചര്യം അനുവദിക്കില്ല. പരിശോധനയ്ക്കായി വിവിധ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. പരിശോധന നിരക്കും ഉയര്‍ത്തി. കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നുമുണ്ട്. വാക്സിന് ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചു. ഇരുപതിനായിരത്തിലധികം ടെസ്റ്റുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ നടത്താനായി. പൊതുജനങ്ങളുടെ സമ്പൂര്‍ണ സഹകരണമാണ് ഈ ഘട്ടത്തില്‍ പ്രധാനം, കളക്ടര്‍ ഓര്‍മിപ്പിച്ചു.കൊല്ലം മാര്‍ക്കറ്റ്, മറ്റു വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, പൊതു ഇടങ്ങള്‍, ആള്‍ക്കൂട്ട സാധ്യതാ പ്രദേശങ്ങള്‍ തുടങ്ങിയവയാണ് സന്ദര്‍ശിച്ചത്.
എ.സി.പിമാരായ എസ്.വൈ. സുരേഷ്, ടി.ബി. വിജയന് എന്നിവരടങ്ങുന്ന സംഘം മിന്നല്‍ പരിശോധന നടത്തി. പോലീസിന്റെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ 121 സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ടി. നാരായണന് വ്യക്തമാക്കി. വ്യാപാരസ്ഥാപനങ്ങളില്‍ സന്ദര്‍ശക രജിസ്റ്റര്‍, സാനിറ്റൈസര്‍, തെര്‍മല്‍ സ്കാനര്‍ എന്നിവ സംബന്ധിച്ച പരിശോധനയും നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കും താക്കീതും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്കി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: