ശ്ലോകം 318 തുടര്‍ച്ച
സദ് വാസനകള്‍ ദൃഢമായാല്‍ ഈ മൂന്നും നശിക്കുന്നു എന്ന് നേരത്തേ പറഞ്ഞതിന്റെ വിവരണമാണ് ഇതില്‍. നാരായണ വാസന ഉറയ്ക്കുമ്പോള്‍ വിഷയവാസനകളും ചിന്തകളും കര്‍മ്മങ്ങളും സ്വയമേവ നശിക്കും.
സദ്വാസനകളുടെ വര്‍ദ്ധനവിന് ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവ പരിശീലിക്കണം.
സദ് വാസന ദൃഢമാകുമ്പോള്‍ സാധകന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ ബന്ധങ്ങളില്‍ സമൂലം മാറ്റമുണ്ടാകും.
ഒരേ ഒരു പരമാത്മാവ് തന്നെയാണ് എല്ലാമായി എങ്ങും നിറഞ്ഞിരിക്കുന്നത്. അത് ബോധ്യമായാല്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകില്ല. സദ് വാസനകള്‍ വികസിക്കുമ്പോള്‍ അസദ് വാസനകളായ അഹന്ത, മമത മുതലായവ ഇല്ലാതെയാകും. അസദ് വസ്തുക്കളുമായി ഏറെ താദാത്മ്യം പ്രാപിച്ച് കഴിയുന്നതിനാല്‍ ഇപ്പോള്‍ അസദ് വാസനകളാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതിനാല്‍ ഭ്രമത്തില്‍ പെട്ടിരിക്കുകയാണ്. സദ് വാസനകളുടെ ഉദിച്ചുയരല്‍ അസദ് വാസനകളുടെ ഇരുട്ടിനെ അകറ്റും.
സൂര്യന്റ തേരാളിയായ അരുണനെയാണ് സൂര്യോദയ സമയത്ത് ആദ്യം കാണാനാവുക. ഇളം ചുവപ്പുനിറത്തോടെയുള്ള അരുണോദയമാകുമ്പോഴേക്കും ഇരുട്ടൊക്കെ നീങ്ങി വെളിച്ചം പരക്കാന്‍ തുടങ്ങും. വിശിഷ്ട വ്യക്തികളുടെ പൈലറ്റ് കാര്‍ പോലെ സൂര്യന്റെ വരവിനെ അരുണന് വിളിച്ചറിയിക്കും. അരുണന് ഇരുട്ട് അകറ്റിയ ശേഷമാണ് സൂര്യന് ഉദിക്കുന്നത്. സൂര്യന് ഒരിക്കലും ഇരുട്ടിനെ കാണാനാവില്ല.
സൂര്യനുദിക്കുമ്പോള്‍ ഇരുട്ട് കാണാത്തത് പോലെ ശുദ്ധ ജ്ഞാനസ്വരൂപിയായ ആത്മാവ് ഒരിക്കലും അജ്ഞാനവുമായി ചേരില്ല. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വരുമ്പോള്‍ നഗരത്തിലെ ഗതാഗത സ്തംഭനവും വാഹനക്കുരുക്കും കാണാന്‍ പറ്റില്ല.
ബ്രഹ്മാനുഭൂതിയില്‍ അജ്ഞാനമില്ല. സാധനാ ദശയില്‍ തന്നെ ഇല്ലാതാകും. സദ് വാസനകള്‍ ദുര്‍വാസനകളെ അകറ്റിയാല്‍ അജ്ഞാനം ഇല്ലാതാകും. ആത്മസൂര്യന്‍ അപ്പോള്‍ ഉദിച്ചു വരുന്നത് കാണാം.
അജ്ഞാനത്തില്‍ നിന്നുണ്ടാകുന്ന അഹന്തയും സ്വാര്‍ത്ഥതയുമാണ് എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണമായ ഇരുട്ട്. അജ്ഞാനത്തിന്റെ ഏത് കുറ്റാക്കൂരിരുട്ടും പരമാത്മാസ്മരണത്താല് ഇല്ലാതാവും.
അസദ് വാസനകള്‍ നീങ്ങിയാല്‍ പിന്നെ പരമാത്മാ ദര്‍ശനത്തിന് യോഗ്യനായി. ഇങ്ങനെ ഉള്ളം ശുദ്ധമായി പരമാത്മാ ദര്‍ശനം കാത്തിരിക്കലാണ് ധ്യാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: