ചെന്നൈ: എ ബി ഡിവില്ലിയേഴ്സിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പന്‍ വിജയം. ഐപിഎല്ലില്‍ അവര്‍ 38 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചു. റോയല്‍ ചലഞ്ചേഴ്സിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ 6 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തെത്തി.
205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റിന് 166 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റിന് 204 റണ്‍സ് എടുത്തു.
ആടിതിമിര്‍ത്ത ഡിവില്ലിയേഴ്സും മാക്സ്വെല്ലും അര്‍ധ സെഞ്ചുറി നേടി. ഡിവില്ലിയേഴ്സ് 34 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സറും സഹിതം 76 റണ്‍സുമായി അജയ്യനായി നിന്നു. ഡിവില്ലിയേഴ്സാണ് മാന്‍ ഓഫ് ദ മാച്ച്.
മാക്സ്വെല് 49 പന്തില്‍ 78 റണ്‍സ് നേടി. ഒമ്പത് ഫോറും മൂന്ന് സിക്സറും അടിച്ചു. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ റോയല്‍സിനെ ഇവരുടെ ബാറ്റിങ്ങാണ് കൂറ്റന്‍ സ്കോറിലെത്തിച്ചത്. മാക്സ്വെല്ലും ഡിവില്ലിയേഴ്സും നാലാം വിക്കറ്റില്‍ 53 റണ്‍സ് അടിച്ചെടുത്തു.
കൊവിഡ് മുക്തനായശേഷം കളിക്കളത്തിലിറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി യും (5), രജാത്തും (1) അനായാസം കീഴടങ്ങി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ തുടക്കം മോശമായി. ഇരുപത്തിമൂന്ന് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ ഗുഭ്മന്‍ ഗില്ലിനെ ജാമീസന് പുറത്താക്കി. ഗില്‍ ഒമ്പത് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 21 റണ്‍സ് കുറിച്ചു. തുടര്‍ന്ന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത തോല്‍വിയിലേക്ക് നീങ്ങി.
ആന്ദ്രെ റസ്സല്‍ 20 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സറും പൊക്കി 31 റണ്‍സോടെ കൊല്‍ക്കത്തയുടെ ടോപ്പ് സ്കോററായി. ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന് 23 പന്തില്‍ 29 റണ്‍സ് എടുത്തു. ഒരു ഫോറും രണ്ട് സിക്സറും അടിച്ചു. രാഹുല്‍ ത്രിപാഠി 20 പന്തില്‍ 25 റണ്‍സ് നേടി. അഞ്ചു പന്ത് അതിര്‍ത്തികടത്തി. ഷാക്കിബ് അല്‍ ഹസന് 25 പന്തില്‍ 26 റണ്‍സ് എടുത്തു.
റോയല്‍ ചലഞ്ചേഴ്സ് പേസര്‍ കെയ്ല്‍ ജാമീസണ് മൂന്ന് ഓവറില്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: