ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഒരുപടി കൂടി കടന്ന് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വേ. മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. രോഗികള്‍ക്ക് വലിയ അളവിലും വേഗത്തിലും ഓക്സിജന്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ട്രെയിനുകളുടെ ഗതാഗതത്തിനായി ഹരിത ഇടനാഴികള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.
ദ്രവീകൃത മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ സിലിണ്ടറുകളുമായിരിക്കും ഈ ട്രെയിനുകളില്‍ കൊണ്ടുപോകുകയെന്ന് പീയുഷ് ഗോയലിന്റെ ട്വീറ്റില്‍ പറയുന്നു. ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളുടെ നീക്കത്തിന് റെയില്‍വേക്ക് കഴിയുമോയെന്ന് ആരാഞ്ഞ് മഹാരാഷ്ട്രയും മധ്യപ്രദേശും സമീപിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ക്കുള്ള ചികിത്സയില്‍ ഓക്സിജന്റെ ലഭ്യത പ്രധാനപ്പെട്ട ഘടകമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: