ഗാന്ധിനഗര്‍: കോവിഡും വാര്‍ധക്യസഹജമായ കാരണത്താലും മരിച്ച അമ്മമാരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കകം ഡ്യൂട്ടിയില്‍ തിരിച്ചുകയറിയ ഗുജറാത്തിലെ രണ്ട് യുവഡോക്ടര്‍മാര്‍ കോവിഡ് യുദ്ധത്തിലേര്‍പ്പെട്ട ഇന്ത്യയ്ക്ക് മാതൃകയാവുന്നു.
ഡോ.ശില്പ പട്ടേലിന്റെ അമ്മ ഒരാഴ്ച ഐസിയുവില്‍ കോവിഡുമായി മല്ലടിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് മരിച്ചു. വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ ഡോക്ടറായ ശില്പ പട്ടേല്‍ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തിരിച്ച് ആശുപത്രിയിലെത്തി ഡ്യൂട്ടിക്ക് ഹാജരായി.
ഗുജറാത്തില്‍ തന്നെ മറ്റൊരു ഡോക്ടറായ ഡോ. രാഹുല്‍ പാര്‍മറും വാര്‍ധക്യസഹജമായ അസുഖം കാരണം മരണപ്പെട്ട 67 വയസ്സായ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞയുടന്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് കയറുകയായിരുന്നു. ഇന്ത്യ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സന്നിഗ്ധഘട്ടത്തില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ മാറ്റിവെച്ച് കര്‍മ്മനിരതരായ ഈ രണ്ടു ഡോക്ടര്‍മാരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഡോ. ശില്പ പട്ടേലിന്റെ അമ്മ കാന്ത അംബാലാല്‍ പട്ടേലിന് മരിക്കുമ്പോള്‍ 77 വയസ്സായിരുന്നു. ‘കടമ നിറവേറ്റൂ’ എന്നതായിരുന്നു കാന്ത അംബാലാല്‍ പട്ടേല്‍ മകള്‍ക്ക് നല്കിയ ഉപദേശം. മകള്‍ അത് കേട്ടു. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്ത ഉടന്‍ പിപിഇ കിറ്റ് അണിഞ്ഞ് അവര്‍ ഡ്യൂട്ടിക്ക് തിരിച്ചെത്തി.
ഡോ. രാഹുല്‍ പാര്‍മറുടെ അമ്മ കാന്ത പാര്‍മര്‍ മരിച്ചത് വാര്ധക്യകാലരോഗം മൂലമാണ്. മധ്യഗുജറാത്തിലെ ഒരു ആശുപത്രിയില്‍ കോവിഡ് മാനേജ്മെന്റ് രംഗത്ത് നോഡല്‍ ഓഫീസറാണ് ഡോ. രാഹുല്‍. അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ തീര്‍ന്നയുടന്‍ മണിക്കൂറുകള്‍ക്കകം രാഹുലും ആശുപത്രിയില്‍ ജോലിക്ക് കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: