ദല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ വല്ലാതെ വികാരം കൊണ്ടവരാണ് കേരളീയരില്‍ ചിലര്‍. എന്നാല്‍ കേരളത്തിന്റെ മണ്ണില്‍ പാലക്കാടും തൃശൂരും കുട്ടനാട്ടിലും കേരളമാകെയും നെല്‍ക്കര്‍ഷകര്‍ ഇടനിലക്കാരുടെ ചൂഷണം കൊണ്ട് പൊറുതിമുട്ടുമ്പോള്‍, അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഡല്‍ഹി സമരത്തിന് സിന്ദാബാദ് വിളിച്ചവരെ കാണാനില്ല.സത്യത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ആര്ത്യാസുകളുടെ യുഗം അവസാനിച്ചു കഴിഞ്ഞു.
കര്ഷകന് വില്‍ക്കുന്ന നെല്ല്, ഗോതമ്പ,് പയറുവര്‍ഗങ്ങള്‍ എന്നിവയുടെ എല്ലാം വില ഇടനിലക്കാരെ പരിപൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകള്‍ നീണ്ട ചൂഷണ പാരമ്പര്യം ഉത്തരേന്ത്യന്‍ കര്ഷകന് വലിച്ചെറിഞ്ഞു കഴിഞ്ഞു.പക്ഷേ കേരളത്തിലെ ആര്‍ത്യാസുകള്‍ (ഇടനിലക്കാര്‍) ഇപ്പോഴും രംഗം കയ്യടക്കിയിരിക്കുകയാണ്.
നെല്‍ക്കര്‍ഷകര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മില്ലുടമകള്‍ ആയ കുത്തകകള്‍ക്ക് കര്‍ഷകരേയും അവരുടെ ഉല്‍പ്പന്നങ്ങളെയും നിര്‍ദാക്ഷിണ്യം എറിഞ്ഞു കൊടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്കും സര്‍ക്കാരിനും ഇടയില്‍ നാല് തട്ടിലുള്ള ഉള്ള ആര്‍ത്ത്യാസുകള്‍ ആണ് അരങ്ങു വാഴുന്നത്.
മില്ലുടമകള്‍ എന്ന കുത്തകകള്‍,അവര്‍ക്ക് താഴെ സപ്ലൈകോ ഉദ്യോഗസ്ഥന്മാര്, ഇതിനിടയില്‍ കുത്തകകളുടെ ഏജന്റ്മാര്‍,പാടശേഖരം ഭാരവാഹികള്‍ എന്നീ നാല് കടമ്പകള്‍ കടന്നു വേണം താഴെതട്ടിലുള്ള കര്‍ഷകന്റെ ഉല്‍പ്പന്നമായ നെല്ല് സര്‍ക്കാറിലേക്ക് എത്തുവാന്‍.ഇവിടെ ആര്‍ത്യാസുമാരുടെ വേഷം കെട്ടുന്നവര്‍ മില്ലുടമകളും, അവരുടെ ഏജന്റ്മാരും, അവരുടെ താല്‍പ്പര്യസംരക്ഷണത്തിനു സഹായിക്കുന്ന സപ്ലൈകോ ഉദ്യോഗസ്ഥന്മാരും ആണ്. നെല്ല് സംഭരിക്കുമ്പോള്‍ അതിന്റെ ഈര്‍പ്പം കണക്കാക്കുന്ന ഒരു നിലവാരം നിശ്ചയിച്ചിട്ടുണ്ട്. അതായത് നെല്ലിന് 17 ശതമാനം വരെ ഈര്‍പ്പം അനുവദനീയമാണ്. എന്നു മാത്രമല്ല അതില്‍ 2% അജൈവമായ മാലിന്യങ്ങളും 3% പതിരും മറ്റ് ജൈവ മാലിന്യങ്ങളും കലര്‍ന്നാലും അത് അംഗീകൃതമാണ്.
18% ഈര്‍പ്പം വന്നാല്‍ ഒരു കിലോ നെല്ല് കിഴിക്കും. കൂടുതല്‍ വരുന്ന ഓരോ ശതമാനം ഈര്‍പ്പത്തിനും ഓരോ കിലോ നെല്ല് കിഴിക്കും എന്നാണ് കണക്ക്. നെല്ലില്‍ കാണപ്പെടുന്ന വെളുത്ത നിറം കാരണം പറഞ്ഞ് 10 മുതല്‍ 15 കിലോ വരെ വാശി എന്ന കിഴിവ് ഏര്‍പ്പെടുത്തുന്ന ക്രൂരതയും നിലനില്‍ക്കുകയാണ്.അതായത് 100 കിലോ നെല്ലു വില്ക്കുമ്പോള് 85 കിലോയ്ക്കു മാത്രമാകും പണം കിട്ടുക.ഇനി ഹാന്ഡ്ലിങ് ചാര്‍ജ് എന്നുള്ള ഒരു കൊള്ളയാണ് അടുത്തത്. ഹാന്ഡ്ലിങ് ചാര്‍ജ്ജായി 12 രൂപയാണ് സര്‍ക്കാരിന്റെ കണക്ക്. എന്നിരിക്കിലും 180 രൂപ മുതല്‍ 215 രൂപ വരെയാണ് ഈ ഇനത്തില്‍ കര്ഷകന് സഹിക്കേണ്ടിവരുന്ന നഷ്ടം. കൊയ്ത്ത്, മെതിയന്ത്രങ്ങള്‍ കൃത്യസമയത്ത് കര്ഷകന് ലഭ്യമാകാതെ സ്വകാര്യ കുത്തകകള്‍ക്ക് അവസരമൊരുക്കുന്ന നിലപാടാണ് കൃഷിവകുപ്പ് നിരന്തരമായി തുടരുന്നത്. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍കരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ വലിയതോതിലുള്ള ഫണ്ടുകള്‍ കേരള സര്‍ക്കാര്‍ ലാപ്സാക്കുകയാണ്. ഇത്തരം കൊള്ളകള്‍ നിര്‍ബാധം നടക്കുന്നിടത്ത് കേവലം നോക്കുകുത്തികള്‍ മാത്രമാണ് രാഷ്ട്രീയനേതൃത്വങ്ങള്‍. അതായത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ പോലും ഇവിടെ ആര്‍ത്യാസുമാരുടെ വേഷമാണ് കെട്ടുന്നത്.എന്നിട്ടും ചൂഷണം അവസാനിക്കുന്നില്ല. നെല്ലിന്റെ വില കര്‍ഷകന്റെ അക്കൗണ്ടിലേക്ക് എത്തുന്നതിനുള്ള സംവിധാനം ഇന്നും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല.ആ പണം ബാങ്കുകളുടെ അക്കൗണ്ടിലേക്ക് നല്‍കുകയും,ബാങ്കുകള്‍ നെല്ലിന്റെ വില കര്ഷകന് കാര്‍ഷികവായ്പ എന്നകണക്കില്‍ പെടുത്തി നല്‍കുകയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് .
വായ്പ തിരിച്ചടവ് സംബന്ധിച്ച് ഏതെങ്കിലും വീഴ്ച വന്നാല്‍ അത് കര്‍ഷകന്റെ സിബില്‍ സ്കോറിനെപ്പോലും ബാധിക്കുന്ന അവസ്ഥയിലേക്കാണ് എത്തുക.എന്നുമാത്രമല്ല കര്ഷകന് ലഭിക്കേണ്ട കാര്‍ഷിക വായ്പ മറ്റൊരുവിധത്തില്‍ ബാങ്കുകള്‍ സര്‍ക്കാര്‍ സഹായത്തോടെ തട്ടിയെടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
നെല്ല് വില്ക്കുമ്പോള് കര്ഷകന് ലഭിക്കേണ്ടത് നെല്ലിന്റെ വിലയാണ്, പകരം നെല്ലിന്റെ വില വായ്പയായി കര്ഷകന് വാങ്ങേണ്ടി വരുന്നു എന്നുള്ളതാണ് ക്രൂരമായ തട്ടിപ്പ്. എന്നാല്‍ വായ്പയുടെ പലിശ സര്‍ക്കാര്‍ ആണല്ലോ അടയ്ക്കുന്നത് എന്ന മറുപടി കൊണ്ട് ഇരുട്ടിനാല്‍ ഓട്ട അടയ്ക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതായത് കര്ഷകന് ലഭിക്കേണ്ട കാര്‍ഷിക വായ്പ ബാങ്കുകളും സര്‍ക്കാരും ചേര്‍ന്ന് തട്ടിയെടുക്കുകയാണ് ഫലത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വീണ്ടും കൃഷി ഇറക്കുവാന്‍ വേണ്ടി കര്ഷകന് മറ്റൊരു വായ്പ കൂടി എടുക്കേണ്ടി വരുന്നു എന്നുള്ളതാണ് സത്യം. നെല്‍ക്കൃഷിക്ക് സര്‍ക്കാര്‍ സഹായം ഉണ്ടെന്നുള്ളത് മറക്കുന്നില്ല , പക്ഷേ അത് നെല്‍ കര്ഷകന് സമയത്ത് പ്രയോജനപ്പെടുന്നുണ്ടോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം :
പരിഹാരം ഉണ്ട്, പക്ഷേ…
കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിയ എഫ്പിഒ സംവിധാനം ഈ ചൂഷണങ്ങള്‍ക്ക് എല്ലാമുള്ള ശാശ്വത പരിഹാരമാണ്. അതായത് അരി മില്ലുകള്‍, മില്ലുകാരുടെ ഏജന്റ്, സപ്ലൈകോ ഉദ്യോഗസ്ഥന്മാര്, തുടങ്ങിയ എല്ലാ ചൂഷണ സംവിധാനങ്ങളും അവസാനിപ്പിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് നേരിട്ട് തങ്ങളുടെ ഉല്‍പ്പന്നം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന സാഹചര്യമാണ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് വഴി നടപ്പാക്കാന്‍ സാധിക്കുന്നത്.
ഇത്തരം നാനൂറ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ കേരളത്തില്‍ സ്ഥാപിക്കുവാന്‍ ആയി 6350 കോടി രൂപയാണ് മോദി ഗവണ്മെന്റ് പിണറായി സര്‍ക്കാരിന് നല്‍കിയത്. പക്ഷേ നാളിതുവരെ ഒരു ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് പോലും കേരളത്തിന്റെമണ്ണില്‍ തുടങ്ങിയിട്ടില്ല. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലുള്ള കുട്ടനാട് പാക്കേജ് ഇന്നും ജലരേഖയായി തുടരുകയാണ്, നെല്ക്കര്ഷകന് ഇത്രയേറെ ചൂഷണം ചെയ്യപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു സംസ്ഥാനവും ഭാരതത്തില്‍ ഇല്ല എന്നുള്ളതാണ് സത്യം.
ഒരു കിലോ അരിക്ക് ശരാശരി 32-35 രൂപ മാത്രം ലഭിക്കുമ്പോള്‍ അരിയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് 120 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യം കേരളത്തിലെ നെല്‍കര്‍ഷകനെ നോക്കി കളിയാക്കി ചിരിക്കുകയാണ്..
അഡ്വ.എസ്. ജയസൂര്യന്‍
(കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: