ന്യൂദല്‍ഹി: ആന്റി വൈറല്‍ മരുന്നായ റെംഡിസിവറിന്റെ വില മരുന്ന് കമ്പനികള്‍ കുറച്ചു. നടപടി ലക്ഷക്കണക്കിന് വരുന്ന കോവിഡ് രോഗികള്‍ക്ക് ആശ്വാസം പകരും. കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ഭീമമായ തുകയ്ക്കായിരുന്നു കരിഞ്ചന്തയില്‍ ഈ മരുന്ന് വിറ്റഴിച്ചിരുന്നത്. മരുന്ന് കമ്പനികളായ കാഡില ഹെല്‍ത്ത് കെയര്‍, ഡോ. റെഡ്ഡീസ് ലബോറട്ടീസ്, സിപ്ല തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ ബ്രാന്‍ഡുകളുടെ( 100 എംജി അടങ്ങുന്ന കുപ്പി) വില കുറച്ചത്.
കാഡില ഹെല്‍ത്ത്കെയര്‍ പുറത്തിറക്കുന്ന 2800 രൂപ വിലയുണ്ടായിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. റെഡ്ഡീസ് ലബോറട്ടറീസിന്റെ റെഡിക്സിന് 5,400 രൂപയില്‍നിന്ന് 2,700 രൂപയായി. വിവിധ മരുന്ന് കമ്പനികളുടെ റെംഡിസിവിര്‍ മരുന്നിന്റെ പുതുക്കിയ വില സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ധാരാളം കമ്പനികള്‍ ജീവന്‍രക്ഷാ മരുന്ന് എന്ന് വിശേഷണമുള്ള റെംഡിസിവറിന്റെ വില അന്‍പത് ശതമാനത്തോളംവരെ വെട്ടിക്കുറച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റെംഡിസിവര്‍ കുത്തിവയ്പിന്റെ പരമാവധി വില്പന വില(എംആര്‍പി) പ്രമുഖ ഉത്പാദകരും അല്ലെങ്കില്‍ വില്പനക്കാരും സ്വമേധയാ കുറച്ചുവെന്ന് അറിയിച്ചിട്ടുണ്ടെന്ന് രാസവസ്തു, രാസവള മന്ത്രാലയത്തിന്റെ ശനിയാഴ്ചത്തെ അറിയിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ ഇടപെടല്‍മൂലം ഇപ്പോള്‍ റെംഡിസിവറിന്റെ വില കുറച്ചിട്ടുണ്ടെന്ന് ഈ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്‍സൂഖ് എല്‍ മാണ്ഡവ്യയും ട്വീറ്റ് ചെയ്തു. ഉത്പാദനവും വിതരണവും കൂട്ടാനും റെംഡിസിവറിന്റെ വില കുറയ്ക്കാനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മരുന്ന് ഉത്പാദകരുടെ യോഗം കേന്ദ്രം ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചുചേര്‍ത്തിരുന്നു. പിന്നാലെയാണ് വില കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: