കണ്ണൂര്‍: എ.എന്‍. ഷംസീര്‍ എംഎല്‍എയെ അപമാനിക്കുക എന്നതാണ് തനിക്കെതിരായ വിവാദത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്് ഭാര്യ ഡോ. സഹല. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപിക തസ്തികയിലേക്ക് തനിക്ക് യോഗ്യതയുണ്ട്. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.
വ്യക്തിപരമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. എംഎല്‍എയുടെ ഭാര്യ ആയതിന്റെ പേരില്‍ തന്നെ എങ്ങനെ തഴയാന്‍ ആകുമെന്നും സഹല ചോദിച്ചു. അനധികൃത നിയമന വിവാദത്തില്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. നിയമന വിവാദം ഉണ്ടാതിന്റെ പശ്ചാത്തലത്തില്‍ അഭിമുഖത്തില്‍ നിന്നും പിന്മാറാന് താന്‍ ഒരുക്കമല്ല. മതിയായ യോഗ്യത ഉള്ളത് കൊണ്ടാണ് കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്ആര്‍ഡി സിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് താന്‍ അപേക്ഷിച്ചത്.
വ്യക്തിപരമായ ആക്രമണമാണ് തനിക്ക് നേരെ ഉണ്ടായിരിക്കുന്നത്. അതിനുള്ള കാരണമെന്താണെന്ന് അറിയില്ല. പത്രപരസ്യം കണ്ടാണ് അപേക്ഷ നല്‍കിയത്. അല്ലാതെ തനിക്ക് യാതൊരു സ്വാധീനവുമില്ല. തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തികയുമല്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ ഇനിയും അഭിമുഖങ്ങള്‍ക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പി.എം. സഹലയെ ചട്ടങ്ങള്‍ മറികടന്ന് യുജിസി എച്ച്ആര്‍ഡി സെന്ററില്‍ അസിസ്റ്റര്‍ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറമാണ് പരാതി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ മറികടന്ന് സഹലയെ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
നേരത്തേ കണ്ണൂര്‍ സര്‍വകലാശാലയിലെ പെഡഗോഗിക്കല്‍ സയന്‍സസിലെ എംഎഡ് വിഭാഗത്തില്‍ ഡോ. സഹലയെ കരാറടിസ്ഥാനത്തില്‍ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്നാണ് സഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാറടിസ്ഥാനത്തില്‍ നിയമിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: