കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ കേരളത്തിന്റെ സംരംഭകാന്തരീക്ഷത്തിന് അഭൂതപൂര്ണമായ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ അമ്മത്തൊട്ടിലായി കേരളം മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത് സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് തൊഴില്‍ ദാതാവായി മാറാനാണ്. വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ പരക്കം പായുന്ന രീതിക്ക് അവസാനമായെന്നു ചുരുക്കം. എന്നാല്‍ അടുത്തിടെയായി കേരളത്തിലെ സംരംഭങ്ങളുടെ പരാജയനിരക്ക് വര്‍ധിച്ചു വരികയാണ്. ബിസിനസിന് പറ്റിയ വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാന്‍ അവസരങ്ങള്‍ അനവധിയുണ്ടെങ്കിലും പലപ്പോഴും സംരംഭകര്‍ക്ക് അടിപതറുന്നു.
ശരിയായ ദിശാബോധം ഇല്ലാത്തത് മാത്രമല്ല ഇതിനു പിന്നിലെ പ്രധാന കാരണം. കേരളത്തില്‍ ഒരു മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചു നല്കണമെങ്കില് സംരംഭകര്‍ ഒട്ടേറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതായുണ്ട്.ബിസിനസ് എന്നത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു വഴിയായി മാത്രം കാണാതെ തികഞ്ഞ പ്രൊഫഷണലിസത്തോടെ ബിസിനസിനെ സമീപിക്കുക എന്നതാണ് പ്രധാനം. പലപ്പോഴും സംരംഭകര്‍ക്ക് അടിതെറ്റുന്നത് ഇവിടെയാണ്. തുടക്കം മുതല്‍ക്ക് ലാഭം മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ കാലിടറുന്നു. മാത്രമല്ല, കേരളത്തിലെ സംരംഭകത്വ നിയമങ്ങളെപ്പറ്റിയും നടപടിക്രമങ്ങളെപറ്റിയും ശരിയായ അറിവില്ലാതെ നിക്ഷേപം കൊണ്ടുവരുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു.
ഗള്‍ഫില്‍ നിന്നും നീണ്ട 20 വര്‍ഷത്തെ സേവനം മതിയാക്കി നാട്ടില്‍ എത്തിയതായിരുന്നു കോഴിക്കോട് സ്വദേശിയായിരുന്ന ഫിറോസ്. വീടുപണിയും അത്യാവശ്യം ബാങ്ക് ഡെപ്പോസിറ്റും എല്ലാം കഴിച്ച് കൈയ്യില്‍ ബാക്കിയുള്ള പണം കൊണ്ട് ശേഷകാലം വരുമാനം ലഭിക്കുന്നതിനായി എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഫിറോസ് ഗള്‍ഫ് വിട്ടത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കേരളം വിട്ട ഫിറോസിന് കേരളത്തിലെ സംരംഭക അന്തരീക്ഷത്തെ പറ്റി വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, സ്വന്തമായി ബിസിനസ് ചെയ്തുള്ള പരിചയവും ഇല്ലായിരുന്നു. നാട്ടിലെ സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വസ്ത്രങ്ങള്‍ ഹോള്‍സെയില്‍ ആയെടുത്ത് ചില്ലറ വില്പന നടത്തുന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.എന്നാല്‍ വസ്ത്ര വിപണിയുടെ നിലവിലെ ട്രെന്‍ഡ്, ഫാഷന്‍, ആളുകളുടെ പര്‍ച്ചേസിംഗ് പവര്‍ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ ആരംഭിച്ച ആ സംരംഭത്തിന് അല്പായുസ്സായിരുന്നു ഫലം.
ഒരു മികച്ച ടെക്സ്റ്റൈല്‍ ഷോപ്പ് എന്ന നിലയില്‍ പേരെടുക്കാന്‍ കഴിയാതിരുന്ന ആ സംരംഭം മാസങ്ങള്‍ക്കുള്ളില്‍ തന്നെ അടച്ചു പൂട്ടേണ്ടതായി വന്നു. മാത്രമല്ല, കട ബാധ്യത മൂലം, ഒരിക്കല്‍ ഉപേക്ഷിച്ച ഗള്‍ഫ് ജോലിയില്‍ തന്നെ അഭയം പ്രാപിക്കേണ്ട അവസ്ഥയും ഫിറോസിനുണ്ടായി. ഫിറോസ് എന്ന ഈ സംരംഭകന്റെ ജീവിതം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് കേരളത്തിലെ പരാജയപ്പെട്ടു പോകുന്ന സംരംഭകരുടെ ഒരു നേര്‍ചിത്രമാണ് അദ്ദേഹം. ഫിറോസിന്റെ പരാജയം വിശകലനം ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പരാജയപ്പെടുന്നത് എന്നതിന് വ്യക്തമായ കാരണാണ് ലഭിക്കും
പ്രൊഫഷണലിസത്തിന്റെ അപര്യാപ്തത
എന്തുകൊണ്ട് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പരാജയപ്പെടുന്നു എന്ന ചോദ്യത്തിനുള്ള പ്രധാന ഉത്തരം പ്രൊഫഷണലിസത്തിന്റെ പോരായ്മ എന്നതാണ്. എളുപ്പമാര്‍ഗത്തില്‍ വരുമാനം ഉണ്ടാക്കുന്നതിനുള്ള ഒരു വഴിയായി മാത്രമേ നല്ലൊരുവിഭാഗം ജനങ്ങള്‍ ബിസിനസിനെ കാണുന്നുള്ളൂ. എന്ത് ബിസിനസ് ചെയ്യണമെന്നോ? അത് എങ്ങനെ ചെയ്യണമെന്നോ, വ്യക്തമായ ഒരു ധാരണ കൂടാതെയാണ് മിക്ക സംരംഭകരും ബിസിനസിലേക്ക് ഇറങ്ങുന്നത്. വേറെ ചിലരാകട്ടെ, മറ്റൊരാള്‍ക്ക് കീഴില്‍ ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ബിസിനസിലേക്ക് കടക്കുന്നത്. ഇത് രണ്ടും ആകരുത് ഒരു യഥാര്‍ത്ഥ സംരംഭകന്റെ മാനദണ്ഡം. തികഞ്ഞ പ്രൊഫഷണലിസത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ബിസിനസില്‍ ശോഭിക്കാന്‍ കഴിയൂ.
മലയാളികള്‍ പരാജയം സമ്മതിക്കുന്ന പല ബിസിനസുകളിലും മാര്‍വാടികളും തമിഴരും വിജയിക്കുന്നതിന്റെ പ്രധാനകാരണമാണ് ഈ പ്രൊഫഷണലിസം. നിശിത കാലയളവിനുള്ളില്‍ ബിസിനസില്‍ കൈവരിക്കേണ്ട നേട്ടങ്ങളെപ്പറ്റിയുള്ള ഒരു രൂപരേഖ തുടക്കം മുതല്‍ വികസിപ്പിച്ചെടുത്തശേഷം മാത്രമായിരിക്കണം ബിസിനസില്‍ പണം നിക്ഷേപിക്കുവാന്‍. പ്രവര്‍ത്തനം തുടങ്ങിയശേഷം ഒരിക്കല്‍ പോലും നെഗറ്റിവ് ചിന്താഗതി മനസ്സില്‍ സൂക്ഷിക്കരുത്.
വിജയമാതൃകകള്‍ പിന്തുടരുന്നതിലെ പരാജയം
ബിസിനസ് ആശയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും ഏറ്റവും ചെറിയ സമയത്തിനുള്ളില്‍ മികച്ച വരുമാനം നേടിയ ബിസിനസുകള്‍ തെരെഞ്ഞെടുക്കാനാണ് ആളുകള്‍ ശ്രമിക്കുക. എന്നാല്‍ ആ മാതൃക തനിക്കും, തന്റെ സമ്പദ്വ്യവസ്ഥക്കും ചേര്‍ന്നതാണോ എന്ന് ആദ്യം തിരിച്ചറിയണം. പലപ്പോഴും ന്യൂജെന്‍ സംരംഭകര്‍ക്ക് പരാജയം നേരിടുന്നത് ഇവിടെയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് അതേ പോലെ പിന്തുടരാന് ശ്രമിക്കുന്നു. ഈ രീതിക്ക് ആദ്യം വ്യത്യസം വരുത്തണം. തന്റെ കഴിവിനും, പ്രൊഫഷണല്‍ സ്കില്ലിനും അറിവിനും അനുസരിച്ചുള്ള ബിസിനസ് ആശയങ്ങള്‍ വേണം പ്രാവര്‍ത്തികമാക്കാന്‍.അല്ലാത്തപക്ഷം പരാജയം രുചിക്കുന്നത് വളരെ വേഗത്തിലായിരിക്കും.
ആശയങ്ങള്‍ പഠിച്ചശേഷം മാത്രം നിക്ഷേപം
നമ്മുടെ കൈവശമുള്ള ആശയങ്ങള്‍ മികച്ചതായിരിക്കാം. എന്നാല്‍ ഈ സമൂഹത്തിന് നമ്മള് മുന്നോട്ട് വയ്ക്കുന്ന സെവന്നഗലും ഉല്‍പ്പന്നങ്ങളും എത്രമാത്രം അനിവാര്യമാണ് എന്നത് സംബന്ധിച്ച് വിശദമായ ഒരു വിപണി പഠനം നടത്തുക. വിപണിയിലെ വിവിധ പ്രായപരിധിയില്‍പെട്ട ആളുകള്‍ക്കിടയില്‍ നാം വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നത്തോടുള്ള സമീപനം എന്താണ്, അവരുടെ പര്‍ച്ചേസിംഗ് പവര്‍ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുക. ശേഷം സംതൃപതമായ ഉത്തരമാണ് ലഭിക്കുന്നത് എങ്കില്‍ മാത്രം നിക്ഷേപം മാടത്തുക. എല്ലാവരും തുടങ്ങുന്നു എന്ന് കരുതി നിങ്ങളും ബിസിനസ് തുടങ്ങിയേക്കാം എന്ന് ചിന്തിക്കുന്നത് അപകടകരമാണ്.
സാമ്പത്തിക അച്ചടക്കമില്ലായ്മ
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പരാജയപ്പെട്ട 45 ശതമാനം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെയും പ്രധാന പരാജയ കാരണം സാമ്പത്തികമായ അച്ചടക്കമില്ലായ്മയാണ്. തുടക്കത്തില്‍ മ്പളയിടങ്ങളില് നിന്നായി കണ്ടെത്തിയ അത്യാവശ്യം നല്ല ഒരു നിക്ഷേപത്തുക കൈവശമുണ്ടായിരിക്കും. തുടക്കം മുതല്‍ക്ക് ലാഭം ലഭിക്കും എന്ന പ്രതീക്ഷയില്‍ ഈ തുക മുഴുവനും വിവിധ പദ്ധതികളില്‍ നിക്ഷേപിക്കും. ബിസിനസില്‍ നിന്നുണ്ടാകുന്ന വരുമാനം തിരികെ ബിസിനസില്‍ നിക്ഷേപിക്കാന്‍ മലയാളികള്‍ വിമുഖരാണ്. ലഭിക്കുന്നലാഭം മുഴുവനും ചെലവഴിക്കുക, ഒരേ സമയം വ്യത്യസ്തങ്ങളായ ബിസിനസുകളില്‍ നിക്ഷേപം കൊണ്ടുവരിക, ബജറ്റ് അനുസരിച്ചുള്ള സാമ്പത്തിക ക്രമീകരണന്നാണ് നടത്താതിരിക്കുക തുടങ്ങിയ നടപടികള്‍ പലപ്പോഴും ബിസിനസ് പരാജയത്തിന് കാരണമാകുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക് ക്രമേണ പ്രവര്‍ത്തന മൂലധനം ഇല്ലാതാകുകയും നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.
മണി മാനേജ്മെന്റിലെ പരാജയം
പല മേഖലകളില്‍ ഒരുമിച്ചു നിക്ഷെ3പം നടത്തുന്നത് പോലെ തന്നെ അപകടകരമാണ് മണി മാനേജ്മെന്റിലെ പരാജയം. ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ഏതിനൊക്കെ എത്രയൊക്കെ പണം ചെലവിടണം എന്നതിനെയൊക്കെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടും മുന്‍ഗണനാക്രമങ്ങളും വേണം. സ്ഥാപനത്തിനകത്ത് പണം എങ്ങനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. അനാവശ്യമായ പര്‍ച്ചേസ്, അമിതമായ തൊഴിലാളികളുടെ എണ്ണം, ഇന്‍ഡസ്ട്രി സ്റ്റാന്ഡേര്ഡിനും മുകളിലായി നല്കുന്ന ശമ്പളം, തുടങ്ങിയവയെല്ലാം തന്നെ അമിതമായ ചെലവുകളാണ് ഉണ്ടാക്കുന്നത്. അത് പോലെ തന്നെ പ്രധാനമാണ് വൈദ്യുതി, വാടക, മറ്റ് ചെലവുകള്‍ എന്നിവ. സംരംഭം തുടങ്ങുമ്പോള്‍ തന്നെ ചുരുങ്ങിയത് ആറുമാസത്തേക്കെങ്കിലും ഇത്തരം ചെലവുകള്‍ നടത്തുന്നതിനാവശ്യമായ പണം കണ്ടെത്തി വക്കണം. സംരംഭം തുടങ്ങി അടുത്ത മാസം മുതല്‍ വരുമാനം ലഭിച്ചു തുടങ്ങും എന്ന ചിന്താഗതി വേണ്ട.
ബിസിനസ് നയങ്ങളെപ്പറ്റി ധാരണയുണ്ടാകണം
ബിസിനസ് നയങ്ങളെപ്പറ്റി വ്യക്തമായ ധാരണയോടു കൂടിവേണം നിക്ഷേപം നടത്തുവാന്‍. വിവിധ ലൈസസന്‍സ് സംവിധാനഗേല്‍, അവയുടെ നിയമവശങ്ങള്‍, നികുതി വ്യവസ്ഥകള്‍, ഏതെല്ലാം ഡിപ്പാര്‍ട്ട്മെന്റുകളുമായി ബന്ധപ്പെടേണ്ടതുണ്ട് തുടങ്ങി എല്ലാവിധ കാര്യങ്ങളും മുന്‍കൂട്ടി ചോദിച്ചറിയണം. എല്ലാ കാര്യങ്ങളും തൊഴിലാളികള്‍ നോക്കിക്കൊള്ളും എന്ന ചിന്താഗതി ദോഷം ചെയ്യും. നിക്ഷേപം നടത്തി , ഭൂമി വാങ്ങി കെട്ടിടം വച്ച് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പായി അനുമതി നിഷേധിക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും നിരവധിയുള്ള നാടാണ് ഇതെന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക. അതിനാല്‍ തന്നെ സര്‍ക്കാര്‍ രേഖകള്‍ എല്ലാം അതിന്റേതായ മുറക്ക് കൃത്യതയോടെ സൂക്ഷിക്കുക. അവസാന നിമിഷത്തില്‍ രേഖകള്‍ സംബന്ധിച്ച തുറക്കാം ഒഴിവാക്കുന്നതിനായി ഒരു കണ്‍സള്‍ട്ടന്റിന്റെ സഹായം തേടുന്നത് അനുയോജ്യമാണ്. ഇത് കെട്ടിടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏത് ഉല്പ്പന്നമായാലും സേവനമായാലും വിപണി കീഴടക്കുന്നതിനു മുന്‍പായി ഒരു കണ്‍സള്‍ട്ടന്റിന്റെ പിന്തുണയുള്ളത് നല്ലതാണ്.
മാര്‍ക്കറ്റിംഗിലും ബ്രാന്‍ഡിംഗിലും ശ്രദ്ധയാവാം
ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക സീദ്ധ പതിപ്പിക്കണം. എന്താണ് നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ യുഎസ്പി എന്ന് മനസിലാക്കി അത് മാര്‍ക്കറ്റ് ചെയ്യണം. മികസിച്ച ഉപഭോക്തൃ നിര നേടാന്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ഉല്‍പ്പന്നത്തിന് തിരിഞ്ഞു നോക്കേണ്ടി വരില്ല. പാക്കേജിംഗ്, ബ്രാന്‍ഡിംഗ് തുടങ്ങിയ ഘടകങ്ങള്‍ പ്രധാനമാണ്. ആവശ്യമെങ്കില്‍ ബജറ്റ് അനുസരിച്ച് പരസ്യങ്ങളില്‍ സജീവമാകാനും മടിക്കേണ്ട കാര്യമില്ല. ബ്രാന്‍ഡ് വിജയമാണ് ഒരു ഉല്‍പ്പന്നത്തിന്റെ യഥാര്‍ത്ഥ വിജയം. അതിനാല്‍ അത് മനസിലാക്കിയശേഷം മാത്രം നിക്ഷേപത്തുക വിനിയോഗിക്കുക. ഉല്‍പ്പാദിപ്പിക്കപ്പെട്ട വസ്തുക്കള്‍ വിപണിയില്‍ എത്താത്ത അവസ്ഥ ഒരിക്കലും ശോചനീയമല്ല.
കുറഞ്ഞ ലാഭം, കൂടുതല്‍ വില്‍പ്പന അതാവണം ചിന്ത
വളരെ ചുരുങ്ങിയ നിക്ഷേപത്തില്‍ നിന്നും വന്‍ലാഭം നേടണം എന്ന ആഗ്രഹം നന്നല്ല. കുറഞ്ഞ ലാഭം മനസില്‍ വെച്ചുകൊണ്ട് കൂടുതല്‍ വില്‍പ്പന വളര്‍ത്താന്‍ ശ്രമിക്കണം. എന്നാല്‍ ഇത്തത്തിലുള്ള ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്നവര്‍ വളരെ കുറവാണ്. ഈ ഒരു തലത്തിലേക്ക് വളരാന്‍ കഴിഞ്ഞാല്‍ തന്നെ പരാജയസാധ്യത 20 ശതമാനത്തോളം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: