വാഷിങ്ടണ്‍: അമേരിക്കയിലെ ഫെഡെക്സ് വെടിവെപ്പില്‍ ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇന്ത്യ. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലുപേര്‍ സിഖ് വംശജരാണ്. 48 വയസ്സുകാരി അമര്‍ജിത് കൗര്‍ സെഖോണ്‍, ജസ്വീന്ദര് കൗര്‍, അമര്‍ജിത് കൗര്‍ ജോഹര്‍ എന്നീ സത്രീകളും ജസ്വീന്ദര് സിങ് എന്നയാളുമാണ് കൊല്ലപ്പെട്ടത്.
പത്തൊമ്പതുകാരനായ ബ്രാന്‍ഡണ്‍ സ്കോട്ട് ഹോള്‍ എന്നയാളാണ വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പിനുശേഷം ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചു. ആക്രമണത്തില്‍ ഹര്‍പ്രീത് സിങ് ഗില്‍ എന്ന മധ്യവയസ്കന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സംഭവത്തില്‍ അമേരിക്കയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.
വെടിവെപ്പില്‍ ദാരുണാന്ത്യം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കും. അമേരിക്കയിലെ സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. ചിക്കാഗോയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം മരണപ്പെ ട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് വേണ്ട നടപടികളും സഹായവും നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും, സിഖ് നേതാക്കളും ഫെഡെക്സ് മാനേജ്മെന്റും ഖേദം പ്രകടിപ്പിച്ചു. പ്രാദേശിക സുരക്ഷാസേനയില്‍ നിന്ന് സംഭവത്തിന്റെ വിശദവിവരം ലഭിച്ചതായും, മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ബൈഡന് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: