ന്യൂദല്‍ഹി: കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ സൗകര്യങ്ങളും മറ്റും നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ധന്. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്നലെ ദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ (എയിംസ്) സന്ദര്‍ശനം നടത്തി. വരും ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള മറ്റ് ആശുപത്രികളും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് ബാധിതര്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. അതിനാലാണ് സാഹചര്യം വിലയിരുത്താനും തുടര്‍ നപടികള്‍ ചര്‍ച്ച ചെയ്യാനുമായി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് എയിംസ് സന്ദര്‍ശനത്തിനിടെ വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ഷ വര്ധന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊവിഡിനെതിരായ പോരാട്ടം തുടങ്ങുമ്പോള്‍ എല്ലാ മേഖലയിലും ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ നിന്ന് പലതും പഠിച്ചു. വെല്ലുവിളികളെ അവസരമാക്കി മാറ്റി, അദ്ദേഹം പറഞ്ഞു.
ഇരുപത് ലക്ഷത്തിലധികം കിടക്കകളാണ് രാജ്യത്തുള്ളത്. പിപിഇ കിറ്റുകള്‍, എന്‍ 95 മാസ്ക്കുകള്‍, ലബോറട്ടറികള്‍, പരിശോധനാ കിറ്റുകള്‍, വാക്സിനേഷന് എന്നിവയെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തയാറാക്കിയെടുത്തതാണ്. കൊവിഡിനെതിരെ പോരാടാന്‍ പ്രത്യേക മാര്‍ഗം തന്നെ ഡോക്ടര്‍മാര്‍ സ്വീകരിച്ചു. ഇനിയെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്, ഹര്‍ഷ വര്ധന് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ എയിംസ് സന്ദര്‍ശിച്ചു. നിലവിലെ സാഹചര്യങ്ങളെല്ലാം ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ചില വിവരങ്ങള്‍ അവരുമായും പങ്കുവച്ചു. കൊവിഡിനെതിരെ പോരാടുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നതില്‍ ചര്‍ച്ചയും നടത്തി, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: