ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ ഒരിടവേളക്ക് ശേഷം വീണ്ടും ആഫ്രിക്കന്‍ പായല്‍ പടരുന്നു. തടാകത്തിലെ വെള്ളം മലിനമാക്കുന്ന അപകടകാരിയായ ആഫ്രിക്കന്‍ പായലിന്റെ വളര്‍ച്ച രൂക്ഷമായിട്ടും സര്‍ക്കാരും വാട്ടര്‍അതോറിറ്റിയും നിസംഗതയില്‍.
ഒന്നര വര്‍ഷം മുന്‍പാണ് പായലിന്റെ സാന്നിധ്യം തടാകത്തില്‍ കണ്ടുതുടങ്ങിയത്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ സംഘടനകള്‍ കായല്‍ സംരക്ഷണം ഏറ്റെടുത്തു. പരന്നുകിടന്ന പായല്‍ നാട്ടുകാര്‍ വാരി മാറ്റി. കായല്‍കൂട്ടായ്മ എന്ന പേരില്‍ നാട്ടുകാര്‍ സംഘടിച്ച് ദിവസങ്ങളോളം കഠിനപ്രയത്നം ചെയ്താണ് പായല്‍ ഒരുപരിധിവരെ മാറ്റിയത്. പായലിന്റെ സാന്നിധ്യം തടാകത്തില്‍ കണ്ട് തുടങ്ങിയപ്പോള്‍ തന്നെ അത് നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായായിരുന്നു. ആഫ്രിക്കന്‍ പായല്‍ തടാകത്തില്‍ കിളിച്ചു വളരുന്നത് അറിഞ്ഞ് കോഴിക്കോട് കേന്ദ്രമായുള്ള സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് അധികൃതര്‍ ശാസ്താംകോട്ടയിലെത്തി.
നാട്ടുകാരുടെ സഹകരണത്തോടെ പായല്‍ നീക്കാനുള്ള നടപടി തുടങ്ങി. പുത്തൂര്‍ ഗ്രാമീണ്ഗ്രന്ഥശാലയുമായി സഹകരിച്ച് ഒരു പ്രോജക്ട്ട്ട് നല്കാന് കായല്‍കൂട്ടായ്മ ഭാരവാഹികള്‍ക്ക് നിര്‍ദേശവും നല്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പ്രതിദിനം 280 ലക്ഷം ലിറ്റര്‍ ജലം വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പമ്പ് ചെയ്തെടുക്കുന്ന തടാകത്തെ അശുദ്ധമാക്കുന്ന തരത്തില്‍ പായലിന്റെ വളര്‍ച്ച ദിനംപ്രതി കൂടുകയാണ്.
തുടക്കത്തില്‍ നാമമാത്രമായിരുന്ന ആഫ്രിക്കന്‍ പായലിന്റെ സാന്നിധ്യം ഇപ്പോള്‍ തടാകത്തിലെ മിക്ക സ്ഥലത്തും വ്യാപിച്ചുകഴിഞ്ഞു. രാജഗിരി കുതിര മുനമ്പ്, ആദിക്കാട് പമ്പ്ഹൗസ് തുടങ്ങിയ പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീളത്തിലാണ് പായല്‍ വ്യാപിച്ചിരിക്കുന്നത്.
ദുരിതം കൂട്ടിയതിന് പിന്നില്‍ വലയിടല്‍?
മീന്‍പിടുത്തക്കാര്‍ മറ്റ് ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന വലകള്‍ പായലിന്റെ അംശത്തോടെ ശാസ്താംകോട്ട തടാകത്തില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിച്ചതു വഴിയാണ് പായലിന്റെ സാന്നിധ്യമുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാന തണ്ണീര്‍തട അതോറിറ്റിക്ക് കായല്‍ സംരക്ഷണ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ഇത് സംബന്ധിച്ച്പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തടാകത്തിലെ പായല്‍ നീക്കം ചെയ്യാനുള്ള കരാറിന്റെ വിജ്ഞാപനം ഇറക്കിയെങ്കിലും ഇതിനുള്ള തുക അപര്യാപ്തമായതിനാല്‍ കരാര്‍ ആരുമെടുത്തില്ല.
പ്രതിരോധമാര്‍ഗങ്ങള്‍
തടാകത്തിനെ കാര്‍ന്ന് തിന്നുന്ന ആഫ്രിക്കന്‍ പായലിനെ പണ്ടൂര്‍ണ്ണമായും നീക്കം ചെയ്യുകയാണ് പരമപ്രധാനം. കൂടാതെ തടാകതീരത്ത് സംരക്ഷണഭിത്തി നിര്‍മാണം, മരങ്ങള്‍ നട്ട് പണ്ടിടിപ്പിക്കല്, ചാലുകള്‍ നിര്‍മിച്ച് മണ്ണൊലിപ്പ് തടയല്‍, വ്യഷ്ടിപ്രദേശങ്ങളിലെ കുത്തിറക്കങ്ങളില് പാറകെട്ടി ഇരുമ്പ് വല കൊണ്ട് മൂടുക, മഴക്കുഴികളുടെ നിര്‍മാണം.
കേന്ദ്രത്തിന്റെ ബൃഹദ് പദ്ധതി വരുന്നു
കായല്‍സംരക്ഷണത്തിന് പുതുജീവന്‍ നല്കുന്ന ഒരു ബൃഹദ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയതായി സൂചന. സംസ്ഥാന മണ്ണ് സംരക്ഷണ ഡയറക്ടറേറ്റിന് മാസങ്ങള്‍ക്ക് മുന്‍പ് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. 40 കോടി രൂപയുടെ പദ്ധതിയാണിത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ പദ്ധതി നടപ്പാക്കുന്നത് ശീതികരിച്ച മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: