കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ബലിയാടാക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസ്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാകരനെപ്പോലെ ധീരനായ നേതാവിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തിയ കേസിലെ സത്യം ഒരിക്കല്‍ പുറത്തുവരും. ഏതു രീതിയിലും കരുണാകരന് നീതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാന്‍ പലരും ശ്രമിച്ചു. രമണ്‍ ശ്രീവാസ്തവയെ കരുണാകരന് സസ്പെന്‍ഡ് ചെയ്തത് ദുഃഖത്തോടെയാണ്. ഇതിലെ രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. സിബിഐ അന്വേഷണത്തില്‍ ഗൂഢാലോചനയുടെ വിവരങ്ങളും പുറത്തുവരുമെന്ന് കെ.വി. തോമസ് പറഞ്ഞു.
ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. കരുണാകരന്റെ സന്തത സഹചാരിയായിരുന്ന കെവി തോമസിന്റെ ആരോപണം വിരള് ചൂണ്ടുന്നത് കരുണാകരന്റെ എതിരാളി ആയിരുന്ന ഉമ്മന്ചാണ്ടിയിലേയ്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: