മൂന്നാര്‍: പെട്ടിമുടി ദുരന്ത സമയത്ത് ജനശ്രദ്ധ ആകര്‍ഷിച്ച കുവിയെ ബന്ധുവിന് കൈമാറി തടിയൂരി പോലീസ്. കഴിവുള്ള നായയെ പോലീസിലെടുക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. എട്ട് മാസം മുമ്പുണ്ടായ ദുരന്തത്തില്‍ തന്റെ കളിക്കൂട്ടുകാരിയായിരുന്ന കുരുന്നിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കുവിയെന്ന നായ വാര്‍ത്തകളില്‍ നിറയുന്നത്. പിന്നാലെ ഭക്ഷണം കഴിക്കാതെ അലഞ്ഞ് തിരിഞ്ഞ് നടന്ന നായയെ സ്ഥലത്തെത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍ അജിത് മാധവന്‍ ഇടപെട്ട് ഇണക്കിയെടുക്കുകയായിരുന്നു.
ദുരന്തത്തിന് ശേഷമുള്ള നാലാം ദിനം പരിശോധനക്കിടെയാണ് പുഴയില്‍ വീണ് കിടന്ന മരത്തില്‍ തങ്ങിയ നിലയില്‍ രണ്ട് വയസ്സുകാരി ധനുഷ്‌കയുടെ മൃതദേഹം ലഭിച്ചത്. കുവി സ്ഥലത്ത് നിന്ന് മാറാതെ കുരച്ചുകൊണ്ട് നിന്നതാണ് ഇവിടെ പരിശോധിക്കാന്‍ കാരണമായത്. ആ കുരയാണ് നാടറിയുന്ന നായയാക്കി കുവിയെ മാറ്റിയത്. പിന്നീട് ആഗസ്റ്റ് 20ന് ഇടുക്കി ഡോഗ് സ്‌ക്വാഡ് നായയെ ഏറ്റെടുത്തു. നായയെ സ്‌ക്വാഡിലെടുത്തുവെന്ന വാര്‍ത്ത വരെ ഇതിനിടെ പരന്നെങ്കിലും പുറത്ത് കൂട്ടിലടക്കുകയാണ് ഉണ്ടായത്.
ദുരന്തത്തിന് ശേഷം ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന പളനിയമ്മയ്‌ക്ക് കുവിയെ മറക്കാനാവാതെ വന്നതോടെ പോലീസ് സേനയുടെ ഭാഗമായ കുവിയെ കിട്ടുവാന്‍ ഡിജിപിയോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി പോലീസ് നായ പരിശീലന സംഘത്തിന്റെ ഭാഗമായ എസ്‌ഐ റോയ് തോമസ്, പരിശീലകരായ സജി ജോണ്‍, രാജീവ്, ജെറി ജോണ്‍, ഡയസ് പി. ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കുവിയെ മൂന്നാറിലെത്തിച്ചത്.
മൂന്നാര്‍ ഡിവൈഎസ്പി ആര്‍. സുരേഷ് ആയിരുന്നു കുവിയെ കൈമാറിയത്. കുവിയുടെ ഉടമസ്ഥരെല്ലാം മരിച്ചെങ്കിലും ഇവരുടെ അകന്ന ബന്ധുവായ സ്ത്രീക്ക് കുവിയെ കൈമാറിയതിനെതിരേയും രോഷം പുകയുന്നുണ്ട്. ഇത്രയും കാലം ഇല്ലാതിരുന്ന ഉടമസ്ഥ എവിടെ നിന്നും എത്തി എന്നതും വ്യക്തമല്ല. മികച്ചരീതിയിൽ ട്രെയിനിങ് ലഭിച്ച നായ ഇത്തവണ മത്സരത്തിൽ പങ്കെടുക്കാൻ ഇരിക്കെയാണ് ആർക്കോവേണ്ടി എന്നത് പോലെ ഒരു നാടകം അരങ്ങേറിയത്… പത്ര ദൃശ്യ മാധ്യമങ്ങളിൽ നായക്ക് ലഭിച്ച പ്രാധാന്യമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്നാണ് ഉയരുന്ന ആരോപണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: